മലയാളി സ്റ്റാർട്ടപ്പ് – ടേസ്റ്റിസ്‌പോട്ട്‌സിന് ഫേസ് ബുക്കിന്റെ അംഗീകാരം

Posted on: January 3, 2017

കൊച്ചി : സ്മാർട്ടപ്പ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാൻ ഫേസ് ബുക്ക് നടപ്പാക്കുന്ന എഫ്ബി സ്റ്റാർട്ട് പദ്ധതിയിലേക്ക് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ടേസ്റ്റിസ്‌പോട്ട്‌സ് നെ (www.tastyspots.com) തെരഞ്ഞെടുത്തു. ഇതിലൂടെ 52 ലക്ഷം രൂപ വിലമതിക്കുന്ന സേവനങ്ങളും ഫേസ് ബുക്കിലെ മുതിർന്ന മാനേജ്‌മെന്റ് വിദഗ്ധർ, എൻജിനീയർമാർ എന്നിവരുടെ നേരിട്ടുള്ള മാർഗനിർദേശവും ടേസ്റ്റിസ്‌പോട്ടിന് ലഭിക്കും. ഫേസ് ബുക്ക് നടത്തുന്ന വിവിധ പരിശീലന പരിപാടികളിലേക്ക് പ്രത്യേക ക്ഷണവും ഉണ്ടായിരിക്കും.

രുചി വൈഭവം കൊണ്ട് പ്രശസ്തമായ ഭക്ഷണശാലകളെ പരിചയപ്പെടുത്തുന്ന മൊബൈൽ ആപ്പ് ആണ് ടേസ്റ്റിസ്‌പോട്ട്‌സ്. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള സ്ഥലങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത നാനൂറോളം ഭക്ഷണശാലകളുടെ വിവരങ്ങൾ അപ്പിൽ ലഭ്യമാണ്. ആൻഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമായിട്ടുള്ള മൊബൈൽ ആപ്ലിക്കേഷൻ, പുറത്തിറങ്ങി നാലുമാസത്തിനുള്ളിൽ രണ്ട് ലക്ഷത്തിലധികം ആളുകളാണ് ഡൗൺലോഡ് ചെയ്തത്.

ഫേസ് ബുക്ക് പോലുള്ള വമ്പൻ കമ്പനികളുടെ സഹായം ടേസ്റ്റിസ്‌പോട്ട്‌സിനെ കൂടുതൽ ഉയരങ്ങളിലെത്താൻ സഹായിക്കുമെന്ന് സ്ഥാപകൻ അബ്ദുൾ മനാഫ് പറഞ്ഞു. 2015 ജനുവരിയിലാണ് മൊബൈൽ അധിഷ്ഠിത സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി ഫേസ് ബുക്ക് എഫ്ബി സ്റ്റാർട്ട് പ്രോഗ്രാം ആഗോളതലത്തിൽ ആരംഭിക്കുന്നത്. ഇതിനോടകം അഞ്ചുകോടി ഡോളർ വിലമതിക്കുന്ന സേവനങ്ങളാണ് ഫേസ് ബുക്ക് വിവിധ സ്റ്റാർട്ടപ്പുകൾക്ക് നൽകിയിട്ടുള്ളത്.