സൗത്ത് ഇന്ത്യൻ ബാങ്കിന് 83.85 കോടി രൂപ അറ്റാദായം

Posted on: January 20, 2019

തൃശൂർ : സൗത്ത് ഇന്ത്യൻ ബാങ്ക് നടപ്പ് സാമ്പത്തിക വർഷം മൂന്നാം ക്വാർട്ടറിൽ 83.85 കോടി രൂപ അറ്റാദായം നേടി. രണ്ടാം ക്വാർട്ടറിലെ അറ്റാദായമായ 70.13 കോടിയേക്കാൾ 19.56 ശതമാനം വളർച്ച കൈവരിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം മൂന്നാം ക്വാർട്ടറിൽ 115 കോടിയായിരുന്നു അറ്റാദായം.

റീട്ടെയ്ൽ, കാർഷിക, എംഎസ്എംഇ, മിഡ് കോർപറേറ്റ് രംഗത്തേക്കുള്ള ദിശാമാറ്റമാണ് ബാങ്കിന്റെ പ്രവർത്തനമികവിന് കാരണമെന്ന് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ വി.ജി. മാത്യു പറഞ്ഞു.

ബാങ്കിന്റെ ഇതരവരുമാനം 28 കോടി വർധിച്ച് 187 കോടിയായി. പ്രവർത്തനലാഭം 332 കോടിയാണ്. മുൻ വർഷം ഇതേകാലയളവിൽ 330 കോടിയായിരുന്നു. മൊത്തം ബിസിനസ് 17,171 കോടി വർധിച്ച് 1,37,729 കോടി രൂപയായി. വാർഷിക വളർച്ച 14.24 ശതമാനം. നിക്ഷേപങ്ങൾ 9,,556 കോടി വർധിച്ച് 77,665 കോടി രൂപയായി. കറന്റ് – സേവിംഗ് അക്കൗണ്ടുകൾ 11.67 ശതമാനം വളർച്ചയോടെ (1,976 കോടി) 18,905 കോടി രൂപയായി. മൊത്തം നിക്ഷേപത്തിന്റെ 24.34 ശതമാനമാണ് ഇപ്പോൾ കറന്റ് – സേവിംഗ്‌സ് അക്കൗണ്ടുകൾ.

എൻആർഐ നിക്ഷേപങ്ങൾ 14.18 ശതമാനം വളർച്ചരേഖപ്പെടുത്തി. മൊത്തം നിക്ഷേപങ്ങളുടെ 27.01 ശതമാനമാണ് എൻആർഐ നിക്ഷേപങ്ങൾ. ദുബായിൽ ആരംഭിച്ച റെപ്രസെന്റേറ്റീവ് ഓഫീസ് എൻആർഐ ബിസിനസ് രംഗത്ത് ബാങ്കിന് മുതൽക്കൂട്ടാകുന്നുണ്ട്. വായ്പകൾ 14.52 ശതമാനം (7,615 കോടി) വർധിച്ച് 60,064 കോടി രൂപയായി.