സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയ്ക്ക് കൈത്താങ്ങാകാന്‍ കെ-ആക്‌സിലറേറ്റര്‍

Posted on: January 29, 2019

തിരുവനന്തപുരം : കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സോണ്‍ സ്റ്റാര്‍ട്ടപ്‌സ് ഇന്ത്യയുമായി ചേര്‍ന്ന് അഖിലേന്ത്യാ തലത്തില്‍ നടത്തുന്ന കേരള ആക്‌സിലറേറ്റര്‍ പ്രോഗ്രാം (കെ-ആക്‌സിലറേഷന്‍) എന്ന സ്റ്റാര്‍ട്ടപ് ആക്‌സിലറേഷന്റെ മൂന്നാം ഘട്ടത്തിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. വളര്‍ച്ചാ സാധ്യതയുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മികച്ച ഉല്പന്നങ്ങളിലൂടെ വിപണിയും ഉപഭോക്താക്കളും വര്‍ദ്ധിപ്പിക്കുന്നതിനു സഹായം നല്‍കുക എന്നതാണ് കെ-ആക്‌സിലറേഷനിലൂടെ ലക്ഷ്യമിടുന്നത്.

ഫെബ്രുവരി 22 മുതല്‍ മൂന്നു മാസത്തേയ്ക്കാണ് പരിപാടി. മൂന്നാമത്തെ മാസത്തില്‍ ഒരാഴ്ച ബംഗലുരുവിലോ മുംബൈയിലോ ഇവരെ നിയോഗിക്കും. ഒരു ദിവസം നിക്ഷേപകരുമായി ആശയവിനിമയത്തിന് അവസരമുണ്ടാകും. പ്രാരംഭ ഘട്ടമായ ഇന്‍കുബേഷനുശേഷം സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയിലെ രണ്ടാംഘട്ടമാണ് ആക്‌സിലറേഷന്‍.

ഉപഭോക്താവിന്റെ താല്‍പര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കിയ ശേഷം ഏറ്റവും അനുയോജ്യമായ ഉല്പന്ന -വിപണി ചേരുവ അവതരിപ്പിക്കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഈ പദ്ധതിയിലൂടെ സഹായം ലഭ്യമാക്കും. ലോകോത്തര ഉല്പന്നങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞാല്‍ അത് സംസ്ഥാനത്ത് കൂടുതല്‍ സാമ്പത്തിക വളര്‍ച്ചയും തൊഴിലവസരങ്ങളും ലഭ്യമാക്കുമെന്ന കണക്കുകൂട്ടലിലാണിത്.

വെര്‍ച്ച്വല്‍ ആക്‌സിലറേറ്റര്‍ പ്രോഗ്രാം ആയി ക്രമീകരിച്ചിട്ടുള്ള കെ-ആക്‌സിലറേഷനില്‍ തല്‍സമയ വെര്‍ച്വല്‍ മെന്ററിങ് സെഷനുകള്‍ക്കൊപ്പം സ്റ്റാര്‍ട്ടപ്പുകളുമായി മെന്റര്‍മാര്‍ നേരിട്ട് ആശയവിനിമയം നടത്തും. സ്വന്തം ഉല്പന്നങ്ങള്‍ വിപണിയിലിറക്കിയിട്ടുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ https://goo.gl/vUw8qF എന്ന വെബ്‌സൈറ്റില്‍ അപേക്ഷിക്കാം. കെഎസ്‌യുഎം വെബ്‌സൈറ്റില്‍ നിന്ന് (https://startupmission.kerala.gov.in/k-accelerator) കുടുതല്‍ വിവരങ്ങള്‍ ലഭിക്കും. ഫെബ്രുവരി 13-നു നടക്കുന്ന പിച്ചിംഗിനുശേഷം 15-ന് വിജയികളെ പ്രഖ്യാപിക്കും. 22-നാണ് ആക്‌സിലറേഷന്‍ തുടങ്ങുന്നത്.