ബ്ലോക്‌ചെയിന്‍ വിപ്ലവത്തിന് ഇന്ത്യ സജ്ജം : ബോബ് ടാപ്‌സ്‌കോട്ട്

Posted on: December 10, 2018

തിരുവനന്തപുരം : ലോകത്ത് ബ്ലോക്‌ചെയിന്‍ വിപ്ലവത്തിന് നേതൃത്വം നല്‍കാന്‍ പോകുന്നത് ഇന്ത്യയായിരിക്കുമെന്ന് കനേഡിയന്‍ ബ്ലോക്‌ചെയിന്‍ വിദഗ്ധനായ ബോബ് ടാപ്‌സ്‌കോട്ട്. ഐഐഐടിഎം – കെയുടെ കീഴിലുള്ള കേരള ബ്ലോക്‌ചെയിന്‍ അക്കാദമി (കെബിഎ) കോവളം ഉദയ സമുദ്ര ഹോട്ടലില്‍ സംഘടിപ്പിച്ച ത്രിദിന ബ്ലോക്‌ചെയിന്‍ ഉച്ചകോടിയുടെ സമാപനദിനമായ ശനിയാഴ്ച ഫ്രെം പൈലറ്റ് ടു പ്രൊഡക്ഷന്‍ : ദ ബ്ലോക്‌ചെയിന്‍ സ്‌റ്റേറ്റ് ഓഫ് പ്ലെ ഫോര്‍ 2019 എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിലിക്കണ്‍വാലിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നപ്പോള്‍ ഇന്ത്യക്കാര്‍ നിര്‍മ്മിച്ച ഉത്പന്നങ്ങള്‍ കണ്ട് അന്ധാളിച്ചുപോയി. കഴിവും നൈപുണ്യവും കോര്‍ത്തിണക്കിയ മികച്ച അന്തരീക്ഷം ഇന്ത്യയ്ക്കുണ്ട്. ഇന്ത്യയിലെ നൈപുണ്യം കണക്കിലെടുത്താണ് സ്വന്തം അനുഭവത്തില്‍ നിന്ന് ഇന്ത്യയ്ക്ക് ബ്ലോക്‌ചെയിന്‍ വിപ്ലവത്തിന് നേതൃത്വം നല്‍കാനാകുമെന്ന് ചൂണ്ടിക്കാട്ടിയതെന്ന് കാനഡയിലെ ബ്ലോക്‌ചെയിന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഓതറായ അദ്ദേഹം വ്യക്തമാക്കി.

കാനഡ ഈ രംഗത്ത് വളര്‍ന്നു വരുന്നുണ്ട്. സ്വിറ്റ്‌സര്‍ലാന്‍ഡ് ക്രിപ്‌റ്റോകറന്‍സിയില്‍ മുന്‍നിരയിലുണ്ട്. അറിവിന്റേയും കാര്യക്ഷമതയുടേയും സാങ്കേതികവിദ്യയുടേയും കാര്യത്തില്‍ ഇന്ത്യയ്ക്ക് ഈ രംഗത്ത് നേതൃത്വം നല്‍കുന്നതിനുള്ള പ്രാപ്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ബ്ലോക്‌ചെയിന്‍ നിരവധിപേരുടെ ജോലി നഷ്ടപ്പെടുത്തില്ല. അനാവശ്യമായ മദ്ധ്യസ്ഥ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കി സ്ഥാപനത്തെ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ഉപകരിക്കുന്ന ബ്ലോക്‌ചെയിന്‍ തൊഴിലും പുതിയ വിതരണ ശൃംഖലയും സൃഷിടിക്കുമെന്നും ഇന്ത്യയില്‍ ആദ്യമായി എത്തിയ ബോബ് ടാപ്‌സ്‌കോട്ട് പറഞ്ഞു.

നിര്‍മ്മിതബുദ്ധി ജോലിസാധ്യത കുറയ്ക്കും. നിര്‍മ്മിത ബുദ്ധിയിലെ വിപുലമായ വളര്‍ച്ച പത്തുവര്‍ഷത്തിനുള്ളില്‍ പുറത്തുവരും. 2017ല്‍ ഊബറിന്റെ നഷ്ടം 61 ശതമാനത്തില്‍ നിന്നും 4.5 ബില്യണ്‍ ഡോളറായി. അവിടുത്തെ ഡ്രൈവര്‍മാര്‍ മറ്റു മേഖലകളിലേക്ക് ചേക്കേറി. വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ പഠനമനുസരിച്ച് എല്ലാ തൊഴില്‍ വിഭാഗത്തിലേയും അഞ്ചുശതമാനം ജോലി 2020 ഓടെ നഷ്ടമാകും. മെക്കന്‍സിയുടെ പഠനത്തില്‍ 2030 തോടെ 80 കോടി തൊഴിലവസരങ്ങള്‍ നഷ്ടമുണ്ടാകും. ഉയര്‍ന്ന സാങ്കേതിക നൈപുണ്യമുള്ള കുറച്ചുപേര്‍ക്കേ നിര്‍മ്മിതബുദ്ധി തൊഴിലസരം സൃഷ്ടിക്കുകയുള്ളുവെന്നും നിര്‍മ്മിത ബുദ്ധി, ബിഗ് ഡേറ്റ എന്നീ സാങ്കേതികവിദ്യകളുടെ സ്വാധീനത്തെക്കുറിച്ച് സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി.

എമേര്‍ജിംഗ് ബ്ലോക്‌ചെയിന്‍ ആപ്ലിക്കേഷന്‍സ് ഇന്‍ ടെലികോം എന്ന വിഷയത്തില്‍ റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ് വൈസ് പ്രസിഡന്റ് ഡോ. ദിലീപ് കൃഷ്ണസ്വാമി സംസാരിച്ചു. ബ്ലോക് ചെയിന്‍ മേഖലയില്‍ ലിംഗ അന്തരം തിരുത്തിക്കുറിക്കാനായി കെബിഎ ഉച്ചകോടിയില്‍ ബ്ലോക്‌ചെയിന്‍ വിമെന്‍ കണക്റ്റ് ആരംഭിച്ചു. കേരളത്തില്‍ പ്രത്യേകിച്ചും ഇന്ത്യയില്‍ പൊതുവായുള്ള ബ്ലോക്‌ചെയിനിലെ ആഗോള വിപണനങ്ങള്‍ വിപുലമാക്കുന്നതിനുള്ള അപൂര്‍വ്വ അവസരമായിരുന്നു ഉച്ചകോടി പ്രദാനം ചെയ്തത്.