സ്റ്റാർട്ടപ്പ് മിഷൻ ഐഡിയാ ഫെസ്റ്റിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

Posted on: February 24, 2019

തിരുവനന്തപുരം : കേരള സ്റ്റാർട്ടപ് മിഷൻ ഏപ്രിൽ 15 ന് ഐഡിയ ഫെസ്റ്റ് 19 സംഘടിപ്പിക്കുന്നു. സംസ്ഥാനത്തെ കോളേജ് വിദ്യാർത്ഥികളിൽ നിന്നും ആദ്യ ഘട്ട സ്റ്റാർട്ടപ്പുകളിൽ നിന്നും നൂതന പദ്ധതികൾ ലക്ഷ്യമിടുന്ന ഐഡിയ ഫെസ്റ്റിലേക്ക് മാർച്ച് പത്തുവരെ അപേക്ഷകൾ സമർപ്പിക്കാം.

ഏണസ്റ്റ് ആൻഡ് യംഗ്, നിഷ്, ഫിനസ്ട്രാ, റെസ്‌നോവ, റീപ് ബെനിഫിറ്റ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങൾ ഫെസ്റ്റിന് മാർഗനിർദേശം നൽകും. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഇവൈ ഇന്റേൺഷിപ്പും റെസ്‌നോവ കാഷ് അവാർഡും നൽകും. മറ്റു സ്ഥാപനങ്ങൾ നിക്ഷേപം നടത്തും.

കെഎസ്‌യുഎം ഐഡിഇ ടീം ആദ്യഘട്ട തെരഞ്ഞെടുപ്പിനും രണ്ടാം ഘട്ട തെരഞ്ഞെടുപ്പിന് സോണൽ വിദഗ്ധരും നേതൃത്വം നൽകും. മാതൃകാ വിലയിരുത്തലിലൂടെയായിരിക്കും അന്തിമഘട്ട തിരഞ്ഞെടുപ്പ്. ചുരുക്കപ്പട്ടികയിൽ ഇടം നേടുന്നവർക്ക് വിദഗ്ധരുടെ മുന്നിൽ ആശയങ്ങൾ അവതരിപ്പിക്കാൻ അവസരം ലഭിക്കും. സെലക്ഷൻ പാനൽ നിർദ്ദേശിക്കുന്നവർക്ക് ആശയങ്ങളുടേയോ ഉത്പന്നങ്ങളുടേയോ ഘട്ടമനുസരിച്ച് ഗ്രാന്റും സംരംഭങ്ങളാക്കി മാറ്റുന്നതിനുള്ള ലാബ് സൗകര്യങ്ങളും ലഭ്യമാക്കും. എല്ലാ ആശയങ്ങൾക്കും അതതു കോളേജിലെ പ്രിൻസിപ്പലിന്റെ അംഗീകരാത്തോടെയുള്ള ഐഇഡിസി സർട്ടിഫിക്കറ്റ് ലഭിക്കുമെന്ന് കെഎസ്‌യുഎം സിഇഒ ഡോ സജി ഗോപിനാഥ് പറഞ്ഞു.

ഐഡിയഫെസ്റ്റിലേക്ക് https://sites.google.com/startupmission.in/idea-fest-2019/home എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക.