റിലയന്‍സ് ഇന്‍ഡസ്ട്രീസ് രണ്ട് സ്റ്റാര്‍ട്ടപ്പുകളെ ഏറ്റെടുക്കുന്നു

Posted on: March 5, 2019

കൊച്ചി : റിലയന്‍സ് ഇന്‍ഡസ്ട്രീസ് രണ്ട് സ്റ്റാര്‍ട്ടപ്പുകളില്‍ മുതല്‍ മുടക്കുന്നു. റെസെ്റ്റാറന്റുകള്‍ ഇ – കൊമേഴ്‌സ് കമ്പനികള്‍, ഫാര്‍മസികള്‍, ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി നടത്തുന്ന സ്റ്റാര്‍ട്ടപ്പ് സംരംഭമായ ഗ്രാബ് എ ഗ്രബ് സര്‍വീസസ്, ഇ – കൊമേഴ്‌സ് കമ്പനികള്‍ക്കും മറ്റും സോഫ്റ്റ്‌വേര്‍ ഒരുക്കുന്ന സി – സ്‌ക്വയര്‍ ഇന്‍ഫോ സൊലൂഷന്‍സ് എന്നീ സംരംഭങ്ങളിലാണ് റിലയന്‍സ് മുതല്‍ മുടക്കുന്നത്.

ഗ്രാബിന്റെ 83 ശതമാനം ഓഹരികളാണ് സ്വന്തമാക്കുന്നത്. ഇതിനായി റിലയന്‍സിനു കീഴിലുള്ള നിക്ഷേപക സ്ഥാപനമായ റിലയന്‍സ് ഇന്‍ഡസ്ട്രിയല്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഹോള്‍ഡിംഗ്‌സ് 106 കോടി രൂപ മുതല്‍ മുടക്കും. രണ്ടു വര്‍ഷത്തിനുള്ളില്‍ മറ്റൊരു 40 കോടി രൂപ കൂടി നിക്ഷേപിക്കും. അങ്ങനെ മൊത്തം 146 കോടിയാണ് ഗ്രാബില്‍ മുതല്‍ മുടക്കുക.

ഓണ്‍ലൈന്‍ രംഗത്തേക്ക് ചുവടുവയ്ക്കുമ്പോള്‍ ഉത്പന്നങ്ങളുടെ വിതരണം എളുപ്പമാക്കാന്‍ ഗ്രാബിലെ ഓഹരി പങ്കാളിത്തം സഹായിക്കും. പ്രശാന്ത്‌സാംഗ്വി നിഷാന്ത് വോറ, ജിഗ്നേഷ് പട്ടേല്‍ എന്നിവ ചേര്‍ന്ന് 2012 തുടങ്ങിയ സ്റ്റാര്‍ട്ടപ്പാണ് ഗ്രാബ്.

ഇ – കൊമേഴ്‌സ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് ചരക്കുനീക്കത്തിനു വേണ്ടിയുള്ള സോഫ്റ്റ്‌വേര്‍ ഒരുക്കുന്ന സംരംഭമായ സി – സ്‌ക്വയര്‍ ഇന്‍ഫോ സൊലൂഷന്‍സിന്റെ 82 ശതമാനം ഓഹരിയാണ് റിലയന്‍സ് എടുക്കുന്നത്. ഇതിനായി 82.04 കോടി രൂപ രണ്ടു ഘട്ടങ്ങളിലായി മുതല്‍മുടക്കും. ശ്രീപാല്‍ ബചാവത്, ടി.സജിത് എന്നിവര്‍ ചേര്‍ന്ന് 2002 – ലാണ് ഈ കമ്പനി തുടങ്ങിയത്.