ലക്ഷ്മിവിലാസ് ബാങ്കിന് ലാഭത്തിൽ 53.95 ശതമാനം വളർച്ച

Posted on: November 17, 2013

LakshmiVilasBank

ലക്ഷ്മിവിലാസ് ബാങ്ക് സെപ്തംബർ 30-നവസാനിച്ച അർധവർഷം 1069.22 കോടി രൂപ മൊത്തവരുമാനം നേടി. മുൻവർഷത്തേക്കാൾ 13.96 ശതമാനം വളർച്ചയാണിത്. പലിശവരുമാനം 13.51 ശതമാനം വർധിച്ച് 963.60 കോടിയായി. മറ്റു വരുമാനം 18.21 ശതമാനം ഉയർന്ന് 105.63 കോടിയുമായി. പ്രവർത്തനലാഭത്തിൽ 53.96 ശതമാനം വളർച്ചയോടെ മുൻവർഷ ഇക്കാലയളവിലെ 101.16 കോടിയിൽ നിന്ന് 155.74 കോടിയായി.

എന്നാൽ നിഷ്‌ക്രിയ ആസ്തി തലത്തിലെ (എൻപിഎ) വർധന മൂലം അറ്റാദായം 43.16 കോടിയിൽ നിന്ന് ഇടിഞ്ഞ് 31.20 കോടിയായി. മൊത്തം നിക്ഷേപങ്ങൾ 14,639 കോടിയിൽ നിന്നുയർന്ന് 16,455 കോടിയായപ്പോൾ വായ്പകൾ 10906 കോടിയിൽ നിന്ന് 12333 കോടിയായി. അറ്റതലത്തിൽ നിഷ്‌ക്രിയ ആസ്തി 3.77 ശതമാനം ആയിരുന്നു. ബാസൽ 2 പ്രകാരമുള്ള മൂലധന പര്യാപ്തതാ അനുപാതം (സിഎആർ) 11.29 ശതമാനമാണ്. 15 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായുള്ള 308 ശാഖകളിലൂടെ ബാങ്കിന് 23.5 ലക്ഷം എണ്ണം ഇടപാടുകാരുണ്ട്.