നിര്‍മ്മിതബുദ്ധിയില്‍ കേരളത്തിന് അനന്തസാധ്യതകള്‍ : മേക്കര്‍ വില്ലേജ് സെമിനാര്‍

Posted on: November 19, 2018

കൊച്ചി : നിര്‍മ്മിത ബുദ്ധി വിജ്ഞാന മേഖലയില്‍ കേരളത്തിന്  അനന്തസാധ്യതകളാണുള്ളതെന്ന് കളമശ്ശേരി മേക്കര്‍ വില്ലേജില്‍ നടന്ന സെമിനാറില്‍ പങ്കെടുത്ത വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ദൈനംദിന ജീവിതത്തിലെ അടിസ്ഥാന കാര്യങ്ങളില്‍ വരെ നിര്‍മ്മിത ബുദ്ധി സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തേണ്ട കാലം വിദൂരമല്ലെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു.

നിര്‍മിത ബുദ്ധിയിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാതലായ മാറ്റങ്ങള്‍, അവസരങ്ങള്‍, വെല്ലുവിളികള്‍, സ്റ്റാര്‍ട്ടപ്പുകളുടെ ഭാവി എന്നീ മേഖലകളിലാണ് സെമിനാറില്‍ ചര്‍ച്ച നടന്നത്. ടിസിഎസ്സിന്റെ ഇന്‍ഡസ്ട്രിയല്‍ റോബോട്ടിക്‌സ് ആന്‍ഡ് കോഗ്നിറ്റീവ് സിസ്റ്റംസ് ആഗോള മേധാവി ഡോ. റോഷി ജോണ്‍, ഐഐഎസ്‌സി ബാഗ്ലൂരിലെ അസോസിയേറ്റ് പ്രൊഫസര്‍ അംബേദ്കര്‍ ദുക്കിപതി, ഐബിഎം ഇന്ത്യ ഡീപ്പ് ലേണിംഗ് ഫ്രെയിംവര്‍ക്ക് പവര്‍ പ്ലാറ്റ്‌ഫോം സീനിയര്‍ ആര്‍ക്കിടെക്ട് ആന്റോ അജയ് രാജ് ജോണ്‍, ഇന്റല്‍ ഇന്ത്യ പ്രിന്‍സിപ്പല്‍ എന്‍ജിനീയര്‍ രാഘവേന്ദ്ര ഭട്ട്, ടിസിഎസിന്റെ നിര്‍മ്മിത ബുദ്ധി എന്റര്‍പ്രൈസ് ആര്‍ക്കിടെക്ട് രാജീവ് എം എ എന്നിവര്‍ സെമിനാറില്‍ സംസാരിച്ചു.

അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ നിര്‍മ്മിത ബുദ്ധിമേഖലയില്‍ നിരവധി സാധ്യതകളുണ്ടാകുമെന്ന് ഡോ. റോഷി ജോണ്‍ ചൂണ്ടിക്കാട്ടി. കേരളത്തിലെ അഭ്യസ്തവിദ്യര്‍ക്കിടയില്‍ ഇംഗ്ലീഷ് ഭാഷാ പ്രാവിണ്യം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മികച്ചതാണ്. നിര്‍മ്മിത ബുദ്ധി അടിസ്ഥാനമാക്കി നടത്തുന്ന കണ്ടുപിടുത്തങ്ങള്‍ പരീക്ഷിക്കുന്നതിന് ഇന്ന് ഇന്റര്‍നെറ്റില്‍ പല സൗജന്യ ക്ലൗഡ് സംവിധാനങ്ങളും ലഭ്യമാണ്. ഭാഷാ പരിജ്ഞാനം കൊണ്ട് ഇവിടുത്തെ സംരംഭകര്‍ക്ക് ഇത്തരം കാര്യങ്ങള്‍ ഉപയോഗപ്പെടുത്താവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

നിര്‍മ്മിത ബുദ്ധി തൊഴിലവസരം കുറയ്ക്കുമെന്ന പേടി അസ്ഥാനത്താണെന്ന് ഐബിഎം ഇന്ത്യ ഡീപ്പ് ലേണിംഗ് ഫ്രെയിംവര്‍ക്ക് പവര്‍ പ്ലാറ്റ്‌ഫോം സീനിയര്‍ ആര്‍ക്കിടെക്ട് ആന്റോ അജയ്‌രാജ് ജോണ്‍ പറഞ്ഞു. സാങ്കേതിക വിദ്യയുടെ കടന്നു വരവ് കൊണ്ട് നഷ്ടമാകുന്ന തൊഴിലവസരത്തേക്കാള്‍ അധികം തൊഴിലുകള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. കൃഷി, വീട്ടുജോലി തുടങ്ങി മനുഷ്യന്റെ നിത്യജീവിതത്തില്‍ നിര്‍മ്മിത ബുദ്ധിയുടെ കടന്നുകയറ്റം തടയാനാവില്ല. വൈദ്യുതി പോലെയോ, മൊബൈല്‍ ഫോണ്‍ പോലെയോ ഭാവിയിലെ അനിവാര്യതയായി നിര്‍മ്മിത ബുദ്ധി മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൃഷിയിടത്തില്‍ ഡ്രോണ്‍ ഉപയോഗിച്ച് ആകാശനിരീക്ഷണം നടത്തി കാലാവസ്ഥയ്ക്കനുസരണമായി ഏതു വിളയാണ് കൃഷി ചെയ്യാവുന്നതെന്ന് കണ്ടെത്തുന്ന സാങ്കേതിക വിദ്യ നിര്‍മ്മിത ബുദ്ധിയിലധിഷ്ഠിതമായി വികസിപ്പിച്ചെടുക്കാന്‍ സാധിക്കും. അടുത്ത പടിയായി വിത്തു വിതയ്ക്കുന്നതും ഡ്രോണിലൂടെ സാധിക്കുമെന്നും ആന്റോ അജയ്‌രാജ് ജോണ്‍ ചൂണ്ടിക്കാട്ടി.

നിര്‍മ്മിത ബുദ്ധി മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഗവേഷണ സ്ഥാപനങ്ങളുമായി നിരന്തരമായ ബന്ധം ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്ന് ഐഐഎസ്‌സി ബാഗ്ലൂരിലെ അസോസിയേറ്റ് പ്രൊഫസര്‍ അംബേദ്കര്‍ ദുക്കിപതി പറഞ്ഞു. കേരളത്തില്‍ മികച്ച സര്‍വകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ട്. പക്ഷെ ഗവേഷണ ശാലകള്‍ സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷത്തിന്റെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഹാര്‍ഡ് വെയര്‍ സാങ്കേതിക വിദ്യയില്‍ കേരളത്തിനുള്ള മുന്‍തൂക്കം സോഫ്റ്റ് വെയര്‍ മേഖലയിലേക്ക് കൂടി എത്തിക്കാന്‍ ശ്രമിക്കണമെന്ന് ഇന്റല്‍ ഇന്ത്യ പ്രിന്‍സിപ്പല്‍ എന്‍ജിനീയര്‍ രാഘവേന്ദ്ര ഭട്ട് പറഞ്ഞു. ഈ വിടവ് പരിഹരിച്ചാല്‍ നിര്‍മ്മിത ബുദ്ധി അധിഷ്ഠിതമായ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ സാധ്യത അന്താരാഷ്ട്രതലത്തില്‍ തന്നെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.