രജതശോഭയോടെ രത്‌നവിലാസ്

Posted on: July 28, 2018

ആയുർവേദ മരുന്നുവിപണിയിൽ രത്‌നവിലാസിന് മുഖവുരവേണ്ട. മരുന്നുകളുടെ ഗുണമേന്മയും സവിശേഷമായ ഉത്പന്നങ്ങളും വഴി നേടിയ വിശ്വാസ്യതയാണ് രത്‌നവിലാസ് ആയുർവേദ ഔഷധശാലയെ ശ്രദ്ധേയമാക്കുന്നത്. ഔഷധ നിർമാണരംഗത്ത് 32 വർഷത്തെ പാരമ്പര്യമുള്ള രത്‌നവിലാസ് ആയുർവേദ ആശുപത്രികൾ ഉൾപ്പടെ വലിയ വളർച്ചയാണ് ലക്ഷ്യമിടുന്നത്. ആയുർവേദ മരുന്നു നിർമാണത്തിലേക്ക് സ്ത്രീകൾ കടന്നുവരാൻ മടിച്ചിരുന്ന കാലഘട്ടത്തിലാണ് ആനി ജോൺ രത്‌നവിലാസിന് തുടക്കം കുറിച്ചത്.

തുടക്കം

പ്രസവശുശ്രൂഷയ്ക്കുള്ള തെങ്ങിൻപൂക്കുല ലേഹ്യം ഉണ്ടാക്കിയാണ് മരുന്നു നിർമാണം തുടങ്ങുന്നത്. പണ്ടുകാലത്ത് വീടുകളിൽ ഉണ്ടാക്കിയിരുന്ന ലേഹ്യം,  വ്യാപാര അടിസ്ഥാനത്തിൽ മാർക്കറ്റിൽ ലഭ്യമല്ലായിരുന്നു. പഴയതലമുറയിൽപ്പെട്ടവർക്ക് മാത്രമാണ് ഈ മരുന്നിന്റെ കൂട്ട് കൃത്യമായി അറിയാമായിരുന്നത്. ആ സാഹചര്യത്തിലാണ് ഈ മരുന്ന് നിർമ്മിച്ച് വിപണികളിൽ എത്തിച്ചാലോ എന്ന ഭർത്താവിന്റെ ചോദ്യം ശരി വച്ച് 1987 ൽ സ്വന്തം സംരംഭം ആരംഭിക്കുന്നത്. തുടർന്ന് ടോണിക്, തലമുടി കൊഴിയുന്നതിനും താരനുമുള്ള വെളിച്ചെണ്ണ തുടങ്ങിയവ വിപണിയിൽ എത്തിച്ചു.

ഗുണമേന്മയിൽ വിട്ടുവീഴ്ചയില്ലാതെയുള്ള നിർമാണരീതി രത്‌നവിലാസ് ഉത്പന്നങ്ങളെ ഉപഭോക്താക്കൾക്കിടയിൽ പ്രിയങ്കരമാക്കി. ആയുർവേദ ഔഷധവിപണിയിൽ മത്സരം കടുത്തതാണെങ്കിലും രത്‌നവിലാസിന്റെ ഉത്പന്നങ്ങൾക്ക് ഡിമാൻഡ് കുറയുന്നില്ല. ഉത്പന്നങ്ങൾ ഉപയോഗിച്ചവർ കമ്പനിയുടെ കസ്റ്റമർകെയർ നമ്പരിലേക്ക് വിളിച്ച് നന്ദി പറയുന്നത് വലിയ പ്രോത്സാഹനമാകാറുണ്ടെന്ന് ആനി ജോൺ പറഞ്ഞു.

പ്രതിസന്ധികൾ

വളരെയധികം പ്രതിസന്ധികൾ തരണം ചെയ്താണ് ആനി ജോൺ എന്ന വീട്ടമ്മ രത്‌നവിലാസിനെ വളർത്തിയത്. വീട്ടുകാർ ബിസിനസുകാരായിരുന്നെങ്കിലും തനിക്ക് ബിസിനസിനെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നുവെന്ന് ആനി ജോൺ പറയുന്നു. അഞ്ചു വർഷംകൊണ്ട് ബിസിനസിന്റെ ബാലപാഠങ്ങൾ പഠിച്ചു. മട്ടാഞ്ചേരിയിലായിരുന്നു രത്‌നവിലാസിന്റെ ആദ്യത്തെ കമ്പനി. ആരംഭകാലത്ത് യൂണിയൻ പ്രശ്‌നങ്ങളും പരിചയസമ്പന്നരായ ജോലിക്കാരുടെ അഭാവവും വല്ലാതെ വലച്ചു.

ഭർത്താവിന്റെ പൂർണ്ണമായ പിന്തുണകൊണ്ടാണ് ബിസിനസിൽ വളർച്ചനേടാൻ കഴിഞ്ഞതെന്ന് ആനി ഓർമ്മിക്കുന്നു. ഭർത്താവും ബിസിനസുകാരനായിരുന്നു. അകാലത്തിലുണ്ടായ ജോണിന്റെ വേർപാട് തെല്ലൊന്നു തളർത്തിയെങ്കിലും അദേഹത്തിന്റെ സ്വപ്‌നം സാക്ഷാത്കരിക്കാൻ ആത്മവിശ്വാസത്തോടെ പിടിച്ചുനിന്നു. ഇന്ന് മക്കളായ ഹേമ പി. ജോൺ, അജി പി. ജോൺ, സജി പി. ജോൺ എന്നിവർ ബിസിനസിൽ അമ്മയ്ക്ക് ഒപ്പമുണ്ട്.

