കോൾ ഫോർ കോഡ് കേരള ചലഞ്ച് : തൃശൂർ ബോഫയും ടിസിഎസ് കമ്യൂണിക്കാബോളും കാസർകോട് ഫൈനെക്സ്റ്റും വിജയികൾ

Posted on: September 11, 2018

തിരുവനന്തപുരം : കേരള സ്റ്റാർട്ടപ് മിഷൻ നാസ്‌കോമിന്റെയും ഐബിഎമ്മിന്റെയും സഹായത്തോടെ സംഘടിപ്പിച്ച കോൾ ഫോർ കോഡ് കേരള ചലഞ്ച് പരിപാടിയിൽ തൃശൂരിലെ സ്റ്റുഡിയോ ബോഫ, തിരുവനന്തപുരം ടെക്‌നോപാർക്ക് ടിസിഎസിലെ കമ്യൂണിക്കാബോൾ, കാസർഗോട്ടെ ഫൈനെക്സ്റ്റ് ഇന്നവേഷൻ എന്നിവർ ജേതാക്കളായി. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ദ്വിദിന ഹാക്കത്തോണിൽ 12 ടീമുകളാണ് പങ്കെടുത്തത്. തങ്ങളുടെ ആശയങ്ങളുടെ കരടുരൂപമാണ് ഇവർ സമർപ്പിച്ച് അംഗീകാരം നേടിയത്. സമ്പൂർണ രൂപം സെപ്റ്റംബർ 28-നകം സമർപ്പിക്കണം.

ദുരന്ത സാധ്യതയുള്ള സ്ഥലങ്ങളിലെ വീടുകളിൽ ഘടിപ്പിക്കാവുന്ന ഫൈൻ ബട്ടൺ എന്ന നിർമിത ബുദ്ധി ക്ലൗഡ് സംവിധാനമായിരുന്നു ഫൈനെക്സ്റ്റിന്റെ പരിഹാരം. ഒരു ആശയവിനിമയ ശൃംഖലയുടെയും സഹായമില്ലാതെ പ്രവർത്തിക്കുന്ന ഇതിലെ ബാറ്ററി പത്തു വർഷം നീണ്ടുനിൽക്കും. എല്ലാ വാർത്താവിനിമയ ബന്ധങ്ങളും തകരുന്ന സാഹചര്യത്തിൽ പരിഹാരമായി ഉപയോഗിക്കാവുന്ന ആശയവിനിമയ സംവിധാനമാണ് ടെക്‌നോപാർക്ക് ടിസിഎസിലെ കമ്യൂണിക്കാബോൾ വികസിപ്പിച്ചത്. ദുരിതാശ്വാസ പ്രവർത്തകരെ ഏകോപിപ്പിക്കാവുന്ന മൃതസഞ്ജീവനി എന്ന ആശയവിനിമയ പ്ലാറ്റ്‌ഫോം ആണ് സ്റ്റുഡിയോ ബോഫയുടെ പരിഹാര മാർഗം.

അമേരിക്കയിൽ സാൻഫ്രാൻസിസ്‌കോയിലെ റീജൻസി ബോൾറൂമിൽ ഒക്‌ടോബർ 29 ന് നടക്കുന്ന അന്താരാഷ്ട്രമത്സരത്തിൽ പന്ത്രണ്ടു ടീമുകൾക്കും പങ്കെടുക്കാൻ അവസരം ലഭിക്കും. ഒന്നര കോടിയോളം രൂപയാണ് വിജയിക്കുന്ന ടീമിന് ലഭിക്കുന്ന സമ്മാനം.

സ്റ്റുഡിയോ ബോഫ ടീമിനെ വിജയത്തിലേയ്ക്ക് നയിച്ചത് പ്രത്യുഷ് പ്രമോദ്, ആകാശ് അരുൺ, നഹാസ് അക്ബർ, പ്രണവ് പ്രമോദ് എന്നിവരായിരുന്നു. ജിം ജെ സീലോൺ, നവീൻ കുമാർ ആർ, പ്രണിത് ബോസ്, കന്ദർപ് ജോഷി എന്നിവരായിരുന്നു കമ്യൂണിക്കാബോൾ അംഗങ്ങൾ. ഫൈനെക്സ്റ്റിനെ അഭിലാഷ് സത്യൻ, ജിത്തു ജോയ്, ഷിധിൻ ആർ.കെ എന്നിവർ പ്രതിനിധീകരിച്ചു.

കേരള ദുരന്ത നിവാരണ അഥോറിട്ടി സെക്രട്ടറി ഡോ ശേഖർ കുര്യാക്കോസ്, ഐ ബിഎം ഇക്കോസിസ്റ്റംസ് ആൻഡ് സ്റ്റാർട്ടപ്‌സ് കൺട്രി ലീഡർ സീമ പി കുമാർ, കോഡ് ഓപ്‌സ് സഹസ്ഥാപകൻ ഗണേശ് സാമർത്യം, ദീപു എസ് നാഥ്, എംഡി, ഫായ യുഎസ്എ എന്നിവരായിരുന്നു വിധികർത്താക്കൾ.