കെഎസ്‌യുഎം : സ്റ്റാര്‍ട്ടപ് ഫെസിലിറ്റേഷന്‍ സെന്ററുകള്‍ സ്ഥാപിക്കുന്നു

Posted on: December 3, 2018

തിരുവനന്തപുരം : കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെഎസ്‌യുഎം) സംസ്ഥാന വ്യാപകമായി സ്റ്റാര്‍ട്ടപ് ഫെസിലിറ്റേഷന്‍ സെന്ററുകള്‍ സ്ഥാപിക്കുന്നു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിവിധ മേഖലകളില്‍ ആവശ്യമായ സേവനം ഉറപ്പാക്കുന്നതിനായി ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടുമാണ് ഈ സെന്ററുകള്‍ സ്ഥാപിക്കുന്നത്. അടുത്ത ഘട്ടമെന്ന നിലയില്‍ മറ്റു കേന്ദ്രങ്ങളിലേയ്ക്ക് വ്യാപിപ്പിക്കും.

സ്റ്റാര്‍ട്ടപ് രജിസ്‌ട്രേഷന്‍, ഫണ്ടിംഗ് ഉപദേശം, വിപണനം, നിയമോപദേശം, നിയമപരമായ അനുമതി നേടല്‍, മനുഷ്യശേഷി എന്നീ മേഖലകളില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സേവനം ഉറപ്പാക്കുകയാണ് ലക്ഷ്യം. അതിനായി പാനല്‍ തയ്യാറാക്കാന്‍ അംഗീകൃത ഏജന്‍സികളില്‍ നിന്ന് കെസ്‌യുഎം താല്‍പര്യപത്രം ക്ഷണിച്ചു.

ഒന്നോ അതിലധികമോ മേഖലകളില്‍ വൈദഗ്ധ്യവും ചുരുങ്ങിയത് രണ്ടുവര്‍ഷമെങ്കിലും പ്രവൃത്തിപരിചയവുമുള്ള ഏജന്‍സികള്‍ക്ക് ഇ- പ്രൊക്യുര്‍മെന്റ് പോര്‍ട്ടലായ https://startupmission.kerala.gov.in/tender ല്‍ താല്‍പര്യപത്രം സമര്‍പ്പിക്കാം. കരാര്‍ ഒപ്പിട്ട് ഒന്നു മുതല്‍ രണ്ടു വര്‍ഷത്തേയ്ക്കാണ് പാനല്‍ കാലാവധി. പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേയ്ക്കുകൂടി നീട്ടും. രജിസ്റ്റര്‍ ചെയ്ത ഏജന്‍സികളാണ് അപേക്ഷിക്കേണ്ടത്. വ്യക്തികള്‍ക്ക് അപേക്ഷിക്കാനാവില്ല.