സെറിയം സിസ്റ്റംസ് മേക്കർവില്ലേജിലേക്ക്

Posted on: June 10, 2018

കൊച്ചി : ആഗോള ഇലക്ട്രോണിക് ഡിസൈൻ കമ്പനിയായ സെറിയം സിസ്റ്റംസ മേക്കർവില്ലേജിൽ. മേക്കർ വില്ലേജിലെ സ്റ്റാർട്ടപ്പുകളുമായി സഹകരിച്ചു പ്രവർത്തിക്കുകയാണ് സെറിയം സിസ്റ്റംസിന്റെ ലക്ഷ്യം. വെരി ലാർജ് സ്‌കെയിൽ ഇന്റഗ്രേഷൻ ആൻഡ് എംബെഡഡ് സോഫ്റ്റ്‌വേർ സ്‌പേസ് വിഭാഗത്തിൽ ആഗോള തലത്തിൽ ദ്രുതഗതിയിൽ വളരുന്ന കമ്പനിയാണ് സെറിയം സിസ്റ്റംസ്.

ഉത്പാദന വികസന രംഗത്ത് സെറിയം സിസ്റ്റംസ് പ്രത്യേകമായ ഉപദേശവും സഹകരണവും സ്റ്റാർട്ടപ്പുകൾക്ക് നൽകും. നൂതനമായ കണ്ടുപിടുത്തങ്ങളെ പ്രോത്സാഹിപ്പിക്കുകയും മികച്ച രീതിയിലുള്ള ഹാർഡ് വെയർ അന്തരീക്ഷം സൃഷ്ടിക്കുകയുമാണ് ഈ സഹകരണം കൊണ്ടുദ്ദേശിക്കുന്നത്. വ്യവസായാധിഷ്ഠിതമായ പരിശീലനം, ഗവേഷണ സഹകരണം, വിദഗ്‌ധോപദേശം എന്നിവയിലൂടെ എൻജിനീയറിംഗ് കാമ്പസുകളിൽ സംരംഭകത്വം വളർത്തിയെടുക്കാൻ സഹായിക്കുകയാണ് സെറിയം സിസ്റ്റംസിന്റെ ലക്ഷ്യം.

തൃക്കാക്കര ഗവൺമെന്റ് മോഡൽ എൻജിനീയറിംഗ് കോളേജ്, രാജഗിരി എൻജിനീയറിംഗ് കോളേജ്, കുസാറ്റ്, കോതമംഗലം എം എ കോളേജ് ഓഫ് എൻജിനീയറിംഗ്, കൊല്ലം ടികെഎം കോളേജ് ഓഫ് എൻജിനീയറിംഗ്, ആർഐടി കോട്ടയം എന്നിവയുമായി സെറിയം സിസ്റ്റംസിന് സഹകരണമുണ്ട്. ബംഗലുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സെറിയം സിസ്റ്റംസിന് വിശാഖപട്ടണം, അമേരിക്കയിലെ സാന്റാ ക്ലാര, മലേഷ്യയിലെ പെനാങ്ങ് എന്നിവിടങ്ങളിൽ ഓഫീസുണ്ട്.

സെറിയം സിസ്റ്റംസ് സഹസ്ഥാപകനും സിഇഒയുമായ സുധാകർ പാലിസെട്ടി, സഹസ്ഥാപകനും സിഒഒയുമായ ജയകുമാർ ഗോർല, സംസ്ഥാന ഐടി സെക്രട്ടറി എം ശിവശങ്കർ ഐഎഎസ്, മേക്കർവില്ലേജ് ചെയർമാൻ മാധവൻ നമ്പ്യാർ ഐഎഎസ്, കെ-ഡിസ്‌ക് ചെയർമാൻ ഡോ. കെ എം എബ്രഹാം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.