സ്റ്റാർട്ടപ്പ് നിക്ഷേപക സംഗമത്തിന് വേദിയൊരുക്കി ഇൻവെസ്റ്റർ കഫെ

Posted on: March 18, 2019

കൊച്ചി : സ്റ്റാർട്ടപ്പ് നിക്ഷേപകരുമായി നേരിട്ട് ആശയവിനിമയം നടത്തി സംരംഭകത്വത്തിന്റെ പുതുവഴികൾ തേടാൻ കേരള സ്റ്റാർട്ടപ്പ് മിഷൻ ഇൻവെസ്റ്റർ കഫെ സംഘടിപ്പിക്കും. എല്ലാ മാസത്തിലെയും അവസാന ബുധനാഴ്ചകളിൽ കളമശേരിയിലെ ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ്പ് കോംപ്ലക്‌സിലാണ് വേദി.

സ്റ്റാർട്ടപ്പ് നിക്ഷേപകരുമായി ആശയവിനിമയം നടത്തുന്നതിനും ബിസിനസ് സാധ്യതകൾ വിപുലീകരിക്കുന്നതിനും മികച്ച പദ്ധതികൾ ആവിഷ്‌കരിക്കുന്നതിനും ഉപകരിക്കും. ഇൻവെസ്റ്റർ കഫേയിൽ ഏയ്ഞ്ചൽ നെറ്റ്‌വർക്കിലെ നിക്ഷേപകരും വെഞ്ച്വർ ക്യാപിറ്റൽ പങ്കാളികളും പങ്കെടുക്കും. ഈ മാസം നടക്കുന്ന ഇൻവെസ്റ്റർ കഫെയിൽ പങ്കെടുക്കാൻ താൽപര്യമുള്ള സ്റ്റാർ’പ്പുകൾസ്റ്റാർട്ടപ്പുകൾ മാർച്ച് 25 വരെ https://startupmission.kerala.gov.in/pages/investorcafe എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.

ചുരുക്കപട്ടകയിൽ ഇടം നേടുന്ന സ്റ്റാർട്ടപ്പുകളെ മോക്ക് പിച്ചിന് ക്ഷണിക്കുകയും തുടർന്ന് തെരഞ്ഞെടുക്കപ്പെടുന്നവയെ ഇൻവെസ്റ്റർ കഫെയിൽ പങ്കെടുപ്പിക്കുകയും ചെയ്യും.

നാലു നിക്ഷേപ ഫണ്ടുകളുടെ 1,000 കോടി രൂപ നിക്ഷേപം ലഭ്യമാകുന്നതിലൂടെ അടുത്ത നാലു വർഷത്തിനുള്ളിൽ കേരളത്തിൽ മികച്ച സ്റ്റാർട്ടപ്പ് അന്തരീക്ഷം നിലവിൽ വരുമെന്ന് കേരള ഇലക്ട്രോണിക്‌സ്, ഐടി വകുപ്പ് സെക്രട്ടറി എം ശിവശങ്കർ വ്യക്തമാക്കി. അടുത്തിടെ നടന്ന ടെണ്ടർ നടപടികളിലൂടെ യൂണികോ ഇന്ത്യ വെഞ്ച്വേർസ്, എക്‌സീഡ് ഇലക്ട്രോ ഫണ്ട്, ഇന്ത്യൻ എയ്ഞ്ചൽ നെറ്റ്‌വർക്ക്, സ്‌പെഷ്യൽ ഇൻസെപ്റ്റ് ഫണ്ട് എന്നിവയെ സംസ്ഥാന സർക്കാർ തെരഞ്ഞെടുത്തിരുന്നു.

കരാർപ്രകാരം അടുത്ത നാലു വർഷത്തിനുള്ളിൽ ഇതിന്റെ 25 ശതമാനം തുക നിക്ഷേപിക്കപ്പെടുന്നതിലൂടെ 2022 ആകുമ്പോഴേക്കും സംസ്ഥാനത്തിന് ഏറ്റവും കുറഞ്ഞത് 300 കോടിരൂപയുടെ നിക്ഷേപമുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.