മാൾ മാൻ ഓഫ് കേരള

Posted on: April 21, 2018

ഒബ്‌റോൺ ഗ്രൂപ്പ് ചെയർമാൻ എം. എ. മുഹമ്മദ്

പത്ത് വർഷം മുമ്പുവരെ പ്രവാസികൾ ഒഴികെയുള്ള മലയാളികൾക്ക് വല്യ പിടിയില്ലാത്ത സംഗതിയായിരുന്നു ഷോപ്പിംഗ് മാളുകൾ. രാജ്യാന്തര നിലവാരമുള്ള ഷോപ്പിംഗും രുചിവൈവിധ്യങ്ങളും വിനോദവും ഒത്തു ചേരുന്ന മാളുകൾ ഇപ്പോൾ മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. ഈ മാറ്റത്തിന് വഴിയൊരുക്കിയത് കൊച്ചിയിലെ ഒബ്‌റോൺ മാളും അതിന്റെ ഉടമ പ്രമുഖ വ്യവസായി എം. എ. മുഹമ്മദുമാണ്.

ഒബ്‌റോൺ മാൾ, കൊച്ചി മെട്രോയെപ്പോലെ തുടക്കം മുതലേ സൂപ്പർഹിറ്റായി. കേരളത്തിലെ ആദ്യ മാൾ കാണാനും ഷോപ്പിംഗ് നടത്താനും പ്രായഭേദമില്ലാതെ ജനങ്ങൾ ഒബ്‌റോണിലേക്ക് ഒഴുകി. പലതരം ഭക്ഷണവിഭവങ്ങൾ ലഭിക്കുന്ന ഫുഡ് കോർട്ടിലേക്ക് കുടുംബസമേതമാണ് മലയാളികൾ എത്തുന്നത്. വിജയകരമായ പത്ത് വർഷം പിന്നിടുമ്പോൾ കേരളത്തിന്റെ വ്യവസായ ഭൂപടത്തിൽ ഒബ്‌റോൺ മാൾ ചിരപ്രതിഷ്ഠ നേടിക്കഴിഞ്ഞു.

മാളിന്റെ തുടക്കം

കേരളത്തിൽ ഒരു ഷോപ്പിംഗ് മാൾ എന്ന ആശയത്തെക്കുറിച്ച് എം. എ. മുഹമ്മദ് 15 വർഷം മുമ്പാണ് ചിന്തിച്ചു തുടങ്ങിയത്. ഗൾഫിലുള്ള പോലെ ഒരു മാൾ കേരളത്തിൽ. വലിയ മുതൽമുടക്കുള്ള പദ്ധതിയുടെ ഭാവിയെക്കുറിച്ച് പലരും ആശങ്ക പ്രകടിപ്പിച്ചു. ഇതൊന്നും കണക്കിലെടുക്കാതെ അദേഹം ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി മാളുകൾ സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തി. ഒടുവിൽ കേരളത്തിന്റെ ടൂറിസം ഹബായ കൊച്ചിയിൽ മാൾ സ്ഥാപിക്കാൻ തീരുമാനിച്ചു. മാൾ തുടങ്ങാൻ എറണാകുളം ബൈപാസിൽ മൂന്ന് ഏക്കർ സ്ഥലം വാങ്ങി. പോസിറ്റീവ് എനർജി ഫീൽ ചെയ്യുന്ന ഡിസൈനിലുള്ള മാൾ നിർമ്മിക്കണമെന്ന് എം. എ. മുഹമ്മദിന് നിർബന്ധമുണ്ടായിരുന്നു.

വെല്ലുവിളികൾ

ആർക്കിടെക്ചറൽ ഡിസൈനിംഗ് ആയിരുന്നു ആദ്യവെല്ലുവിളി. ആർക്കിടെക്റ്റുകൾക്ക് മാൾ ഡിസൈനിംഗ് സുപരിചിതമായിരുന്നില്ല. മാളിലേക്ക് റീട്ടെയ്ൽമാരെ ആകർഷിക്കുക എന്നതായിരുന്നു മറ്റൊരു വെല്ലുവിളി. മാൾ സംബന്ധമായ കാര്യങ്ങൾക്ക് അക്കാലത്ത് യാതൊരു ചട്ടക്കൂടുമില്ലായിരുന്നു. അന്ന് മാൾ പ്രമോഷൻ ഏജൻസികൾ ഒന്നും ഇല്ലായിരുന്നു. അതിനാൽ എം. എ. മുഹമ്മദ് തന്നെ ബംഗലുരുവിലും മുംബൈയിലും ചുറ്റിക്കറങ്ങി. മെട്രോ നഗരമല്ലാത്ത കൊച്ചിയിലെ മാളിന്റെ സാധ്യതകളിൽ പലരും സംശയിച്ചു. എന്നാൽ കേരളത്തിലെ ആദ്യത്തെ മാളിന്റെ ഭാഗമാകാൻ റിലയൻസ് മുന്നോട്ട് വന്നു. ഒബ്‌റോൺ മാളിൽ അഞ്ച് ആങ്കർ സ്റ്റോറുകൾ തുറക്കാൻ റിലയൻസ് തയാറായി. അതോടെ മറ്റ് ദേശീയ-അന്തർദേശീയ ബ്രാൻഡുകളും ഒബ്‌റോണിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞു.

