സ്റ്റാര്‍ട്ടപ് റാങ്കിംഗ് : കേരളം ഇന്ത്യയിലെ മികച്ച നാലു സംസ്ഥാനങ്ങളിലൊന്ന്

Posted on: December 21, 2018

ഇക്കൊല്ലത്തെ സ്റ്റാര്‍ട്ടപ് ദേശീയ റാങ്കിംഗില്‍ മികച്ച സംസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ട കേരളത്തിനുള്ള സാക്ഷ്യപത്രം കേന്ദ്ര വ്യവസായ നയ-പ്രോത്സാഹന വകുപ്പ് സെക്രട്ടറി രമേഷ് അഭിഷേകില്‍ നിന്ന് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ് സ്വീകരിക്കുന്നു. സ്റ്റാര്‍ട്ടപ് മിഷന്‍ ബിസിനസ് ഡെവലപ് മെന്റ് മാനേജര്‍ അശോക് കുര്യന്‍, ടെക് നിക്കല്‍ ഓഫീസര്‍ ജി വരുണ്‍, അസിസ്റ്റന്റ് മാനേജര്‍ എന്‍.എം നാസിഫ് എന്നിവര്‍ സമീപം.

തിരുവനന്തപുരം : കേരളം ഇന്ത്യയിലെ സ്റ്റാര്‍ട്ടപ് റാങ്കിംഗില്‍ മികച്ച നാലു സംസ്ഥാനങ്ങളിലൊന്നായി തെരഞ്ഞെടുക്കപ്പെട്ടു.ദീര്‍ഘവീക്ഷണമുള്ള നേതൃത്വം, തന്ത്രപരമായ സമീപനങ്ങള്‍, ശക്തമായ നൂതനസ്വഭാവം, സംരംഭകത്വത്തിന് അനുയോജ്യമായ അന്തരീക്ഷം എന്നിവയാണ് കേരളത്തെ മികച്ചതാക്കിയത്.

കേന്ദ്ര വ്യവസായനയ- പ്രോത്സാഹന വകുപ്പ് (ഡിഐപിപി) തയാറാക്കിയ ദേശീയ റാങ്കിംഗില്‍ കര്‍ണാടക, ഒഡിഷ, രാജസ്ഥാന്‍ എന്നിവയ്‌ക്കൊപ്പമാണ് കേരളത്തിന്റെ സ്ഥാനം. 27 സംസ്ഥാനങ്ങളും മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളുമാണ് മികവിനുവേണ്ടി മത്സരിച്ചത്. ബുധനാഴ്ച ഡല്‍ഹിയില്‍ വച്ചായിരുന്നു മികച്ച സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ്. കേരളത്തില്‍ സ്റ്റാര്‍ട്ടപ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന സര്‍ക്കാര്‍ സ്ഥാപനമായ കേരള സ്റ്റാര്‍ട്ടപ് മിഷന്റെ സിഇഒ ഡോ. സജി ഗോപിനാഥ് ഡിഐപിപി സെക്രട്ടറി രമേഷ് അഭിഷേകില്‍നിന്ന് മികച്ച സംസ്ഥാനത്തിനുള്ള അവാര്‍ഡ് സ്വീകരിച്ചു.

കേരളത്തിന്റെ തിളക്കമാര്‍ന്ന പ്രകടനത്തിന് നേതൃത്വം നല്‍കിയ സംസ്ഥാന ഐടി സെക്രട്ടറി എം ശിവശങ്കര്‍, സ്റ്റാര്‍ട്ടപ് മിഷന്‍ സിഇഒ ഡോ സജി ഗോപിനാഥ് എന്നിവരെ യോഗത്തില്‍ അനുമോദിച്ചു.

സ്റ്റാര്‍ട്ടപ് നയത്തിലൂടെ 2014 മുതല്‍ സംരംഭങ്ങള്‍ക്ക് നല്‍കുന്ന പിന്തുണ, എല്ലാ ജില്ലകളിലും സംരംഭക സെല്ലുകള്‍, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനുള്ള ഫണ്ട് എന്നിവയിലൂടെ കേരളം കാഴ്ചവച്ച മികച്ച പ്രകടനമാണ് റാങ്കിംഗില്‍ എടുത്തുപറഞ്ഞിട്ടുള്ളത്. സ്റ്റാര്‍ട്ടപ് നയം നടപ്പാക്കുന്നതിലും ഇന്‍കുബേഷന്‍ ഹബ്ബുകള്‍ സ്ഥാപിക്കുന്നതിലും സ്റ്റാര്‍ട്ടപ് പ്രക്രിയയിലെ സീഡിംഗ്, ഇന്നവേഷന്‍ എന്നിവയിലും ബോധവല്‍കരണത്തിലും കേരളം മികവു കാട്ടി. കഴിഞ്ഞ ഫെബ്രുവരിയില്‍ കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി സുരേഷ് പ്രഭുവാണ് റാങ്കിംഗ് പ്രക്രിയയ്ക്ക് തുടക്കമിട്ടത്.

സ്റ്റാര്‍ട്ടപ്പുകളുടെ വികസനത്തില്‍ പ്രത്യേക താല്പര്യമാണ് കേരളം മുന്നോട്ടുവച്ചിട്ടുള്ളതെന്നും ഇന്ത്യയിലാദ്യമായി സ്റ്റാര്‍ട്ടപ് നയം നടപ്പാക്കിയത് കേരളമാണെന്നും ഈ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് കേരളത്തിനു ലഭിച്ചതെന്നും അവാര്‍ഡ് സ്വീകരിച്ചതിനുശേഷമുള്ള മറുപടി പ്രസംഗത്തില്‍ ഡോ സജി ഗോപിനാഥ് പറഞ്ഞു.