മുത്തൂറ്റ് ഫിനാൻസിന് 174 കോടി രൂപ അറ്റാദായം

Posted on: October 29, 2015

Muthoot-Finance-Logo-B

കൊച്ചി : മുത്തൂറ്റ് ഫിനാൻസിന് നടപ്പു ധനകാര്യ വർഷം രണ്ടാം ക്വാർട്ടറിൽ 174 കോടി രൂപ അറ്റാദായം. മുൻ വർഷം ഇതേ കാലയളവിൽ  അറ്റാദായം 171 കോടി രൂപയായിരുന്നു. ചെറുകിട വായ്പകളുടെ കാര്യത്തിൽ സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം ക്വാർട്ടറിൽ രണ്ടു ശതമാനം വർധനവോടെ 464 കോടി രൂപയിലെത്തി. കഴിഞ്ഞ 12 മാസങ്ങളിൽ 14 ശതമാനം വർധനവോടെ  3071 കോടി രൂപയിലും എത്തി.

ശ്രീലങ്കൻ സബ്‌സിഡിയറി കമ്പനിയായ അസറ്റ് ഏഷ്യ ഫിനാൻസ് പി.എൽ.സി. വായ്പാ മേഖലയിൽ ഗണ്യമായ വളർച്ചയാണു കൈവരിച്ചത്. ഈ വർഷം സെപ്റ്റംബർ 30 ലെ കണക്കു പ്രകാരം 52 ശതമാനം വർധനവോടെ 5.4 ബില്യൺ എൽ.കെ.ആർ. (ശ്രീലങ്കൻ രൂപ) ആയാണ് വായ്പാ മേഖല വളർന്നത്. മുൻ വർഷം ഇത് 3.6 ബില്യൺ എൽ. കെ. ആർ. ആയിരുന്നു. നികുതിക്കു ശേഷമുള്ള ലാഭം ഇതേ കാലയളവിൽ 40 ശതമാനം വർധിച്ച് 76.8 മില്യൺ എൽ.കെ.ആറിലെത്തി.

മുത്തൂറ്റ് ഇൻഷുറൻസ് ബ്രോക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ 100 ശതമാനം ഇക്വിറ്റി ഓഹരികൾ 20 കോടി രൂപയ്ക്ക് വാങ്ങാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. 2013 മുതൽ ഡയറക്ട് ബ്രോക്കറായി പ്രവർത്തിച്ചു വരുന്ന ഐ.ആർ.ഡി.എ. ലൈസൻസ് ഉള്ള സ്ഥാപനമാണിത്.

മുത്തൂറ്റ് ഫിനാൻസിന് തങ്ങളുടെ വായ്പാ മേഖല 464 കോടി രൂപയായി ഉയർത്താനും മികച്ച ലാഭം പ്രദാനം ചെയ്യാനുമായിട്ടുണ്ടെന്ന് പ്രവർത്തന ഫലത്തെക്കുറിച്ചു പ്രതികരിച്ച ചെയർമാൻ എം. ജി. ജോർജ്ജ് മുത്തൂറ്റ് പറഞ്ഞു. പുതിയ ഉപഭോക്താക്കളെ ആകർഷിക്കാനായി നിരവധി ഉപഭോക്തൃ സൗഹൃദ പദ്ധതികൾ ആവിഷ്‌ക്കരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡയറക്ടർ ബോർഡ് 40 ശതമാനം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചതായും അദ്ദേഹം പറഞ്ഞു.

ഇൻഷുറൻസ് ബ്രോക്കിംഗ് സ്ഥാപനം ഏറ്റെടുക്കുന്നത് കമ്പനിയുടെ ബിസിനസ് വൈവിധ്യവത്ക്കരിക്കാൻ സഹായിക്കുമെന്ന് മാനേജിംഗ് ഡയറക്ടർ ജോർജ്ജ് അലക്‌സാണ്ടർ മുത്തൂറ്റ് പറഞ്ഞു. വിപുലമായ ഉപഭോക്തൃ നിരയുടെ ഇൻഷുറൻസ് ആവശ്യങ്ങൾ നിറവേറ്റാനും ഇതു സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.