50 ഓഹരി നിക്ഷേപ കഥകളുമായി ഹെഡ്ജ്

Posted on: November 20, 2014

Hedge-Equities-book-release

ഹെഡ്ജ് ഇക്വിറ്റീസ് പ്രസിദ്ധീകരിച്ച 50 ഓഹരി നിക്ഷേപ കഥകൾ എന്ന പുസ്തകത്തിന്റെ പ്രകാശനം സൗത്ത് ഇന്ത്യൻ ബാങ്ക് മുൻ ചെയർമാൻ ഡോ. വി. എ. ജോസഫിനു നൽകി സൂപ്പർസ്റ്റാർ മോഹൻലാൽ നിർവഹിച്ചു. ഓഹരി വിപണിയിലേക്കു നിക്ഷേപമെത്തിയില്ലെങ്കിൽ മൈക്രോസോഫ്റ്റും ഗൂഗിളും ഫേസ്ബുക്കും പോലുള്ള അസാധാരണ സംരംഭങ്ങൾ ഇവിടെ സംഭവിക്കാതെ പോവുകയും നമ്മുടെ നാട്ടിലെ പ്രതിഭകൾ മൂലധനം ലഭ്യമായ നാടുകളിലേക്ക് ചേക്കേറുകയും ചെയ്യുമെന്നു മോഹൻലാൽ പറഞ്ഞു.

പണക്കാരോ സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗമോ മാത്രമാണ് ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നതെന്ന തെറ്റിദ്ധാരണ തിരുത്തുകയാണ് പുസ്തകത്തിന്റെ ഉദ്ദേശ്യമെന്ന് ഹെഡ്ജ് ഇക്വിറ്റീസ് മാനേജിംഗ് ഡയറക്ടർ അലക്‌സ് കെ. ബാബു പറഞ്ഞു.

താരതമ്യേന ഉയർന്ന വിദ്യാഭ്യാസവും പഠിക്കാനുള്ള മനോഭാവവുമുള്ള കേരളീയർക്ക് ഏറ്റവും യോജിച്ച നിക്ഷേപമാർഗമാണ് ഓഹരികൾ. തെരഞ്ഞെടുത്ത 50 പേരുടെ നിക്ഷേപ അനുഭവങ്ങളിലൂടെ ഈ മേഖലയിലെ സാധ്യതകളിലേക്കു ശ്രദ്ധ ക്ഷണിക്കുകയാണ് ഈ പുസ്തകത്തിലൂടെ ഹെഡ്ജ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹെഡ്ജ് ഇക്വിറ്റീസിന്റെ ഇടപാടുകാരായ 50 നിക്ഷേപകരുടെ ഓഹരി നിക്ഷേപ അനുഭവ കഥകളാണ് പുസ്തകത്തിന്റെ പ്രമേയം. റിട്ടയർ ചെയ്ത പോസ്റ്റ്മിസ്ട്രസ് ഉൾപ്പെടെ സുചിന്തിതമായ നിക്ഷേപ പദ്ധതിയിലൂടെ മാസംതോറും ചെറിയ തുകൾ നിക്ഷേപിച്ച് നേട്ടങ്ങളുണ്ടാക്കിയവർ, ദീർഘകാലം ക്ഷമിച്ച് വലിയ ആദായം ഉണ്ടാക്കിയവർ, പെൻഷൻ ഫണ്ടിനായി നിക്ഷേപിച്ചവർ, ഇരുന്നൂറോളം കമ്പനികളിൽ നിക്ഷേപമുള്ളവർ, വ്യത്യസ്ത മേഖലകളിൽ നിക്ഷേപിച്ചവർ, ആദ്യനിക്ഷേപം തന്നെ ഇരട്ടിയാക്കിയവർ, വലിയ ലാഭം കിട്ടിയാലും ചില കമ്പനികളുടെ ഓഹരികൾ വിറ്റൊഴിയാത്തവർ, പബ്ലിക് ഇഷ്യുവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവർ, ചെറിയ പ്രായത്തിൽത്തന്നെ ഓഹരിനിക്ഷേപം ആരംഭിച്ചവർ, ഡിവിഡൻഡിനെ മാത്രം ഉറ്റുനോക്കുന്നവർ തുടങ്ങിയ വ്യത്യസ്ത ഓഹരി നിക്ഷേപകരുടെ അനുഭവങ്ങൾ ഈ പുസ്തകത്തിലുണ്ട്.