വളർച്ചയുടെ കാലഘട്ടം

തെങ്ങിൻ പൂക്കുല ലേഹ്യം, മുഖത്ത് പുരട്ടുന്ന കുങ്കുമാദി ലേഹ്യം, വാതരോഗങ്ങൾക്കായുള്ള ഞരമ്പ് എണ്ണ തുടങ്ങിയവയാണ് രത്‌നവിലാസിന്റെ ഫാസ്റ്റ് മൂവ്‌മെന്റായിട്ടുള്ള മരുന്നുകൾ. ഏറെ പ്രിയം നേടിയ പ്രസവശുശ്രൂഷയ്ക്കുള്ള മറ്റൊരു മരുന്നാണ് ചുവന്നുള്ളി ലേഹ്യം. ലേഹ്യത്തിന്റെ ഗുണമേന്മ തിരിച്ചറിഞ്ഞ് മലേഷ്യയിൽ നിന്ന് ഒരാൾ എക്‌സ്‌പോർട്ട് ചെയ്യാൻ മുന്നോട്ട് വന്നു. ഒനിയൻ പ്ലസ് എന്ന പേരിൽ വിദേശമാർക്കറ്റുകളിൽ ഈ ലേഹ്യം ലഭ്യമാണ്. മർച്ചന്റ് എക്‌സ്‌പോർട്ടേഴ്‌സ് വഴി ഇടക്കൊച്ചി കുമ്പളത്തെ പ്ലാന്റിൽ നിർമ്മിക്കുന്ന മരുന്നുകൾ വിദേശവിപണിയിൽ എത്തുന്നുണ്ട്.

അസംസ്‌കൃതവസ്തുക്കളുടെ വില ഉയരുമ്പോഴും ഗുണമേന്മ കുറയാതെ മരുന്നുകൾ പുറത്തിറക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നതെന്ന് ആനി ജോൺ പറഞ്ഞു. കേവലം ഒരു ബിസിനസ് എന്നതിലുപരി സേവനമനോഭാവത്തോടെയാണ് ഔഷധനിർമാണത്തെ സമീപിക്കുന്നത്. മരുന്ന് ഉപയോഗിക്കുന്നവർക്കും നിർമാണത്തിന് ഒപ്പം നിൽക്കുന്ന ജീവനക്കാർക്കും ഗുണമുണ്ടാകണമെന്നാണ് ഈ സംരംഭകയുടെ അഭിപ്രായം.

കേരളത്തിൽ ഡിസ്ട്രിബ്യൂട്ടർമാർ വഴിയാണ് രത്‌നവിലാസ് ഉത്പന്നങ്ങളുടെ വില്പന. ഓരോ ജില്ലയിലും അഞ്ച് ഡിസ്ട്രിബ്യൂട്ടർമാർ വീതമുണ്ട്. കമ്പനി നേരിട്ട് റീട്ടെയ്ൽ വില്പനയില്ല. എങ്കിലും കേരള വിപണിയിൽ രത്‌നവിലാസ് ഉത്പന്നങ്ങൾക്ക് ശക്തമായ സാന്നിധ്യമുണ്ട്.

ഭാവി വളർച്ച

നിരവധി പുതിയ ഉത്പന്നങ്ങൾക്കുള്ള പേറ്റന്റുകൾ രത്‌നവിലാസിന്റെ കൈവശമുണ്ട്. എങ്കിലും വിപണി സാഹചര്യങ്ങൾ കണക്കിലെടുത്തു മാത്രമേ പുതിയ ഉത്പന്നങ്ങൾ അവതരിപ്പിക്കുകയുള്ളു. പുതിയ ഉത്പന്നങ്ങൾ അവതരിപ്പിച്ചാൽ തൊട്ടുപിന്നാലെ വരുന്ന ഗുണനിലവാരമില്ലാത്ത അനുകരണങ്ങളാണ് ഏറ്റവും വലിയ ഭീഷണിയെന്ന് ആനി ജോൺ ചൂണ്ടിക്കാട്ടി. ഈ രംഗത്ത് വ്യാജ ഉത്പന്നങ്ങളും കുറവല്ല. ഗുണമേന്മയുള്ള ഉത്പന്നങ്ങളുടെ സത്‌പേരിന് ഇക്കൂട്ടർ കളങ്കം വരുത്തുമെന്നും അവർ പറഞ്ഞു. ആയുർവേദ ഔഷധ വിപണിയിൽ രത്‌നവിലാസിന്റെ പെരുമ നിലനിർത്താനുതകുന്ന നിരവധി വികസന ലക്ഷ്യങ്ങൾ ഈ സംരംഭകയുടെ മനസിലുണ്ട്.

അജീന മോഹൻ