കെ എസ് ഇ യുടെ അറ്റാദായത്തിൽ 184 ശതമാനം വർധന

Posted on: May 30, 2015

KSE-LIMITED-big

കൊച്ചി : കെ എസ് ഇ 2014-15 ധനകാര്യവർഷം മുൻവർഷത്തെ അപേക്ഷിച്ച് ടേണോവറിൽ 11.58 ശതമാനം വർധന നേടി. ടേണോവർ 806.30 കോടിയിൽ നിന്ന് 899.70 കോടിയായി. അറ്റാദായം 15.37 കോടിയിൽ നിന്ന് 43.36 കോടിയായി വർധിച്ചു. മൈസൂരിലെ ഭൂമി വിറ്റവകയിൽ ലഭിച്ച 10.46 കോടി ഉൾപ്പടെയാണിത്. അറ്റാദായവർധന 183.86 ശതമാനം. കോമ്പൗണ്ട് കാലിത്തീറ്റ വിഭാഗത്തിൽ വില്പന 4 ലക്ഷം ടണ്ണിൽ നിന്ന് 10 ശതമാനം വർധിച്ച് 4.40 ലക്ഷം ടണ്ണായി.

മികച്ച നേട്ടത്തിന്റെ അടിസ്ഥാനത്തിൽ 10 രൂപയുടെ ഓരോ ഓഹരിക്കും 50 രൂപ വീതം ലാഭവിഹിതം നൽകാൻ ഡയറക്ടർ ബോർഡ് ശിപാർശചെയ്തിട്ടുണ്ട്. ഫലത്തിൽ 500 ശതമാനമാണ് ഡിവിഡൻഡ്. ലാഭവിഹിതമായ 50 രൂപയിൽ 30 രൂപ രണ്ട് തവണയായി നൽകിക്കഴിഞ്ഞു. 2013-14 വർഷം ഓഹരി ഒന്നിന് 20 രൂപ (200 ശതമാനം) ലാഭവിഹിതമാണ് നൽകിയത്. 1976 മുതൽ ഒരു തവണ പോലും മുടങ്ങാതെ തുടർച്ചയായി ലാഭവിഹിതം നൽകിവരുന്ന കമ്പനിയാണ് കെ എസ് ഇ.