വി ഗാർഡിന് 20 ശതമാനം ലാഭവർധന

Posted on: October 16, 2015

V-Guard-Logo-big

കൊച്ചി : വിഗാർഡ് ഇൻഡസ്ട്രീസിന് സെപ്റ്റംബർ 30 ന് അവസാനിച്ച രണ്ടാം ക്വാർട്ടറിൽ 20 ശതമാനം ലാഭ വർധനയുണ്ടായി. നികുതിക്കു ശേഷം ലാഭം 23 കോടി രൂപ. മുൻ വർഷം ഇത് 19 കോടി രൂപയായിരുന്നു.

മിക്‌സർ ഗ്രൈൻഡർ, സ്വിച്ച് ഗിയർ, ഫാൻ എന്നീ ഉത്പന്നങ്ങളുടെ വില്പനയിൽ മികച്ച വളർച്ച നേടി. ഇലക്ട്രിക് വാട്ടർ ഹീറ്റർ ശ്രേണിയിൽ പുതുതായി അവതരിപ്പിച്ച ഐറിസ് മൂന്നു ലിറ്റർ ഇൻസ്റ്റന്റ് കപ്പാസിറ്റി മോഡൽ മികച്ച സ്വീകാര്യത നേടി. അസംസ്‌കൃത വസ്തുക്കളുടെ വില കുറഞ്ഞതും പുതിയ മാർക്കറ്റുകളിലെ മെച്ചപ്പെട്ട വിൽപ്പനയും ലാഭം ഉയരാൻ കാരണമായി. അതേസമയം, വയർ-കേബിൾ വിഭാഗത്തിൽ വിറ്റുവരവ് പത്തു ശതമാനം കുറഞ്ഞു.

വ്യവസായ അന്തരീക്ഷം വെല്ലുവിളിയുടേതു തന്നെയാണെന്നു മാനേജിംഗ് ഡയറക്ടർ മിഥുൻ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു. മൊത്തം വിൽപ്പനയിലെ വളർച്ചാനിരക്ക് ഉയരാതിരിക്കാൻ ഇതു കാരണമാകുന്നു. കോയമ്പത്തൂരിലെ പുതിയ കേബിൾ ഫാക്ടറിയുടെ നിർമാണം പുരോഗമിക്കുകയാണ്. 2017 ധനകാര്യ വർഷം അവസാനിക്കുന്നതിനു മുമ്പു പൂർത്തിയാകുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.