ഹാർഡ്‌ടെക് കൊച്ചി ഏകദിന ദേശീയ സമ്മേളനം 10 ന്

Posted on: March 14, 2018

കൊച്ചി : മേക്കർ വില്ലേജിന്റെ ആഭിമുഖ്യത്തിൽ ഹാർഡ്‌വേർ സ്റ്റാർട്ടപ്പ് രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ഹാർഡ്‌ടെക് കൊച്ചി ഏകദിന ദേശീയ സമ്മേളനം 10 ന് കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ നടക്കും. നെക്സ്റ്റ് ജെൻ ടെക്‌നോളജീസ് ഇൻ ഹാർഡ്‌വേർ ആൻഡ് മാജിക് ഓഫ് ബ്രാൻഡിംഗ് എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം. കേന്ദ്ര-സംസ്ഥാന സർക്കാർ പ്രതിനിധികൾ, ഹാർഡ്‌വേർ സ്റ്റാർട്ടപ്പുകൾ, ഇൻകുബേറ്ററുകൾ, വ്യവസായമേഖല, സാങ്കേതിക കമ്പനികൾ, നിക്ഷേപ ഏജൻസി, മാർക്കറ്റിംഗ്, ബ്രാൻഡിംഗ്, ഉന്നത വിദ്യാഭ്യാസരംഗം തുടങ്ങിയ മേഖലകളിൽ നിന്നായി രാജ്യത്തെമ്പാടു നിന്നും 1200 ഓളം പേർ സമ്മേളനത്തിൽ പങ്കെടുക്കും.

ലോക്ഹീഡ് മാർട്ടിൻ, സീമൻസ്, ഡസോൾട്ട് സിസ്റ്റംസ്, ക്വാൽകോം, ഇന്റെൽ, എആർഎം, ഐമെക്, ബോഷ് , തേജസ് നെറ്റ്‌വർക്ക്‌സ്, ഇൻവെകാസ്, റാമ്പുസ്, ടെക്‌സാസ് ഇൻസ്ട്രുമെന്റ്‌സ ഇന്ത്യ തുടങ്ങിയ കമ്പനികൾ ഹാർഡ്‌ടെക് കൊച്ചിയിൽ പങ്കെടുക്കുമെന്ന് മേക്കർവില്ലേജ് സിഇഒ പ്രസാദ് ബാലകൃഷ്ണൻ നായർ പറഞ്ഞു.

സംസ്ഥാന ഐടി സെക്രട്ടറി എം ശിവശങ്കർ, ലോക്ഹീഡ് മാർട്ടിൻ ചീഫ് എക്‌സിക്യൂട്ടീവ് ഫിൽ ഷോ, റോബെർട്ട് ബോഷ് എൻജിനീയറിംഗ് സീനിയർ വൈസ് പ്രസിഡന്റ് ആർ കെ ഷേണായി, ബ്രിങ്കിന്റെ റോബോട്ടിക്‌സ് വിഭാഗം മേധാവി ഹെറിബെർടോ സാൽദിവാർ, ഐഐഐടിഎം-കെ ചെയർമാൻ എം മാധവൻ നമ്പ്യാർ ഐഎഎസ്, സജിറ്റേർ വെൻഞ്ചേഴ്‌സ് ചെയർമാനും സിഇഒയുമായ ബി വി നായിഡു, ഐഐഐടിഎം-കെ ഡയറക്ടർ ഡോ. സജി ഗോപിനാഥ്, ക്വാൽകോം ഇന്ത്യ ഡയറക്ടർ ഉദയ് ഡോഡ്‌ല,

മേക്ക് ബ്രിങ്കിന്റെ എംഡി സൈമ ഷാങ്, മെന്റർ ഗ്രാഫിക്‌സ് സെയിൽസ് മേധാവി രഘു പണിക്കർ, തേജസ് നെറ്റ്‌വർക്‌സ് സഹസ്ഥാപകൻ അർണാബ് റോയി, റാമ്പുസ് ചിപ്‌സ് ടെക്‌നോളജീസ് എംഡി കെ കൃഷ്ണമൂർത്തി, സിംഗപ്പൂർ നാഷണൽ യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രഫസർ ഡോ. പ്രഹ്ലാദ് വടക്കേപ്പാട്ട്, ടെക്‌സാസ് ഇൻസ്ട്രുമന്റ്‌സിന്റെ രാജീവ് ഖുശു, ഐസിഫോസ് ഡയറക്ടർ ഡോ. ജയശങ്കർ പ്രസാദ്, യൂണികോ ഇന്ത്യ വെഞ്ചേഴ്‌സ് മാനേജിംഗ് പാർട്ണർ അനിൽ ജോഷി, എൻഎസ്ആർസിഇഎൽഎൽ ഐഐഎം-ബാംഗ്ലൂർ ശ്രീവർധിനി കെ ഝാ എന്നിവർ പങ്കെടുക്കും.

TAGS: Maker Village |