സെബി കൊച്ചിയിൽ ഓഫീസ് തുറന്നു

Posted on: June 1, 2013

സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) കൊച്ചിയിൽ പ്രാദേശിക ഓഫീസ് തുറന്നു. കേരളം, കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപ് എന്നിവിടങ്ങളിലെ പ്രവർത്തനത്തിനു മേൽനോട്ടം വഹിക്കുന്ന കൊച്ചി ഓഫീസിന്റെ ഉദ്ഘാടനം സെബി അംഗം എസ്. രാമൻ നിർവഹിച്ചു.

കലൂരിലെ ഫിനാൻസ് ടവറിലെ ആറാം നിലയിലാണു കൊച്ചി ഓഫീസ് പ്രവർത്തിക്കുന്നത്. സന്തുലിതമായ സെക്യൂരിറ്റീസ് മാർക്കറ്റ് എന്ന ലക്ഷ്യം മുൻനിർത്തിയാണു കൊച്ചിയിലും ഓഫീസ് ആരംഭിച്ചത്. നിക്ഷേപകർ, ഇടനിലക്കാർ എന്നിവർക്കു കൂടുതൽ സാമീപ്യം ഉറപ്പുവരുത്താനാണിത്. ഇൻഡോർ, ബംഗളൂരു, ഹൈദരാബാദ്, ഗുവാഹത്തി, ജയ്പ്പൂർ, ഭുവനേശ്വർ എന്നിവിടങ്ങളിൽ ഇതിനോടകം ലോക്കൽ ഓഫീസുകൾ തുറന്നുകഴിഞ്ഞു.

പുതുതായി ആരംഭിച്ച കൊച്ചിയിലെ ഓഫീസിന്റെ ഭരണനിയന്ത്രണം ചെന്നൈയിലെ സെബിയുടെ ദക്ഷിണ മേഖലാ ഓഫീസിനായിരിക്കും. നിക്ഷേപക സുരക്ഷ, ലിസ്റ്റഡ് കമ്പനികൾക്കെതിരേയും ഇടനിലക്കാർക്കെതിരേയുമുള്ള പരാതികൾക്കു പരിഹാരം കാണൽ, നിക്ഷേപക ബോധവത്കരണം, കേരളത്തിൽ സാമ്പത്തിക സാക്ഷരത വളർത്തിയെടുക്കൽ എന്നിവയെല്ലാം കൊച്ചി ഓഫീസ് നിർവഹിക്കും. വൈകാതെ ഇടനിലക്കാരുടെ രജ്‌സ്‌ട്രേഷൻ, ഐപിഒ പ്രോസസിങ്, ഇൻവെസ്റ്റിഗേഷൻ തുടങ്ങിയ ജോലികളും കൊച്ചിയിലെ ഓഫീസിന്റെ ചുമതലയിൽ വരും.