വണ്ടർലാ ഹോളിഡേയ്‌സിന് 50.63 കോടി രൂപ അറ്റാദായം

Posted on: May 22, 2015

Wonderla-Arun-K-Chittilappi

ബംഗലുരു : വണ്ടർലാ ഹോളിഡേയ്‌സിന് 2014-15 ധനകാര്യവർഷം 50.63 കോടി രൂപ അറ്റാദായം. മുൻവർഷത്തെ അപേക്ഷിച്ച് 27 ശതമാനം വളർച്ച കൈവരിച്ചു. കഴിഞ്ഞ വർഷം 39.89 കോടി രൂപയായിരുന്നു അറ്റാദായം. എന്നാൽ കഴിഞ്ഞ ധനകാര്യ വർഷത്തിന്റെ അവസാന ക്വാർട്ടറിൽ അറ്റാദായം 6.58 കോടി രൂപയായി കുറഞ്ഞു. മുൻ കാലയളവിൽ 7.15 കോടി രൂപയായിരുന്നു അറ്റാദായം. കൊച്ചി അമ്യൂസ്‌മെന്റ് പാർക്കിലെ സേവന നികുതിയുടെയും വിനോദ നികുതിയുടെയും നീക്കിയിരിപ്പിനു വേണ്ടി 3.14 കോടി രൂപ വിനിയോഗിച്ചതിനാലാണ് ഈ കുറവുണ്ടായതെന്ന് അധികൃതർ പറഞ്ഞു.

മുൻവർഷത്തെ അപേക്ഷിച്ച് ഈ കാലയളവിൽ വണ്ടർലാ അമ്യൂസ്‌മെന്റ് പാർക്കുകൾ സന്ദർശിച്ചവരുടെ എണ്ണത്തിലും വർധനയുണ്ടായി. 22.91 ലക്ഷത്തിൽ നിന്ന് 23.40 ലക്ഷമായാണ് ഉയർന്നത്. വണ്ടർലാ റിസോർട്ടിൽ ഇക്കാലയളവിൽ 45 ശതമാനം മുറികൾ വിറ്റഴിക്കാൻ കഴിഞ്ഞു. മുൻ വർഷത്തെ അപേക്ഷിച്ച് 50 ശതമാനം വളർച്ചയാണ് ഇത്.

ഹൈദരാബാദ് പാർക്ക് 2016 ഏപ്രിലോടെ നിർമാണം പൂർത്തീകരിക്കാനുള്ള ലക്ഷ്യത്തിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇതിനായി 57.94 കോടി രൂപ ചെലവഴിച്ചുകഴിഞ്ഞു. ജൂൺ ഒന്നു മുതൽ ടിക്കറ്റ് നിരക്കിൽ 14 ശതമാനം സേവന നികുതി കൂടി ചുമത്താൻ നിർബന്ധിതരാവുമ്പോഴും, പാർക്കുകൾ സന്ദർശിക്കുന്നവരുടെ എണ്ണം കുറയില്ലെന്ന് വണ്ടർലാ ഹോളിഡേയ്‌സ് മാനേജിംഗ് ഡയറക്ടർ അരുൺ കെ. ചിറ്റിലപ്പിള്ളി ആത്മവിശ്വാസം പ്രകടിപ്പിച്ചു.