സ്റ്റാർട്ടപ് മിഷൻ ഐഡിയ ഫെസ്റ്റ് ഏപ്രിലിൽ

Posted on: January 28, 2018

തിരുവനന്തപുരം : കോളജ് വിദ്യാർഥികളിൽ നിന്ന് മാത്രമായി സംരംഭക ആശയങ്ങൾ സ്വരൂപിക്കാൻ കേരള സ്റ്റാർട്ടപ് മിഷൻ ഏപ്രിലിൽ ഐഡിയ ഫെസ്റ്റ് നടത്തും. വിദ്യാർഥികളിൽ സംരംഭക സംസ്‌കാരം പരമാവധി പോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കെഎസ്‌യുഎം പത്താമത് ഐഡിയ ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്. ഇതിനുള്ള അപേക്ഷകൾ സ്വീകരിച്ചുതുടങ്ങി. രണ്ടു ഘട്ടങ്ങളിലായാണ് അപേക്ഷ സ്വീകരിക്കുന്നത്. ആദ്യഘട്ട അപേക്ഷകൾ ഫെബ്രുവരി 11 വരെയും രണ്ടാംഘട്ടത്തിൽ മാർച്ച് നാല് വരെയുമാണ് സ്വീകരിക്കുന്നത്.
https://startupmission.kerala.gov.in/pages/ideaday എന്ന ലിങ്കിൽ അപേക്ഷ നൽകാം.

അപേക്ഷകരുടെ ആദ്യ യോഗ്യതാ നിർണയം കോളജുകളിലെ നൂതന സംരംഭക വികസന കേന്ദ്രങ്ങളിൽ (ഐഇഡിസി) നടത്തും. തുടർന്ന് മേഖലാടിസ്ഥാനത്തിൽ പരിശോധന നടത്തി ഏപ്രിലിൽ ഏഴിന് പങ്കെടുക്കേണ്ടവ നിശ്ചയിക്കും. ഐഡിയാ ഫെസ്റ്റിലെ ഡെമോ ദിനത്തിലാണ് മികച്ച സ്റ്റാർട്ടപ്പുകളെ കണ്ടെത്തുന്നത്. ഈ ദിവസം സംരംഭകർ തങ്ങളുടെ ആശയങ്ങൾ വിദഗ്ധ പാനലിനുമുന്നിൽ അവതരിപ്പിക്കും. പാനൽ തെരഞ്ഞെടുക്കുന്ന ആശയങ്ങൾക്കും ഉത്പന്നങ്ങൾക്കും അവയുടെ സ്വഭാവമനുസരിച്ച് ഗ്രാന്റ് നിശ്ചയിക്കും. എല്ലാ ആശയങ്ങളും കോളജുകളിലെ അതത് ഐഇഡിസി കളോ കോളജ് പ്രിൻസിപ്പലോ സാക്ഷ്യപ്പെടുത്തിയിരിക്കണം.

ആശയ രൂപീകരണത്തിന്റെ തുടക്കമെന്ന നിലയിൽ ആദ്യമാതൃക രൂപം നൽകുന്നതിന് രണ്ടു ലക്ഷം രൂപ, ഇതിന്റെ അടിസ്ഥാനത്തിൽ ഉത്പന്നങ്ങൾ പുറത്തിറക്കുന്നതിന് ഏഴു ലക്ഷം രൂപ, വരുമാനമുണ്ടാക്കി മുന്നേറുന്ന ഘട്ടത്തിൽ തങ്ങളുടെ സ്ഥാപനങ്ങളെ മെച്ചപ്പെടുത്തുന്നതിന് 12 ലക്ഷം രൂപ എന്നിങ്ങനെയാണ് ഗ്രാന്റ് നൽകുന്നതെന്ന് സിഇഒ ഡോ. സജി ഗോപിനാഥ് അറിയിച്ചു.