ജിയോജിത് 175 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചു

Posted on: May 22, 2015

C-J--George-Geojit-B-N-P-Pa

കൊച്ചി : ജിയോജിത് ബിഎൻപി പാരിബ മാർച്ച് 31 ന് അവസാനിച്ച ധനകാര്യവർഷത്തിൽ 40 ശതമാനം വരുമാന വളർച്ച രേഖപ്പെടുത്തി. 2013-14 ലെ 233 കോടി രൂപയിൽ നിന്ന് 326 കോടി രൂപയായി വരുമാനം ഉയർന്നു. ഒരു രൂപ മുഖവിലയുള്ള ഓഹരിക്ക് 1.75 രൂപ ലാഭവിഹിതം നൽകാൻ കൊച്ചിയിൽ ചേർന്ന ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു.

നികുതിക്കു മുമ്പുള്ള ലാഭം 66 കോടിയിൽ 82 ശതമാനം വർധിച്ച് 120 കോടിയിലെത്തി. 77 കോടി രൂപയാണ് അറ്റലാഭം. 2013-14 സാമ്പത്തിക വർഷത്തിൽ 73 കോടി രൂപയുടെ നഷ്ടമായിരുന്നു ജിയോജിത് രേഖപ്പെടുത്തിയിരുന്നത്. നാഷണൽ സ്‌പോട്ട് എക്‌സ്‌ചേഞ്ച് ലിമിറ്റഡ് പേമെന്റ് പ്രതിസന്ധിയിൽ കമ്പനിയുടെ സബ്‌സിഡിയറി സ്ഥാപനത്തിന്റെ നിക്ഷേപവും ഉൾപ്പെട്ടതിനാൽ റിസർവ് ബാങ്കിന്റെ പ്രത്യേക നിർദേശപ്രകാരം 128.26 കോടി രൂപ പ്രത്യേകം മാറ്റിവയ്‌ക്കേണ്ടി വന്നതിനാലാണ് നഷ്ടം രേഖപ്പെടുത്തേണ്ടി വന്നത്.

മുൻ ധനകാര്യ വർഷത്തെ ഇതേ ക്വാർട്ടറിൽ 59 കോടി രൂപയായിരുന്ന മൊത്തവരുമാനം കഴിഞ്ഞ ധനകാര്യവർഷം ഇതേക്വാർട്ടറിൽ 40 ശതമാനം വളർച്ച കൈവരിച്ച് 82 കോടിയിലെത്തി. നികുതിക്കു മുമ്പുള്ള ലാഭം ഇതേ ക്വാർട്ടറിൽ 16.75 കോടിയിൽ നിന്ന് 58 ശതമാനം വർധിച്ച് 26.5 കോടിയായി. മൂലധന വിപണി മെച്ചപ്പെട്ടതാണ് മുൻ വർഷത്തെ അപേക്ഷിച്ച് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കമ്പനിയെ സഹായിച്ചതെന്ന് ജിയോജിത് ബിഎൻപി പാരിബ എംഡി സി. ജെ. ജോർജ് പറഞ്ഞു.