സ്റ്റാര്‍ട്ടപ് ഓപ്പണ്‍-ല്‍ 35 കോടി രൂപ നിക്ഷേപം

Posted on: February 15, 2019

തിരുവനന്തപുരം : കേരള സ്റ്റാര്‍ട്ടപ് മിഷന്റെ ഫണ്ട് ഓഫ് ഫണ്ട് പദ്ധതിയില്‍ പെട്ട ഓപ്പണ്‍ എന്ന സ്റ്റാര്‍ട്ടപ്പിന് സീരീസ്-എ ഫണ്ടിംഗിലൂടെ (രണ്ടാംഘട്ട ഫണ്ടിംഗ്) പ്രമുഖ നിക്ഷേപകരില്‍ നിന്ന് 35 കോടി രൂപ ലഭിച്ചു. ചെറുകിട-ഇടത്തരം വ്യവസായങ്ങളെ ലക്ഷ്യമാക്കിയുള്ള നൂതന ബാങ്കിംഗ്പ്ലാറ്റ്‌ഫോമായ ഓപ്പണില്‍ ബീനെക്സ്റ്റ്, സ്പീഡ്ഇന്‍വെസ്റ്റ്, 3 വണ്‍ 4 ക്യാപിറ്റല്‍ എന്നിവയാണ് നിക്ഷേപം നടത്തിയത്. നിലവിലെ നിക്ഷേപകരായ യുണികോണ്‍ ഇന്ത്യ വെഞ്ചേഴ്‌സും ഏയ്ഞ്ചലിസ്റ്റ് സിന്‍ഡിക്കേറ്റും ഈ റൗണ്ടിലും നിക്ഷേപകരായി തുടരും.

ഫണ്ടുപയോഗിച്ച് ടീമിന്റെ കാര്യശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സ്റ്റാര്‍ട്ടപ്പുകള്‍ക്കുവേണ്ടിയുള്ള ഡ്യൂവോ എന്ന ക്രെഡിറ്റ് കാര്‍ഡ് ഉള്‍പ്പെടെയുള്ള നൂതന ഉത്പന്നങ്ങള്‍ പുറത്തിറക്കുന്നതിനുമാണ് ഓപ്പണ്‍ ലക്ഷ്യമിടുന്നത്. ഡ്യുവോ ക്രെഡിറ്റ് കാര്‍ഡ് മാര്‍ച്ചില്‍ പുറത്തിറക്കും. ഫണ്ട് ഓഫ് ഫണ്ട് പദ്ധതിയിലൂടെ കെഎസ്‌യുഎം മേല്‍നോട്ടം വഹിക്കുന്ന ഓപ്പണ്‍ കൈവരിച്ച ശ്രദ്ധേയമായ ഈ നേട്ടത്തില്‍ അഭിമാനമുണ്ടെന്ന് കെഎസ്‌യുഎം സിഇഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു.

രണ്ടാം ഫണ്ട് ഓഫ് ഫണ്ട് സ്‌കീമില്‍ ഭാഗഭാക്കാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് യുണികോണ്‍ ഇന്ത്യ വെഞ്ച്വേഴ്‌സ് പാര്‍ട്ണര്‍ അനില്‍ ജോഷി പറഞ്ഞു. കേരളത്തിലെ മികച്ച സ്റ്റാര്‍ട്ടപ് അന്തരീക്ഷമാണ് നേട്ടത്തിനു പിന്നിലെന്ന് അനില്‍ ജോഷി വ്യക്തമാക്കി. 2001ല്‍ ആദ്യ സ്റ്റാര്‍ട്ടപ്പ് ആരംഭിക്കുമ്പോള്‍ കേരളത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനുയോജ്യമായ അന്തരീക്ഷം ഇല്ലായിരുന്നതായി ഓപ്പണ്‍ സ്ഥാപകനും സിഇഒയുമായ അനീഷ് അച്യുതന്‍ പറഞ്ഞു.
അനീഷ് അച്യുതന്‍, മേബല്‍ ചാക്കോ, അജീഷ് അച്യുതന്‍, ടാക്‌സിഫോര്‍ ഷുവര്‍ മുന്‍ സി എഫ് ഒ ദീന ജോക്കബ് എന്നിവരാണ് ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ അഭിമുഖീകരിക്കുന്ന ബാങ്കിംഗ് വെല്ലുവിളികള്‍ പരിഹരിക്കുന്നതിന് 2017-ല്‍ ഓപ്പണിന് തുടക്കമിട്ടത്.