ആകാശത്തിലെ മലയാളി ടച്ച്

Posted on: May 27, 2016

 

Air-Pegasus-MD-Shyson-Thoma

ഒരുപാട് കൂട്ടലും കിഴിക്കലും നടത്തിയാണ് ഷൈസൺ തോമസ് തന്റെ ബിസിനസ് സംരംഭം തുടങ്ങിയത്. വെല്ലുവിളികൾ നിറഞ്ഞ മേഖലയിലാണ് ഈ മലയാളി വിജയസാധ്യത കണ്ടെത്തിയത്. അപാരമായ ഇച്ഛാശക്തിയും ഭാഗ്യവും ഷൈസണെ തുണച്ചു. മറ്റുള്ളവരുടെ വിജയ-പരാജയങ്ങളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് നല്ല തയാറെടുപ്പു തന്നെ നടത്തി. ഒടുവിൽ 2015 ഏപ്രിലിൽ എയർ പെഗാസസ് പറന്നുയർന്നു.

ബംഗലുരു ആസ്ഥാനമായി ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളിലേക്ക്
സർവീസ് നടത്തുന്ന എയർ പെഗാസസ് വിമാനക്കമ്പനി ഇന്ന് മലയാളികൾക്ക് അഭിമാനകരമായ സംരംഭമാണ്. കെംപഗൗഡ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും ഹുബ്ലി, തിരുവനന്തപുരം, മധുര, ചെന്നൈ, മംഗലാപുരം, കഡപ്പ, കൊച്ചി എന്നിവിടങ്ങളിലേക്ക് എയർ പെഗാസസിന് പ്രതിദിന സർവീസുകളുണ്ട്. പ്രവർത്തനമാരംഭിച്ച് അധികം വൈകാതെ എയർ പെഗാസസ് നഷ്ടമില്ലാത്ത അവസ്ഥയിൽ എത്തി.

പറവൂർ സ്വദേശിയായ ഷൈസൺ തോമസ് തൃശൂർ സെന്റ് തോമസ് കോളജിൽ നിന്ന് എംകോം ബിരുദം നേടിയ ശേഷമാണ് ബംഗലുരുവിൽ എത്തുന്നത്. ഫെഡറൽ ബാങ്കിൽ ഓഫീസറായിരിക്കെ സിഎ പാസായി ചാർട്ടേഡ് അക്കൗണ്ടന്റായി. പ്രാക്ടീസിനിടെ 1998 ൽ വിമാനങ്ങളുടെ ഗ്രൗണ്ട്ഹാൻഡ്‌ലിംഗ് സർവീസിനായി ഡെക്കോർ ഏവിയേഷൻ ലിമിറ്റഡ് സ്ഥാപിച്ചു. 8,00 ലേറെ ജീവനക്കാരുള്ള ഡെക്കോർ ഏവിയേഷൻ 11 വിമാനത്താവളങ്ങളിൽ ഇന്ത്യയിലും വിദേശത്തുമുള്ള 21 വിമാനക്കമ്പനികൾക്ക് ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് സേവനം നൽകിവരുന്നു.

ഈ രംഗത്തെ പരിചയമാണ് സ്വന്തമായൊരു വിമാനക്കമ്പനി എന്ന സ്വപ്‌നത്തിലേക്ക് ഷൈസൺ തോമസിനെ നയിച്ചത്. എട്ടു വർഷത്തെ ദീർഘമായ തയാറെടുപ്പിന് ശേഷം 2015 മാർച്ച് 25 ന് എയർ ഓപറേറ്റർ പെർമിറ്റ് ലഭിച്ചു. ഏപ്രിൽ 12 മുതൽ എയർ പെഗാസസ് സർവീസ് തുടങ്ങി. സ്വന്തമായി ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് വിഭാഗമുള്ളതിനാൽ എയർ പെഗാസസിന് കുറഞ്ഞ പ്രവർത്തനച്ചെലവേയുള്ളു. ഇപ്പോൾ പൈലറ്റും കാബിൻ ക്രൂവും ഉൾപ്പടെ 200 ജീവനക്കാർ എയർ പെഗാസസിലുണ്ട്.

Air-Pegasus-ATR-72-500-aircഅസാമാന്യ ഇച്ഛാശക്തിയാണ് ഷൈസൺ തോമസിന്. താൻ നൽകുന്ന സേവനത്തിന്റെ നിലവാരം ഒട്ടുകുറയരുതെന്ന് ഷൈസൺ തോമസിന് നിർബന്ധമുണ്ട്. വിമാനസർവീസായാലും ഗ്രൗണ്ട്ഹാൻഡ്‌ലിംഗ് ആയാലും മികച്ച ഉപഭോക്തൃ സേവനമാണ് ഷൈസൺ തോമസിന്റെ വിജയരഹസ്യം. ഓരോ ദിവസത്തെയും പ്രവർത്തനങ്ങൾ സംബന്ധിച്ച് മുൻകൂട്ടിയുള്ള ആസൂത്രണം, അവയുടെ നടപ്പാക്കൽ, വിലയിരുത്തൽ എന്നിവയിൽ ഒരു വിട്ടുവീഴ്ചയുമില്ല.

ഒരു വർഷത്തിനുള്ളിൽ ഏകദേശം മൂന്ന് ലക്ഷത്തോളം പേരാണ് എയർ പെഗാസസിൽ പറന്നത്. ലീസിന് എടുത്ത മൂന്ന് എടിആർ 72-500 വിമാനങ്ങളാണ് സർവീസിന് ഉപയോഗിക്കുന്നത്. 72 സീറ്റുകളുള്ള വിമാനം ഇന്ത്യൻ സാഹചര്യങ്ങൾക്കനുസരണമായി 66 സീറ്റായി ക്രമീകരിച്ചു. ശരാശരി 82 ശതമാനമാണ് പാസഞ്ചർ ലോഡ് ഫാക്ടർ. ഇന്ത്യയിലെ ഒരു വിമാനത്താവളത്തിലും എടിആർ വിമാനങ്ങൾക്ക് ലാൻഡിംഗ്, പാർക്കിംഗ് ഫീസ് ഇല്ലെന്നുള്ളതും കമ്പനിക്ക് നേട്ടമാണ്.

എയർ പെഗാസസിന്റെ ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത് 1,234 രൂപയിലാണ്. കമ്പനിയുടെ ഓരോ വിമാനത്തിലെയും 10 ശതമാനം സീറ്റുകൾ 1,234 നിരക്കിൽ മാറ്റിവയ്ക്കുന്നു. അടുത്ത സ്ലാബ് 2,500 രൂപയുടേതാണ്. മൂന്നാമത്തെ സ്ലാബ് 2850-3000 നിരക്കിലുമായിരിക്കും. ശരാശരി 3000 രൂപ വരുമാനം ലഭിക്കത്തക്ക രീതിയിലാണ് ടിക്കറ്റ് നിരക്കുകൾ നിർണയിച്ചിട്ടുള്ളതെന്ന് എയർ പെഗാസസ് ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഷൈസൺ തോമസ് ചൂണ്ടിക്കാട്ടി.

ആദ്യഘട്ട വികസനത്തിനായി 200 കോടി രൂപ മുതൽ മുടക്കും. ഈ വർഷം അവസാനത്തോടെ ഫ്‌ളീറ്റിൽ 10 വിമാനങ്ങളുണ്ടാകും. പുതിയ വിമാനങ്ങൾ എത്തുന്നതോടെ കോഴിക്കോട്, കണ്ണൂർ, തൂത്തുക്കുടി, ബെൽഗാം, രാജമുന്ദ്രി, പോണ്ടിച്ചേരി സർവീസുകളും പരിഗണനയിലുണ്ട്. ബംഗലുരു – ഗോവ സർവീസ് ജൂണിൽ ആരംഭിക്കും. കൊച്ചിയിലേക്ക് രണ്ടാമത്തെ പ്രതിദിന സർവീസും വൈകാതെ തുടങ്ങും. ഇപ്പോൾ ബംഗലുരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് രണ്ട് പ്രതിദിന സർവീസുകളുണ്ട്.

ദക്ഷിണേന്ത്യയിൽ ചുവടുറപ്പിച്ച ശേഷം രാജ്യത്തിന്റെ വടക്കും കിഴക്കും പടിഞ്ഞാറും മേഖലയിലേക്ക് സർവീസുകൾ വ്യാപിപ്പിക്കാനാണ് ഷൈസൺ തോമസിന്റെ ലക്ഷ്യം. പ്രധാന എയർപോർട്ടുകൾ ഒഴിവാക്കി പ്രാദേശിക എയർപോർട്ടുകൾ കേന്ദ്രമാക്കിയുള്ള വിമാന സർവീസുകളാണ് എയർ പെഗാസസിന്റെ വളർച്ചാതന്ത്രം. എന്നാൽ പ്രധാന എയർപോർട്ടുകളുമായി കണക്ടിവിറ്റി ഉറപ്പാക്കും. എല്ലാം ഒരു മണിക്കൂറിൽ താഴെയുള്ള സർവീസുകളായിരിക്കും.

ഷൈസൺ തോമസിന്റെ ബിസിനസ് മോഡലിൽ ആകൃഷ്ടരായി വിദേശവിമാനക്കമ്പനികൾ എയർ പെഗാസസിൽ മൂലധന നിക്ഷേപം നടത്താൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ തത്ക്കാലം പുറത്തുനിന്നും മൂലധനസമാഹരണം ആവശ്യമില്ലെന്നുള്ളതാണ് ഈ സംരംഭകന്റെ നിലപാട്. ഇപ്പോൾ ഷൈസൺ തോമസും ഭാര്യ ഷൈന തോമസും മകൻ അശ്വിൻ തോമസുമാണ് എയർ പെഗാസസിന്റെ മുഖ്യഓഹരിയുടമകൾ. ഷൈന തോമസ് എയർ പെഗാസസിന്റെ ഡയറക്ടറായും പ്രവർത്തിച്ചുവരുന്നു. അഞ്ച് വർഷത്തിനുള്ളിൽ 50 വിമാനങ്ങളുള്ള കമ്പനിയായി വളരുകയാണ് എയർ പെഗാസസിന്റെ ലക്ഷ്യം.

ലിപ്‌സൺ ഫിലിപ്പ്