സാംസംഗ് വിൻഡ് ഫ്രീ എയർകണ്ടീഷണർ

Posted on: February 20, 2018

കൊച്ചി : സാംസംഗ് ഇന്ത്യ കാറ്റ് രഹിത (വിൻഡ് ഫ്രീ) എയർ കണ്ടീഷണർ വിപണിയിൽ അവതരിപ്പിച്ചു. ലോകത്തിലെ ആദ്യത്തെ കാറ്റ് രഹിത എയർകണ്ടീഷണർ ആണിത്. വില 50,950 രൂപ മുതൽ 74,260 രൂപ വരെ. സാംസംഗിന്റെ ഏറ്റവും പുതിയ വിൻഡ് ഫ്രീ കൂളിംഗ് ടെക്‌നോളജിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ എയർ കണ്ടീഷണർ അസ്വസ്ഥതയുണ്ടാക്കുന്ന വായു പ്രവാഹമില്ലാതെ തണുത്ത അന്തരീക്ഷം സൃഷ്ടിക്കുന്നു. ഏതാണ്ട് 21000 സൂക്ഷ്മദ്വാരങ്ങളിലൂടെ തണുത്ത കാറ്റ് പ്രസരിപ്പിച്ചാണ് മുറിയുടെ അന്തരീക്ഷത്തെ തണുപ്പിക്കുന്നത്. ഊർജക്ഷമതയാണ് മറ്റൊരു സവിശേഷത. ഊർജോപഭോഗത്തിൽ 72 ശതമാനം വരെ കുറവ് ഉണ്ടാക്കുന്നു.

കൂളിംഗ് സംവിധാനത്തിന് രണ്ടു ഘട്ടങ്ങളാണുള്ളത്. ആദ്യം ഫാസ്റ്റ് കൂളിംഗ് മോഡ് ഉപയോഗിച്ച് മുറിയിലെ താപനില കുറയ്ക്കുന്നു. പിന്നീട് കാറ്റ് രഹിത കൂളിംഗ് മോഡിലേക്ക് ഓട്ടോമാറ്റിക്കായി മാറുകയും ലക്ഷ്യമിട്ട താപനിലയിലേക്ക് എത്തുകയും ചെയ്യുന്നു. ഫാസ്റ്റ് കൂളിംഗ് മോഡിനെ അപേക്ഷിച്ച് ഊർജോപയോഗത്തിൽ 72 ശതമാനം വരെ കുറവു വരുന്നു. വേഗം തണുപ്പ് ലഭ്യമാക്കുന്ന വിധത്തിൽ ഔട്ട്‌ലെറ്റിന് വലുപ്പം, അധിക വി- ബ്ലേഡുകൾ, മുറിയുടെ മുക്കും മൂലയവും വേഗം തണുപ്പിക്കുന്ന വലിയ ഫാൻ എന്നിവ നൽകി എയർകണ്ടീഷണറിന്റെ ഘടന മെച്ചപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യൻ ഉപഭോക്താക്കളുടെ പ്രത്യേക ആവശ്യങ്ങളും താത്പര്യങ്ങളും കണക്കിലെടുത്താണ് പുതിയ എയർ കണ്ടീഷണർ പുറത്തിറക്കിയിരിക്കുന്നതെന്ന് സാംസംഗ് ഇന്ത്യ കൺസ്യൂമർ ഇലക്‌ട്രോണിക്‌സ് ബിസിനസ് വൈസ് പ്രസിഡന്റ് അലോക് പഥക് പറഞ്ഞു.