മോബ്മി പത്താം വർഷത്തിലേക്ക്

Posted on: December 19, 2016

കൊച്ചി : ഇന്ത്യയിലെ ആദ്യ വിദ്യാർത്ഥി സ്റ്റാർട്ടപ്പായ മോബ്മി പത്താം വർഷത്തിലേക്ക്. അഞ്ച് വിദേശ രാജ്യങ്ങളിലേക്കു കൂടി പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് മോബ്മി. ബിസിനസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി ദക്ഷിണേഷ്യ, ഗൾഫ്, ആഫ്രിക്ക, അമേരിക്ക എിവിടങ്ങളിലുള്ള നിക്ഷേപകരുമായി ചർച്ചകൾ പുരോഗമിക്കുകയാണ്. സംരംഭക തത്പരരായ മൂന്നു വിദ്യാർത്ഥികൾ ചേർന്ന് 2006 ലാണ് മോബ്മിക്ക് തുടക്കം കുറിച്ചത്. സോണി ജോയി, സഞ്ജയ് വിജയകുമാർ, വിവേക് എന്നിവർ എൻജിനീയറിംഗ് പഠനത്തിനിടെയാണ് ഈ ഉദ്യമത്തിന് തുടക്കം കുറിച്ചത്.

ടെലികോം കമ്പനികൾക്കുള്ള സോഫ്റ്റ്‌വേറുകളുമായി വാണിജ്യ രംഗത്തെത്തിയ മോബ്മി പിന്നീട് ഇ കൊമേഴ്‌സ്, വ്യോമയാനം, ചില്ലറ വ്യാപാര മേഖല എന്നിവിടങ്ങളിൽ ചുവടുറപ്പിച്ചു. ടെക്‌നോളജി കമ്പനി എന്ന നിലയിൽ നിന്നു നൂതന വിശകലന മേഖലകളിലേക്കും ബാങ്കിംഗ് സേവന മേഖലകളിലേക്കും മോബ്മി കടക്കുകയാണെന്ന് സിഇഒ സത്യ കല്യാണസുന്ദരം പറഞ്ഞു. ബിസിനസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി മറ്റു കമ്പനികളെ ഏറ്റെടുക്കുന്നതുൾപ്പെടെയുള്ള പദ്ധതികളും പരിഗണനയിലുണ്ടെന്ന് സത്യ ചൂണ്ടിക്കാട്ടി.

പരിധിയില്ലാതെ പണം കൈമാറാൻ സഹായിക്കുന്ന ബാങ്കിംഗ് ആപ്ലിക്കേഷനായ ചില്ലർ കഴിഞ്ഞ വർഷമാദ്യമാണ് പുറത്തിറക്കിയത്. സെക്വയ ക്യാപിറ്റലിൽ നിന്ന് 48 കോടി രൂപയുടെ നിക്ഷേപമാണ് ഈ സംരംഭത്തിനു ലഭിച്ചത്.