പോസിറ്റീവ് എനർജിയുള്ള മാൾ

നൂറ് കോടിയിലേറെ രൂപ മുതൽമുടക്കിൽ 2006 ജനുവരിയിൽ മാളിന്റെ നിർമാണം ആരംഭിച്ചു. രണ്ട് വർഷത്തിനുശേഷം 2008 ഫെബ്രുവരിയിൽ ഒബ്‌റോൺ മാൾ സോഫ്റ്റ് ലോഞ്ച് നടത്തി. അതുവരെ മലയാളികൾ കാണാത്ത അത്ഭുതലോകമാണ് എം. എ. മുഹമ്മദ് സൃഷ്ടിച്ചത്. മാളിലെ എസ്‌ക്കലേറ്ററിൽ കയറാൻ ജനം ക്യൂ നിന്നു. ആളുകളെ സുരക്ഷിതമായി എസ്‌ക്കലേറ്ററിൽ കയറ്റാനും ഇറക്കാനും സെക്യൂരിറ്റി ഗാർഡുകളെ നിയമിക്കേണ്ടി വന്നു. പ്രതിദിനം ശരാശരി 20,000 ലേറെ ആളുകൾ ഒബ്‌റോൺ മാൾ സന്ദർശിക്കുന്നു.

നിത്യോപയോഗ സാധനങ്ങൾ, ഫാഷൻ വസ്ത്രങ്ങൾ, പാദരക്ഷകൾ, രൂചികരമായ ഭക്ഷ്യവിഭവങ്ങൾ, വിനോദം തുടങ്ങി ഒരു കുടുംബത്തിന് വേണ്ടതെല്ലാം ഒബ്‌റോണിൽ ലഭ്യമാണ്. സന്ദർശകരുടെ വാഹനങ്ങൾക്ക് വിശാലമായ പാർക്കിംഗും ഒരുക്കിയിട്ടുണ്ട്. പത്ത് വർഷം പിന്നിടുമ്പോഴും ഒബ്‌റോൺ മാളിന്റെ പുതുമ നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കുന്നതാണ് എം. എ. മുഹമ്മദിന്റെ വിജയരഹസ്യം. ശുചിത്വത്തിന്റെയും സുരക്ഷയുടെയും കാര്യത്തിൽ വിട്ടുവീഴ്ചയില്ലാതെ സന്ദർശകരിൽ പോസിറ്റീവ് എനർജി നിറയ്ക്കാൻ തുടക്കം മുതലെ അദേഹം ശ്രദ്ധിച്ചുപോന്നു.

സമ്മാനപ്പെരുമഴയുമായി പത്താംവാർഷികം

ഒബ്‌റോൺ സന്ദർശിക്കുന്നവരിൽ വിൻഡോ ഷോപ്പിംഗ് നടത്തി വെറുതെ ചുറ്റിക്കറങ്ങുന്നവർ കുറവാണ്. ഫാമിലി കസ്റ്റമേഴ്‌സിന്റെ ഇഷ്ട ഷോപ്പിംഗ് ഡെസ്റ്റിനേഷനാണ് ഒബ്‌റോൺ മാൾ. ഒബ്‌റോൺ മാളിന്റെ പത്താം വാർഷികാഘോഷത്തോടനുബന്ധിച്ച് 150 ദിവസം നീണ്ടുനിൽക്കുന്ന മികച്ച ഷോപ്പിംഗ് അനുഭവം ലഭ്യമാക്കാനുള്ള തയാറെടുപ്പിലാണ് മാനേജ്‌മെന്റ്.

എൽഇഡി ടിവികൾ, സ്മാർട്ട് ഫോണുകൾ, വാച്ചുകൾ കൂടാതെ മറ്റ് അനേകം സമ്മാനങ്ങളും നറുക്കെടുപ്പിലൂടെ ഉപഭോക്താക്കൾക്ക് നൽകും. മെഗാ ബംബർ സമ്മാനങ്ങളായി ജീപ്പ് കോംപസ് കാർ, ബജാജ് എൻഎസ് 200 ബൈക്കുകളുമാണ് നൽകുന്നത്. കൊച്ചിക്കു വേണ്ടി ഒരു തീം സോംഗും ഒബ്‌റോൺ മാൾ അവതരിപ്പിച്ചിട്ടുണ്ട്.

