കോൾ ഫോർ കോഡ് കേരള ചലഞ്ച് തുടങ്ങി

Posted on: September 11, 2018

തിരുവനന്തപുരം : സംസ്ഥാനത്തെ പ്രളയദുരിതം തരണം ചെയ്യുന്നതിനു മാത്രമല്ല, ആഗോള തലത്തിൽ തന്നെ ഇതിനായി ക്രിയാത്മകമായ നൂതനസാങ്കേതികവിദ്യകൾ അനിവാര്യമായിരിക്കുകയാണെന്ന് കേരള ഐടി സെക്രട്ടറി എം ശിവശങ്കർ അഭിപ്രായപ്പെട്ടു.

പ്രളയമടക്കമുള്ള പ്രകൃതിദുരന്തങ്ങൾ സൃഷ്ടിക്കുന്ന ദുരിതം പരമാവധി കുറയ്ക്കുന്നതിന് കംപ്യൂട്ടർ സോഫ്റ്റ്‌വേറിലൂടെ പരിഹാരമാർഗങ്ങൾ തേടാനുള്ള അന്താരാഷ്ട്ര ഉദ്യമങ്ങളുടെ ഭാഗമായി കേരള സ്റ്റാർട്ടപ് മിഷൻ ഐബിഎമ്മിന്റേയും നാസ്‌കോമിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച കോൾ ഫോർ കോഡ് കേരള ചലഞ്ച് പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദേഹം.

പ്രകൃതിദുരന്തങ്ങളെ മുൻകൂട്ടി അറിയുന്നതിനും ദുരിതബാധിത പ്രദേശങ്ങൾ മനസിലാക്കുന്നതിനും ദുരിതബാധിതരെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുന്നതിനുമുള്ള സത്വര സാങ്കേതിക പരിഹാരമാണ് കണ്ടെത്തേണ്ടത്. ഇതിൽ ദുരിത ബാധിതരോടുള്ള ആശയവിനിമയം മുതൽ അവരുടെ നികത്താനാകുന്ന നഷ്ടങ്ങൾ വീണ്ടെടുക്കുന്നതുവരെയുള്ള മനുഷ്യത്വ പൂർണമായ പരിഹാരമാർഗങ്ങളാണ് ആവശ്യം. കണ്ണീരൊപ്പാനുതകുന്നതും ഉപഭോക്താക്കൾക്ക് ലളിതമായി ഉപയോഗിക്കാനാവുന്നതുമായ നൂതനാശയങ്ങളായിരിക്കണം അവയെന്നും അദേഹം വ്യക്തമാക്കി.

ഹാക്കത്തോണിൽ മികച്ച ആശയങ്ങൾ നൽകുന്ന ടീമുകൾക്ക് ഐടി വകുപ്പ് നൽകുന്ന സഹായത്തിനു പുറമേ കേരള സ്റ്റാർട്ടപ് മിഷൻ കോപ്പൻഹേഗൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ററാക്ഷൻ ഡിസൈനുമായി സഹകരിച്ച് ഡിസംബറിൽ കൊച്ചിയിൽ നടത്തുന്ന സമ്മർ സ്‌കൂളിൽ പങ്കെടുക്കാൻ അവസരവും നൽകുമെന്നും ഐടി സെക്രട്ടറി അറിയിച്ചു.

ദുരന്തപരിഹാരങ്ങൾ തേടുന്നതിനായി സ്റ്റാർട്ടപ് മിഷന് പുതിയ ഇൻകുബേറ്റർ ആരംഭിക്കുന്നതിന് പദ്ധതിയുണ്ടെന്ന് കേരള സ്റ്റാർട്ടപ് മിഷൻ സിഇഒ-യും ഐഐഐടിഎം-കെ ഡയറക്ടറുമായ ഡോ. സജി ഗോപിനാഥ് പറഞ്ഞു. മാനുഷികമുഖം കണക്കിലെടുത്തുവേണം ബൗദ്ധിക പരിഹാരങ്ങൾ കണ്ടെത്തേണ്ടതെന്നും അദേഹം കൂട്ടിച്ചേർത്തു.

ദുരിതബാധിതരെ സഹായിക്കുന്നതിനും ഭാവി പ്രകൃതി ദുരന്തങ്ങളിൽനിന്ന് സുരക്ഷിതത്വം കൈവരിക്കുന്നതിനുമായി സാങ്കേതികവിദ്യകളും സൗജന്യ കോഡും വിദഗ്ധ പരിശീലനവും നൽകി പ്രാദേശിക-അന്താരാഷ്ട്രതലത്തിലുളള ഡെവലപ്പർമാരെയാണ് ഐബിഎം കോഡ് ചാലഞ്ചിനായി ഏകോപിപ്പിച്ചിരിക്കുന്നതെന്ന് ഐബിഎം കൺട്രി ഹെഡും ഇക്കോസിസ്റ്റം സ്റ്റാർട്ടപ്പ് ഡെവലപ്പറുമായ സീമാ പി കുമാർ പറഞ്ഞു.

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ആരംഭിച്ച ദ്വിദിന ഹാക്കത്തോണിൽ സ്റ്റാർട്ടപ്പുകളും അക്കാദമിക് വിദഗ്ധരും സംരംഭകരും പങ്കെടുക്കുന്നുണ്ട്. പ്രകൃതിദുരന്തങ്ങൾ നേരിടുന്നതിനുള്ള തയാറെടുപ്പുകൾ, ദുരിതാശ്വാസ പ്രവർത്തനങ്ങൾ എന്നിവയിലാണ് സാങ്കേതികവിദ്യയിലൂടെ പരിഹാരമാർഗങ്ങൾ തേടുന്നത്. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ പ്രളയത്തിനു മുൻതൂക്കം നൽകിയാണ് ഇത് ചെയ്യുന്നത്. ഐബിഎം-ൽനിന്നടക്കമുള്ള വിദഗ്ധർ ഹാക്കത്തോണിൽ പങ്കെടുക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്നുണ്ട്.

കോൾ ഫോർ കോഡ് ഗ്ലോബൽ ചാലഞ്ച് എന്ന ആഗോള മത്സരത്തിന്റെ ഭാഗമായിണിത് നടത്തുന്നത്. അമേരിക്കയിൽ സാൻഫ്രാൻസിസ്‌കോയിലെ റീജൻസി ബോൾറൂമിൽ ഒക്‌ടോബർ 29 നാണ് അന്താരാഷ്ട്രമത്സരം.