സൈബര്‍ സുരക്ഷയിലെ നൂതന ആശയങ്ങളുമായി ഐഐഐടിഎം-കെ ശില്‍പശാല

Posted on: December 28, 2018

തിരുവനന്തപുരം : സൈബര്‍ സുരക്ഷയില്‍ നൂതന ആശയങ്ങളും അറിവുകളും പ്രദാനം ചെയ്ത ത്രിദിന ശില്‍പശാലയ്ക്ക് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ് – കേരള (ഐഐഐടിഎം-കെ) വേദിയായി. സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഇന്നൊവേഷന്‍ ഇന്‍ സൈബര്‍ ത്രെട്ട് റിസീലിയന്‍സ് (സിആര്‍ഐസിടിആര്‍), എസിഎം ട്രിവാന്‍ഡ്രം പ്രൊഫഷണല്‍ ചാപ്റ്റര്‍, ഐഇഇഇ കമ്മ്യൂണിക്കേഷന്‍ സൊസൈറ്റി കേരള ചാപ്റ്റര്‍ എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് ‘മെഷീന്‍ ലേണിംഗ് ഫോര്‍ സൈബര്‍ സെക്യൂരിറ്റി’ എന്ന വിഷയത്തെ അധികരിച്ച ശില്‍പശാല സംഘടിപ്പിച്ചത്.

സൈബര്‍ സുരക്ഷയിലെ വെല്ലുവിളികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും വിവിധ തലങ്ങളില്‍ മെഷിന്‍ ലേണിംഗ് സൈബര്‍ സുരക്ഷയില്‍ അനുവര്‍ത്തിക്കുന്നതിന്റെ പ്രായോഗികതകളും ആരാഞ്ഞ ശില്‍പശാല ഐഐഐടിഎം-കെ ഡയറക്ടര്‍ ഡോ സജി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.

മെല്‍ബണ്‍ സര്‍വ്വകലാശാല സ്‌കൂള്‍ ഓഫ് കംപ്യൂട്ടിംഗ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് ക്ലൗഡ് കംപ്യൂട്ടിംഗ് ആന്‍ഡ് ഡിസ്ട്രിബ്യൂട്ടഡ് സിസ്റ്റംസ് (ക്ലൗഡ്‌സ്) ലബോറട്ടറി ഡയറക്ടര്‍ ഡോ രാജ്കുമാര്‍ ബുയ്യ, ഐഐഐടി ബെംഗളൂരു പ്രൊഫസര്‍ ഡോ ശ്രീഷാ റാവൂ, ഗ്രേറ്റര്‍ നോയിഡ ബെന്നറ്റ് യൂണിവേഴ്‌സിറ്റിയിലെ ഡോ സുനീത് കുമാര്‍ ഗുപ്ത, ഡാറ്റാ സയന്‍സ് ആന്‍ഡ് കൊഗ്നീറ്റീവ് സെക്യൂരിറ്റി പ്രാക്ടീഷണര്‍ വിനയകുമാര്‍ ആര്‍ തുടങ്ങിയ ആഗോള വിദഗ്ധരാണ് ശില്‍പശാലയ്ക്ക് നേതൃത്വം നല്‍കിയത്.

സൈബര്‍സുരക്ഷാ മേഖലയിലെ അനുഭവങ്ങളും വിദഗ്ധര്‍ പങ്കുവച്ചു. മെഷീന്‍ ലേണിംഗിലെ പ്രായോഗിക സമീപനങ്ങളിലും ഡീപ് ലേണിംഗ് സാങ്കേതികവിദ്യയിലും അടിസ്ഥാനമായ മേഖലയിലെ പുത്തന്‍ പ്രവണതകളും വികാസവും അവര്‍ വിശദമാക്കി.

ആദ്യ ദിനത്തില്‍ ‘റിസര്‍ച്ച് @ഐഐഐടിഎം-കെ’ എന്ന വിഷയത്തില്‍ നടന്ന സെഷനില്‍ സ്ഥാപനത്തിന്റെ നിലവിലെ ഗവേഷണ പ്രവര്‍ത്തനങ്ങളെ പരിചയപ്പെടുത്തി. സ്മാര്‍ട് സര്‍വ്വൈലന്‍സ്, വള്‍ണറബിളിറ്റി അനാലിസിസ്, സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സെക്യൂരിറ്റി, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് സെക്യൂരിറ്റിയിലെ ബയോമെട്രിക്‌സിന്റെ പ്രായോഗികത, ഇന്‍ട്രൂഷന്‍ ഡിറ്റെക്ഷന്‍, ട്രസ്റ്റ് മാനേജ്‌മെന്റ്, ഓതര്‍ഷിപ്പ് അനാലിസിസ്, വയര്‍ലെസ് സെന്‍സര്‍ നെറ്റ്‌വര്‍ക്ക്‌സ്, ഇമേജ് ഫോറെന്‍സിക്, ബ്ലോക്‌ചെയിന്‍ സാങ്കേതികവിദ്യ എന്നിവയെക്കുറിച്ചും പരാമര്‍ശിച്ചു.

‘സെയ്ഫ്റ്റി ഇഷ്യൂസ് ഇന്‍ സൈബര്‍ ഫിസിക്കല്‍ സിസ്റ്റംസ്’ എന്ന വിഷയത്തില്‍ ഐഐഐടി ബെംഗളൂരു പ്രൊഫസര്‍ ഡോ ശ്രീഷാ റാവൂ സുരക്ഷാ പ്രശ്‌നങ്ങളെക്കുറിച്ചും അപായ സാധ്യതകളെക്കുറിച്ചും വിശദീകരിച്ചു. ബെന്നീറ്റ് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഡോ സുനീത് കുമാര്‍ ഗുപ്ത ‘ഹാന്‍ഡ് റിട്ടണ്‍ ഡിജി ക്ലാസിഫിക്കേഷന്‍ യൂസിംഗ് ആര്‍ട്ടിഫിഷ്യല്‍ ന്യൂറല്‍ നെറ്റ്‌വര്‍ക്ക് ആന്‍ഡ് കോണ്‍വൊലൂഷണല്‍ നെറ്റ്വര്‍ക്ക്‌സ്’ എന്ന വിഷയത്തില്‍ സംസാരിച്ചു.

ക്ലൗഡ് കംപ്യൂട്ടിംഗ് ആന്‍ഡ് ഡിസ്ട്രിബ്യൂട്ടഡ് സിസ്റ്റംസ് ഡയറക്ടര്‍ ഡോ. രാജ്കുമാര്‍ ബുയ്യയുടെ പ്രഭാഷണത്തോടെയാണ് രണ്ടാം ദിനം ആരംഭിച്ചത്. ക്ലൗഡ്/ഫോഗ് കംപ്യൂട്ടിംഗ്, ബ്ലോക്‌ചെയിന്‍ എന്നിവയെ ബന്ധിപ്പിച്ചുള്ള ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സിലെ പുത്തനാശയങ്ങള്‍ അദ്ദേഹം വിശദമാക്കി.

TAGS: IITM Kerala |