ഒബ്‌റോൺ മാൾ മാനേജിംഗ് ഡയറക്ടർ എം. എം. സുഫൈർ

ഒബ്‌റോൺ ഗ്രൂപ്പ്

ഹോട്ടൽ, ഫാർമസ്യൂട്ടിക്കൽസ്, മാൾ, പേപ്പർമിൽ, ക്വാറി തുടങ്ങി വൈവിധ്യമാർന്ന ബിസിനസ് മേഖലകളിൽ ഒബ്‌റോൺ ഗ്രൂപ്പിന് സാന്നിധ്യമുണ്ട്. കേരളത്തിലും ഗൾഫിലുമായി ഒൻപത് സ്റ്റാർ ഹോട്ടലുകൾ എം. എ. മുഹമ്മദ് ചെയർമാനായ ഒബ്‌റോൺ ഗ്രൂപ്പ് മറ്റൊരു ഗ്രൂപ്പുമായി ചേർന്ന് നടത്തിവരുന്നു. ഫ്‌ളോറ ഹോസ്പിറ്റാലിറ്റി എന്ന ബ്രാൻഡിലാണ് ഹോട്ടലുകൾ പ്രവർത്തിക്കുന്നത്. ഒബ്‌റോൺ ഫാർമസ്യൂട്ടിക്കൽസ് (തിരുവനന്തപുരം) ബ്ലൂമൗണ്ട് പേപ്പർ ആൻഡ് ബോർഡ് (അംബാസമുദ്രം, തമിഴ്‌നാട്), എന്നിവയാണ് ഒബ്‌റോൺ ഗ്രൂപ്പിലെ മറ്റ് പ്രധാന സംരംഭങ്ങൾ.

കൊച്ചി നെടുമ്പാശേരി അന്താരഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള ഫ്‌ളോറ ഹോട്ടൽസ് ഈ സംരംഭത്തിന്റേതാണ്. ദുബായ് അന്തരാഷ്ട്ര വിമാനത്താവളത്തിലെ ടി-1 ടെർമിനലിന് മുമ്പിൽ 236 മുറികളുള്ള ഫ്‌ളോറ എയർപോർട്ട് ഹോട്ടൽ അടുത്തമാസം തുറന്നു പ്രവർത്തനമാരംഭിക്കും. യുഎഇയില എമ്മാർ ഗ്രൂപ്പുമായി ചേർന്ന് മറ്റൊരു ഹോട്ടൽ പദ്ധതിയും പരിഗണനയിലുണ്ട്.

കുടുംബം

എൺപത് വർഷത്തെ ബിസിനസ് പാരമ്പര്യമുള്ള കുടുംബത്തിലാണ് എം.എ. മുഹമ്മദിന്റെ ജനനം. കൊടുങ്ങല്ലൂർ മതിലകം മേനിലകത്ത് എം. കെ. അബ്ദുള്ളയും കെ. എ. ഖദീജയുമാണ് മാതാപിതാക്കൾ. തിരുവനന്തപുരം കേന്ദ്രമാക്കിയാണ് കേരളത്തിലെ ബിസിനസുകൾ പ്രവർത്തിക്കുന്നത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ നിന്നും കൊമേഴ്‌സിൽ ബിരുദം നേടിയ മുഹമ്മദ് കുടുംബ ബിസിനസിൽ പിതാവിനെ സഹായിച്ചുകൊണ്ടായിരുന്നു തുടക്കം.

തുടർന്ന് 1987 ൽ ഗാർമെന്റ് എക്‌സ്‌പോർട്ടിലേക്കും പിന്നീട് ഫാർമസ്യൂട്ടിക്കൽ ബിസിനസിലേക്കും തിരിഞ്ഞു. മൂന്ന് സഹോദരൻമാർക്കൊപ്പം 1999 ൽ ഹോട്ടൽ മേഖലയിലേക്ക് വൈവിധ്യവത്കരിച്ചു. ഇപ്പോൾ ഹോട്ടൽ മേഖലയാണ് ഗ്രൂപ്പിന്റെ കോർ ബിസിനസ്.

മറിയം ആണ് എം. എ. മുഹമ്മദിന്റെ ഭാര്യ. ആസിഫ്, സുഫൈർ, സെറിൻ, റജുല എന്നിവരാണ് മക്കൾ. ആസിഫും സുഫൈറും എൻജിനീയർമാരാണ്. ആസിഫ് ഗൾഫിലെ ബിസിനസുകളുടെയും സുഫൈർ ഒബ്‌റോൺ മാളിന്റെയും ചുമതലവഹിക്കുന്നു.

ലിപ്‌സൺ ഫിലിപ്പ്‌