നിധി പ്രയാസ് പദ്ധതിയില്‍ മേക്കര്‍ വില്ലേജും

Posted on: January 22, 2019

കൊച്ചി : കേന്ദ്രസര്‍ക്കാരിന്റെ നിധി പ്രയാസ് പദ്ധതിയില്‍ രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രോണിക് ഹാര്‍ഡ് വെയര്‍ ഇന്‍കുബേറ്ററായ മേക്കര്‍ വില്ലേജിനെയും ഉള്‍പ്പെടുത്തി. ഹാര്‍ഡ് വെയര്‍ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് തുടക്കത്തില്‍ പത്തു ലക്ഷം രൂപ വരെ ധനസഹായം ലഭ്യമാക്കുന്ന പദ്ധതിയാണിത്.

നാഷണല്‍ ഇനിഷ്യേറ്റീവ് ഫോര്‍ ഡെവലപ്പിംഗ് ആന്‍ഡ് ഹാര്‍നെസ്സിംഗ് ഇനോവേഷന്‍സ് എന്നാണ് നിധി പദ്ധതിയുടെ പൂര്‍ണരൂപം. കേന്ദ്രസര്‍ക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ കീഴിലാണ് ഈ പദ്ധതി നടപ്പിലാകുക. വിജ്ഞാന സംബന്ധിയായ സംരംഭങ്ങളെയും സ്റ്റാര്‍ട്ടപ്പുകളെയും പരിപോഷിപ്പിക്കാനാണ് ഈ പദ്ധതി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചത്. യുവാക്കളായ സംരംഭരെ പ്രോത്സാഹിപ്പിക്കുന്നതിനും ആശയങ്ങളെ മാതൃകകളാകക്കി വികസിപ്പിക്കുന്നതിനും സഹായം നല്‍കുന്ന പദ്ധതിയാണിത്.

മികച്ച ആശയം കൈമുതലായിട്ടുണ്ടെങ്കിലം അത് മാതൃകയാക്കി മാറ്റാനുള്ള ധനസഹായം ലഭിക്കാനാണ് സംരംഭകര്‍ക്ക് ഏറ്റവുമധികം ബുദ്ധിമുട്ടേണ്ടി വരുന്നത്. അര്‍ഹരായ സംരംഭകര്‍ക്ക് നിര്‍ണായക ഘട്ടത്തില്‍ സഹായം നല്‍കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഈ പദ്ധതി.

അടിസ്ഥാന സൗകര്യം, സാങ്കേതിക ഉപദേശം, വാണിജ്യ ഉപദേശം, മാതൃകാനിര്‍മ്മാണത്തിനുള്ള സഹായം, എന്നിവ അടങ്ങുന്നതാകും നിധി പ്രയാസ് കേന്ദ്രം. മേക്കര്‍ വില്ലേജിലെ 5000 ചതുരശ്ര അടി സ്ഥലമാണ് നിധി പ്രയാസിനായി മാറ്റി വച്ചിട്ടുള്ളത്. ഭാവന, രൂപകല്‍പന, മാതൃകാനിര്‍മ്മാണം, പ്രതിഫലനം, എന്നീ ഘട്ടങ്ങളിലൂടെ സംരംഭകര്‍ക്ക് കടന്നു പോകാന്‍ തക്ക വിധത്തിലുള്ള മേക്കര്‍ ലാബ് ഇതിന്റെ ഭാഗമാണ്. മേക്കര്‍വില്ലേജിലെ മികച്ച സംരംഭകത്വത്തിന് മുതല്‍ക്കൂട്ടാകും ഈ പദ്ധതി.

തെരഞ്ഞെടുക്കപ്പെട്ട തുടക്കക്കാരായിട്ടുള്ള സംരംഭകര്‍ക്ക് പരമാവധി പത്തു ലക്ഷം രൂപയാണ് ധനസഹായം ലഭിക്കുക. 18 നും 35 നും ഇടയില്‍ പ്രായമുള്ള സംരംഭകര്‍ക്കാണ് അപേക്ഷിക്കാനര്‍ഹത. അപേക്ഷകള്‍ 2019 ജനുവരി 25 മുമ്പായി ലഭിക്കണം. അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും ambn:http://www.makervillage.in/nidhiprayasprograme.php