ഐഡിബിഐ ബാങ്കിന്റെ പ്രവര്‍ത്തന ലാഭം 725 കോടി രൂപ

Posted on: February 5, 2019

കൊച്ചി : ഐഡിബിഐ ബാങ്കിന്റെ പ്രവര്‍ത്തന ലാഭം 725 കോടി രൂപയിലെത്തിയതായി ഡിസംബര്‍ 31ന് അവസാനിച്ച ക്വാര്‍ട്ടറിലെ പ്രവര്‍ത്തന ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ബാങ്കിന്റെ അറ്റ നഷ്ടം 4,185 കോടി രൂപയാണ്. ഐഡിബിഐ ബാങ്കിന്റെ ഭൂരിഭാഗം ഓഹരികള്‍ എല്‍ഐസി. കരസ്ഥമാക്കിയതോടെ ആവശ്യമായ മൂലധന പര്യാപ്തത കൈവരിക്കുവാന്‍ ബാങ്കിനായിട്ടുണ്ട്.

ബാങ്കിലെ 51 ശതമാനം ഓഹരികള്‍ സ്വന്തമാക്കുന്ന നടപടി എല്‍ഐസി ജനുവരി 21 നാണ് പൂര്‍ത്തിയാക്കിയത്. 21,624 കോടി രൂപയുടെ മൂലധനമാണ് ഐഡിബിഐ ബാങ്കിന് എല്‍ഐസിയില്‍ നിന്നു ലഭിച്ചത്. ബാങ്കിന്റെ സേവിംഗ്‌സ്, കറന്റ് അക്കൗണ്ടുകള്‍ 2017 ഡിസംബര്‍ 31ലെ 85,644 കോടി രൂപയില്‍ നിന്ന് 88,206 കോടി രൂപയായി ഉയര്‍ന്നതായും 2018 ഡിസംബര്‍ 31ലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ചെറുകിട ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിച്ചും ആസ്തികളുടെ ഗുണനിലവാരവും കാര്യക്ഷമതയും വര്‍ധിപ്പിച്ചും മുന്നേറാനാണ് ബാങ്ക് ശ്രമിക്കുന്നത്.

TAGS: IDBI BANK |