ജേസിഐയുടെ ഷൈൻ

Posted on: November 10, 2013

Shine-T-Bhaskaran-X

നൂറിലേറെ രാഷ്ട്രങ്ങളിൽ സാന്നിധ്യമുള്ള ഒരു സംഘടനയുടെ തലപ്പത്തേക്ക് പ്രകാശഗോപുരമായി ഒരു മലയാളി. തൃശൂർ ജില്ലയിലെ നാട്ടികയിൽ നിന്നു അമേരിക്കയിലെ ചെസ്റ്റർഫീൽഡിലുള്ള ജൂണിയർ ചേംബർ ഇന്റർനാഷണലിന്റെ ആസ്ഥാനത്തേക്കു നടന്നു കയറിയ ഷൈൻ ടി ഭാസ്‌കരൻ ലോകമെമ്പാടുമുള്ള മലയാളികളുടെ അഭിമാനമാണ്. അയ്യായിരത്തിലേറെ ജേസിഐ യൂണിറ്റുകളിലായി 18 നും 40 നും മധ്യേ പ്രായമുള്ള രണ്ടു ലക്ഷത്തിലേറെ ചെറുപ്പക്കാരെ നയിക്കാനുള്ള വലിയ ദൗത്യമാണ് ഷൈൻ ടി ഭാസ്‌കരൻ ഏറ്റെടുത്തിട്ടുള്ളത്. ജേസിഐയുടെ 69-മത് അന്താരാഷ്ട്ര പ്രസിഡന്റാണ് ഷൈൻ ടി. ഭാസ്‌കരൻ

JCI-Oath2

ആദ്യമായിട്ടാണ് ഒരു മലയാളി ജേസിഐയുടെ അധ്യക്ഷപദവിയിൽ എത്തുന്നത്. ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടന്ന ആഗോള ജേസിഐ സമ്മേളനത്തിൽ സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ഷിയാര മിലാനി (ഇറ്റലി) ഷൈൻ ഭാസ്‌കരന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യൂണിറ്റി ടു ഇംപാക്ട് എന്നതാണ് ഷൈൻ ടി. ഭാസ്‌കരൻ സ്വീകരിച്ചിട്ടുള്ള ആപ്തവാക്യം. പ്രസിഡന്റിന്റെ മാതൃരാജ്യമെന്ന നിലയിൽ ഇന്ത്യയുടെ ദേശീയ പാതാക ഇനി ഒരുവർഷം അമേരിക്കയിലെ ജേസിഐ ആസ്ഥാനത്ത് പാറിപറക്കും.

ഷൈൻ ടി. ഭാസ്‌കരൻ 1999 ലാണ് ജേസീസ് അംഗമാകുന്നത്. തുടർന്ന് തൃപ്രയാർ ജേസീസിന്റെ പ്രസിഡന്റ്, സോൺ വൈസ്പ്രസിഡന്റ്, പ്രസിഡന്റ്, ദേശീയ കോഓർഡിനേറ്റർ, വൈസ്പ്രസിഡന്റ് തുടങ്ങിയ നിലകളലിൽ പ്രവർത്തിച്ചു. 2008 ൽ ന്യൂഡൽഹിയിൽ നടന്ന ജേസീസ് ആഗോള സമ്മേളനത്തിൽ ഡെപ്യൂട്ടി ഡയറക്ടറായി ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവച്ചു. ഐക്യരാഷ്ട്രസഭയിലേക്കുള്ള യുഎൻ അഫയേഴ്‌സ് കമ്മീഷണറായും അന്താരാഷ്ട്ര വൈസ്പ്രസിഡന്റായും നിയമിതനായി. 2012 ൽ ജേസീസ് ഇന്റർനാഷണൽ പ്രസിഡന്റ് ബർത്തോൾഡ് ഡെയിംസിന്റ് ചീഫ് എക്‌സിക്യൂട്ടീവ് അസിസ്റ്റന്റായി.

കൊമേഴ്‌സിലും നിയമത്തിലും ബിരുദം നേടിയ ഷൈൻ തൃപ്രയാറിലെ ഹോട്ടൽ ഡ്രീംലാൻഡിന്റെ സിഇഒയുമാണ്. നാട്ടിക തട്ടുപറമ്പിൽ പരേതനായ ഭാസ്‌കരന്റെയും മീനയുടെയും മകനാണ്. ഭാര്യ ധന്യ. കൃഷ്ണ, കരിഷ്മ എന്നിവരാണ് മക്കൾ.