ഇന്ത്യയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ സമ്പദ്ഗണമായി വളരുന്നു

Posted on: November 22, 2018

തിരുവനന്തപുരം : രാജ്യത്ത് സ്റ്റാര്‍ട്ടപ്പുകള്‍ സമ്പത്തുള്ള വിഭാഗമായി വികസിച്ചു വരികയാണെന്നും ഈ പ്രവണത നിലനിര്‍ത്താന്‍  കൂടുതല്‍ നിക്ഷേപം ലഭ്യമാക്കണമെന്നും ലെറ്റ്‌സ്‌വെഞ്ച്വര്‍ സ്ഥാപക ശാന്തി മോഹന്‍ പറഞ്ഞു. ആരോഗ്യമേഖലയിലെ സ്റ്റാര്‍ട്ടപ് നിക്ഷേപം എന്ന വിഷയത്തില്‍ കേരള സ്റ്റാര്‍ട്ടപ് മിഷന്‍  താജ് വിവാന്തയില്‍ സംഘടിപ്പിച്ച എലിവേറ്റ്  ദേശീയ ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ധനകാര്യസ്ഥാപനങ്ങളടക്കം പണം കൈകാര്യം ചെയ്യുന്നവര്‍ സ്റ്റാര്‍ട്ടപ്പുകളെ സമ്പദ്ഗണത്തില്‍ പെടുത്തണമെന്നില്ലെന്ന് ശാന്തി ചൂണ്ടിക്കാട്ടി. കാരണം ഇവര്‍ക്ക് അനൗപചാരികമായി പണം നിക്ഷേപിക്കാനിഷ്ടപ്പെടുന്ന എയ്ഞ്ചല്‍ നിക്ഷേപകരോട് ഏത് സ്റ്റാര്‍ട്ടപ്പിലാണ് നിക്ഷേപിക്കണം എന്നു പറഞ്ഞുകൊടുക്കാനുള്ള അറിവില്ല. മികച്ച സ്ഥാപകര്‍ പിന്നിലുള്ള സംരംഭങ്ങളിലേ നിക്ഷേപിക്കാവൂ എന്ന് പണം മുടക്കുന്നവര്‍ മനസ്സിലാക്കിയിരിക്കണമെന്നും അവര്‍ വ്യക്തമാക്കി.

രണ്ടു പതിപ്പുകളായുള്ള ശില്‍പശാലയുടെ ആദ്യ പതിപ്പായ എലിവേറ്റ് എന്ന സ്റ്റാര്‍ട്ടപ് നിക്ഷേപ വിദ്യാഭ്യാസ പരിപാടി മികച്ച നിക്ഷേപകര്‍ക്കും ആസ്തിമികവുള്ള വ്യക്തികള്‍ക്കുമായാണ് സംഘടിപ്പിച്ചത്.

22.9 ശതമാനം വളര്‍ച്ചയുള്ള 110 ബില്യണ്‍ ഡോളര്‍ വ്യവസായ മേഖലയാണ് ഇന്ത്യന്‍ ആരോഗ്യ സംരക്ഷണമേഖലയെന്നും ഡോക്ടര്‍-രോഗി അനുപാതവും ഇന്‍ഷുറന്‍സും ലോകത്തില്‍വച്ച് ഇന്ത്യയില്‍ ഏറ്റവും കുറവാണെന്നും ആരോഗ്യ പരിരക്ഷയിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി ക്വിക്ക്‌വെല്‍ മുന്‍സ്ഥാപകനും നിക്ഷേപകനുമായ ശ്രീ രാഘവേന്ദ്ര പറഞ്ഞു

ഡോക്ടര്‍മാരും ആരോഗ്യസംരക്ഷണ രംഗത്തെ ഉദ്യോഗസ്ഥരും നിക്ഷേപകരും പങ്കെടുത്ത ശില്‍പശാലയില്‍ കെഎസ്‌യുഎം പ്രോജക്ട് ഡയറക്ടര്‍ പി.എം. റിയാസും സംസാരിച്ചു. ആരോഗ്യ പരിരക്ഷാ മേഖലയില്‍ സജീവമായ സ്റ്റാര്‍ട്ടപ്പുകള്‍ ശില്‍പശാലയില്‍ ആശയങ്ങള്‍ അവതരിപ്പിച്ചു.

TAGS: Kerala Startups |