സര്‍ക്കാര്‍ ഐടി പദ്ധതികളില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പങ്കാളിത്തം

Posted on: December 29, 2018

തിരുവനന്തപുരം : സര്‍ക്കാര്‍ മേഖലയിലെ ചെറുകിട, ഇടത്തരം ഐടി പദ്ധതികള്‍ രൂപകല്‍പന ചെയ്ത് നടപ്പാക്കാന്‍ സ്റ്റാര്‍ട്ടപ്പുകളെ ക്ഷണിക്കുന്നു. കേരള സ്റ്റാര്‍ട്ടപ് മിഷനില്‍ (കെഎസ്‌യുഎം) രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, കോര്‍പറേഷനുകള്‍, തദ്ദേശ ഭരണ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍ തുടങ്ങി സര്‍ക്കാരിനു പങ്കാളിത്തമുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും 20 ലക്ഷം മുതല്‍ ഒരു കോടി രൂപവരെ ചെലവു വരുന്ന ഐടി പദ്ധതികള്‍ നടപ്പാക്കാന്‍ ഇനി സ്റ്റാര്‍ട്ടപ്പുകളെ ക്ഷണിക്കാം. ഇതു സംബന്ധിച്ച ഉത്തരവ് സംസ്ഥാന ഇലക്‌ട്രോണിക്‌സ്-ഐടി വകുപ്പ് പുറത്തിറക്കി. ഈ സ്ഥാപനങ്ങള്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് ടെന്‍ഡര്‍ വിളിച്ചാണ് പദ്ധതികള്‍ നടപ്പാക്കേണ്ടത്.

കേരള സ്റ്റാര്‍ട്ടപ് മിഷന്റെ (കെഎസ്‌യുഎം) കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സോഫ്റ്റ്‌വെയര്‍ ഉത്പന്നങ്ങളും സേവനങ്ങളും മൊബൈല്‍ ആപ്ലിക്കേഷനുകളും നേരിട്ടു വാങ്ങുന്നതിനുള്ള പരിധി സംസ്ഥാന സര്‍ക്കാര്‍ അഞ്ചു ലക്ഷം രൂപയില്‍ നിന്ന് 20 ലക്ഷം രൂപയായി ഈയിടെയാണ് ഉയര്‍ത്തിയത്.

സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയെന്ന നയം മുന്‍നിര്‍ത്തി സ്റ്റാര്‍ട്ടപ്പുകളുടെ ബാധ്യത കുറയ്ക്കുന്നതിനും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ കൂടുതലായി വിറ്റഴിക്കുന്നതിനും ഇതിലൂടെ കഴിഞ്ഞിരുന്നു. പുതിയ ഉത്തരവിലൂടെ പദ്ധതികള്‍ നേരിട്ട് നടപ്പാക്കുന്നതിന് സ്റ്റാര്‍ട്ടപ്പുകള്‍ക്കു കഴിയും. തങ്ങള്‍ക്ക് അനുയോജ്യമായ പദ്ധതികള്‍ കുറഞ്ഞ ചെലവില്‍ സ്റ്റാര്‍ട്ടപ്പുകള്‍ വഴി നടപ്പാക്കാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സാധ്യമാകും.

സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ് മേഖലയുടെ വളര്‍ച്ചയ്ക്ക് പുതിയ ഉത്തരവ് വഴിയൊരുക്കുമെന്ന് സ്റ്റാര്‍ട്ടപ് മിഷന്‍ സിഇഒ ഡോ.സജി ഗോപിനാഥ് പറഞ്ഞു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മികച്ച് അവസരങ്ങള്‍ ലഭ്യമാകുന്നതിനും സംസ്ഥാനത്തിനു പുറത്തു നിന്നുള്ള സ്റ്റാര്‍ട്ടപ്പുകളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതിനും ഇത് സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയില്‍ സ്റ്റാര്‍ട്ടപ് മേഖലയിലെ മികച്ച നാലു സംസ്ഥാനങ്ങളിലൊന്നായി കേരളം തെരഞ്ഞെടുക്കപ്പെട്ടതിലൂടെ സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൂടുതല്‍ അംഗീകാരം ലഭിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിച്ച് ഇതുവരെ നാല്‍പതോളം സ്റ്റാര്‍ട്ടപ്പുകളാണ് പ്രവര്‍ത്തിച്ചുവരുന്നത്. വകുപ്പുകളുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനും സേവനങ്ങള്‍ കൃത്യതയോടെ പ്രദാനം ചെയ്യുന്നതിനും ഇതിലൂടെ കഴിഞ്ഞിട്ടുണ്ട്. രാജ്യത്തിന്റെ ഏതുഭഗത്തുനിന്നുള്ള സ്റ്റാര്‍ട്ടപ്പുകളായാലും അവ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണെങ്കില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്കായി നൂതന ഐടി-ഇലക്‌ട്രോണിക്‌സ് പദ്ധതികള്‍ വികസിപ്പിച്ച് നടപ്പാക്കുന്നതിനു അവയ്ക്കു കഴിയും.