ഡെലിവറി സൗജന്യമാക്കാൻ ആമസോൺ പ്രൈം മെമ്പർഷിപ്പ്

Posted on: July 29, 2016

Amazon-Prime-Logo-Big

കൊച്ചി : ആമസോൺ പ്രൈം മെമ്പർഷിപ്പ് ഇനി ഇന്ത്യയിലും. പ്രൈം മെമ്പർഷിപ്പ് സ്വന്തമാക്കുന്ന ഉപയോക്താക്കൾക്ക് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ പരിധിയില്ലാതെ സൗജന്യ ഡെലിവറി ലഭിക്കും. നൂറിലധികം നഗരങ്ങളിൽ ഈ സൗകര്യമുണ്ട്. പരീക്ഷണാടിസ്ഥാനത്തിൽ 60 ദിവസത്തേക്ക് ആമസോൺ പ്രൈം മെമ്പർഷിപ്പിന്റെ മേന്മകൾ മനസിലാക്കാൻ ഇപ്പോൾ അവസരമുണ്ട്.

പ്രൈം മെമ്പർഷിപ്പുള്ളവർക്ക് ഓരോ ദിവസവും ആകർഷകമായ ഡീലുകൾ 30 മിനിറ്റ് നേരത്തെ ലഭ്യമാവുകയും ഉൽപന്നങ്ങൾ സാധാരണ ലഭിക്കുന്നതിലും 30 മിനിറ്റ് നേരത്തെ വാങ്ങുന്നതിന് അവസരം ലഭിക്കുകയും ചെയ്യും. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട ബ്രാൻഡുകളുടെയും, വിൽപ്പനക്കാരുടെയും പ്രത്യേക ഡീലുകളും പ്രൈം മെമ്പർമാർക്ക് ലഭിക്കുന്നു.

പ്രൈമിന്റെ യഥാർത്ഥ സബ്‌സ്‌ക്രിപ്ഷൻ ഫീ 999 രൂപയാണ്. എന്നാൽ ഇപ്പോൾ 500 രൂപ കിഴിവ് കഴിഞ്ഞ് 499 രൂപയ്ക്ക് പ്രൈം സബ്‌സ്‌ക്രിപ്ഷൻ സ്വന്തമാക്കാം. ഏറ്റവും ആദ്യം ചേരുന്നവർക്ക് 60 ദിവസത്തേക്ക് സൗജന്യമായി പ്രൈം മെമ്പർഷിപ്പ് ലഭിക്കും. പ്രൈം മെമ്പർഷിപ്പ് ഇല്ലാത്തവർക്ക് സാധാരണ ഡെലിവറി ചാർജുകൾ ബാധകമാണ്.

ഇരുപതു നഗരങ്ങളിൽ പ്രൈം മെമ്പർഷിപ്പുള്ളവർക്ക് പതിനായിരത്തിലധികം ഉത്പന്നങ്ങൾ ഓർഡർ ചെയ്യുന്ന അതേ ദിവസം അല്ലെങ്കിൽ അവർ നിശ്ചയിക്കുന്ന സമയത്ത് ലഭിക്കാൻ കുറഞ്ഞ നിരക്കായ 50 രൂപ മതി.