വെര്‍ച്വല്‍-ഓഗ്‌മെന്റഡ് റിയാലിറ്റിയില്‍ മികവിന്റെ കേന്ദ്രം കൊച്ചിയില്‍

Posted on: January 16, 2019

കൊച്ചി : കമ്പ്യൂട്ടര്‍ ഭാവനാമേഖലയായ വെര്‍ച്വല്‍ റിയാലിറ്റിയിലും ഓഗ്‌മെന്റഡ് റിയാലിറ്റിയിലും സംസ്ഥാനത്ത് മികച്ച അന്തരീക്ഷം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യവുമായി കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെഎസ്‌യുഎം) യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂണിറ്റി ടെക്‌നോളജീസുമായി കൈകോര്‍ക്കുന്നു. എആര്‍, വിആര്‍, ഗെയിമിംഗ് മേഖലകളിലെ ഈ മികവിന്റെ കേന്ദ്രം കളമശ്ശേരിയില്‍ അടുത്തിടെ ഉദ്ഘാടനം ചെയ്യപ്പെട്ട സംയോജിത സ്റ്റാര്‍ട്ടപ് സമുച്ചയത്തിലാണ് സ്ഥാപിക്കുന്നത്.

ഇതു സംബന്ധിച്ച ധാരണാപത്രം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ കെഎസ്‌യുഎം സിഇഒ ഡോ. സജി ഗോപിനാഥും യൂണിറ്റി ടെക്‌നോളജീസിന്റെ ഏഷ്യ പെസഫിക് മേധാവി അനുമുക്കോണ്ട രമേശും ഒപ്പുവച്ചു. രാജ്യത്തെ ഏറ്റവും വലിയ ഈ സംയോജിത സ്റ്റാര്‍ട്ടപ് സമുച്ചയത്തിന്റെ ഉദ്ഘാടനവേളയോടനുബന്ധിച്ചായിരുന്നു കാരാര്‍ ഒപ്പുവയ്ക്കല്‍. യൂണിറ്റി ടെക്‌നോളജീസിന്റെ ഏഷ്യ പെസഫിക്‌സ് പ്രസിഡന്റ് ഹുബേര്‍ട്ട് ലറേനൗഡിയും ചടങ്ങില്‍ പങ്കെടുത്തു.

മൊബൈല്‍, പേഴ്‌സനല്‍ കംപ്യൂട്ടര്‍, വ്യത്യസ്ത എആര്‍, വിആര്‍ ഹാര്‍ഡ്‌വെയറുകള്‍ എന്നീ പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാകുന്ന ഉത്പന്നങ്ങളും സേവനങ്ങളും ഗെയിമുകളും വികസിപ്പിക്കുന്നതിന് മികവിന്റെ കേന്ദ്രത്തിലൂടെ യൂണിറ്റി ടെക്‌നോളജീസ് എല്ലാ സഹായങ്ങളും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്കും. സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും എആര്‍, വിആര്‍ വികസിപ്പിക്കുന്ന ഉപകരണങ്ങളില്‍ വിവിധ തലങ്ങളില്‍ പരിശീലനം നല്‍കുന്നതിനും പ്രത്യേക ഊന്നല്‍ നല്കും.

അടുത്ത ആറ് വര്‍ഷത്തിനുള്ളില്‍ വിആര്‍ വിപണി ആഗോളതലത്തില്‍ വന്‍വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിക്കും. വിആര്‍ ഉള്ളടക്കവും പരിഹാരങ്ങളും അടിസ്ഥാനമാക്കി നൂതന ബിസിനസ് സംരംഭങ്ങള്‍ തുടങ്ങുന്നതിലൂടെയായിരിക്കും ഈ വളര്‍ച്ചയെന്ന് സംസ്ഥാന ഐടി, ഇലക്ട്രോണിക്‌സ് വകുപ്പ് സെക്രട്ടറി എം. ശിവശങ്കര്‍ ഐഎഎസ് പറഞ്ഞു. ആഗോളതലത്തിലെ ആവശ്യങ്ങള്‍ക്കനുസൃതമായി നൂതന ബിസിനസുകള്‍ രൂപപ്പെടുത്തുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ചുവടുവയ്പ്പായാണ് യൂണിറ്റി ടെക്‌നോളജീസുമായുള്ള പങ്കാളിത്തം. ഈ അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ കേരളത്തിലെ ഐസിടി അക്കാദമിക്കും സിഡിറ്റിനും സുപ്രധാന പങ്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മികവിന്റെ കേന്ദ്രത്തിലൂടെ എല്ലാ ഉള്ളടക്കത്തിന്റേയും അറുപതു ശതമാനത്തിലധികം എആര്‍,വിആര്‍ അധിഷ്ഠിതമാക്കും. അടുത്ത ഏതാനു വര്‍ഷങ്ങള്‍ക്കകം ഈ മേഖല സുപ്രധാന വളര്‍ച്ച കൈവരിക്കുമെന്നും ഹുബേര്‍ട്ട് ലറേനൗഡി പറഞ്ഞു.

വികസിച്ചുവരുന്ന സാങ്കേതികവിദ്യകളില്‍ അടിസ്ഥാനമായ യുവ സംരംഭങ്ങള്‍ക്ക് ആവശ്യമായ എല്ലാ പ്രവര്‍ത്തനാന്തരീക്ഷവും രൂപപ്പെടുത്തി നല്‍കാന്‍ കെഎസ്‌യുഎം പ്രതിബദ്ധമാണെന്ന് സഹകരണത്തെ മുന്‍നിര്‍ത്തി ഡോ. സജി ഗോപിനാഥ് പറഞ്ഞു. പുതിയ നൈപുണ്യം ആവശ്യമായ നൂതന തൊഴില്‍ രംഗമാണ് ഈ വികസിത മേഖല സൃഷ്ടിക്കുക. ഡിസൈന്‍, ഡെവലപ്‌മെന്റ് ടൂളുകളില്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നൈപുണ്യം പ്രദാനം ചെയ്യാന്‍ കേരളത്തിലെ ഐസിടി അക്കാദമിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകത്തിലെ 4.0 മേഖലയിലും വ്യത്യസ്ത തരത്തില്‍ പ്രവര്‍ത്തിക്കാനാകുന്ന സുപ്രധാന സാങ്കേതിക വിദ്യയാണ് വിആര്‍ എന്നും ഇതില്‍ നൈപുണ്യമുള്ള യുവജനങ്ങള്‍ക്ക് ഭാവി തൊഴില്‍ വിപണിയില്‍ മേല്‍ക്കോയ്മ നേടാനാകുമെന്നും കേരള ഐസിടി അക്കാദമി സി ഇ ഒ സന്തോഷ് കുറുപ്പ് പറഞ്ഞു.