കമ്പനി രജിസ്‌ട്രേഷൻ : സ്റ്റാർട്ടപ്പുകൾക്കായി കെഎസ്‌യുഎം ക്യാമ്പുകൾ

Posted on: March 12, 2019

തിരുവനന്തപുരം : കമ്പനി രജിസ്‌ട്രേഷൻ സംബന്ധിച്ച് കേന്ദ്ര കമ്പനികാര്യ മന്ത്രാലയം പ്രഖ്യാപിച്ച പുതിയ നിബന്ധനകളെക്കുറിച്ച് സ്റ്റാർട്ടപ്പ് സംരംഭകരിൽ അവബോധം സൃഷ്ടിക്കുന്നതിന് കേരള സ്റ്റാർട്ടപ്പ് മിഷൻ സംസ്ഥാനത്തെ ക്യാമ്പുകൾ നടത്തുന്നു. ഉപയോക്താക്കളെ അറിയുക (കെവൈസി) മാനദണ്ഡങ്ങളിലെ പുതിയ നടപടിക്രമങ്ങളനുസരിച്ച് ഇന്ത്യൻ കമ്പനികൾ എല്ലാ വിവരങ്ങളും ഇ-ഫയലിംഗിലൂടെ കേന്ദ്ര സർക്കാരിനെ അറിയിക്കണമെന്നുണ്ട്.

ആക്ടിവ് കമ്പനി ടാഗിങ് ഐഡന്റിറ്റീസ് ആൻഡ് വെരിഫിക്കേഷൻ (ആക്ടിവ്) എന്നറിയപ്പെടുന്ന ഐഎൻസി 22എ ഇ-ഫോം പ്രകാരം 2017 ഡിസംബർ 31- ന് മുമ്പ് സ്ഥാപിക്കപ്പെട്ട എല്ലാ കമ്പനികളും രജിസ്റ്റേഡ് ഓഫീസ് അടക്കമുള്ള വിവരങ്ങൾ ഏപ്രിൽ 25 ന് മുമ്പ് കമ്പനികാര്യ മന്ത്രാലയത്തിനു സമർപ്പിക്കണം. ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്ന കമ്പനികളെ ആക്ടിവ് നോ-കംപ്ലയന്റ് വിഭാഗത്തിലേയ്ക്ക് മാറ്റും. മൂലധന ഘടനയിൽ മാറ്റം വരുത്താനോ മറ്റ് സ്ഥാപനങ്ങളെ ഏറ്റെടുക്കാനോ ഏറ്റെടുക്കപ്പെടാനോ ലയിക്കാനോ സാധ്യമാകില്ല. മാർച്ച് 18 ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ കെഎസ്‌യുഎം ഓഫീസുകളിൽ വച്ചായിരിക്കും ക്യാമ്പുകൾ.

കെഎസ്‌യുഎം പ്രതിനിധികളായ കൃഷ്ണകുമാർ (തിരുവനന്തപുരം), ജിനേഷ് (കൊച്ചി), ഫാസിൽ (കോഴിക്കോട്) എന്നിവരിൽ നിന്നോ https://startupmission.kerala.gov.in/pages/inc22 എന്ന വെബ്‌സൈറ്റിൽ നിന്നോ ക്യാമ്പുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.