നിത @ ഫുട്‌ബോൾ

Posted on: December 8, 2014

Nita-Ambani-Big

ഫുട്‌ബോളിന് സുവർണകാലം സമ്മാനിക്കാനുള്ള തയാറെടുപ്പിലാണ് നിത അംബാനി. ഇന്ത്യൻ സൂപ്പർ ലീഗുമായി ബന്ധപ്പെട്ട് അഞ്ച് ലക്ഷം കുട്ടികൾക്ക് അടിസ്ഥാന ഫുട്‌ബോൾ പരിശീലനം നൽകാനുള്ള പദ്ധതിയാണ് നിത ആവിഷ്‌കരിച്ചിട്ടുള്ളത്. ഫുട്‌ബോൾ സ്‌പോർട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡിന്റെ സ്ഥാപകയും ചെയർപേഴ്‌സണുമാണ് നിത അംബാനി. മുംബൈയിലെ ധീരുബായി ഇന്റർനാഷണൽ സ്‌കൂളിൽ പദ്ധതിക്ക് ഔപചാരികമായ തുടക്കം കുറിച്ചു. അടുത്ത വർഷം രാജ്യമെമ്പാടും പദ്ധതി വ്യാപിപ്പിക്കും.

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആവേശം പൂർണമായി ഉൾക്കൊണ്ടായിരിക്കും അടിസ്ഥാന ഫുട്‌ബോൾ വികസന പദ്ധതി നടപ്പാക്കുന്നത്. ഐഎസ്എലുമായി ബന്ധപ്പെട്ട് രാജ്യത്തെമ്പാടുമായി ഒരുലക്ഷത്തോളം ഫുട്‌ബോളുകൾ വിതരണം ചെയ്തിട്ടുണ്ട്. ഐഎസ്എല്ലിൽ കളിക്കുന്ന എട്ടു ടീമുകൾക്കു പുറമെ റിലയൻസ് ഫൗണ്ടേഷൻ, ഗവൺമെന്റ് ഇതര ഏജൻസികളായ മാജിക് ബസ് (മുംബൈ, ഡൽഹി, റായ്ഗഡ്, ബംഗലുരു), സ്ലം സോക്കർ (നാഗ്പൂർ, താനെ, നവി മുംബൈ), യുവ (ജാർഖണ്ഡ്) എന്നീ സംഘടനകളുടെ പിന്തുണയും പദ്ധതിയ്ക്കുണ്ടാകും.

ഇന്ത്യയിലെമ്പാടും സംഘടിപ്പിക്കുന്ന ഫുട്‌ബോൾ ക്യാമ്പുകളിൽ നിന്നും 10-13 നു മധ്യേ പ്രായമുള്ള അഞ്ച് ലക്ഷം കുട്ടികളെ തെരഞ്ഞെടുക്കും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് മൂന്നു മുതൽ ഏഴുവർഷക്കാലത്തേക്കു റിലയൻസ് ഫൗണ്ടേഷൻ സ്‌കോളർഷിപ്പ് ലഭ്യമാക്കുമെന്ന് ഫൗണ്ടേഷന്റെ ചെയർപേഴ്‌സൺ കൂടിയായ നിത അംബാനി അറിയിച്ചു.

ഫുട്‌ബോൾ എന്ന മനോഹരമായ കളിയുടെ വികസനത്തിനുള്ള സുപ്രധാന ചുവടുവയ്പ്പാണിതെന്നു ബോളിവുഡ് താരം സൽമാൻ ഖാൻ പറഞ്ഞു. ഇന്ത്യൻ ഫുട്‌ബോളിന്റെ അടുത്ത തലമുറയെ വാർത്തെടുക്കുന്നതിൽ ഈ പദ്ധതിയ്ക്ക് നിർണായക പങ്കുവഹിക്കാനാകുമെന്നും സൽമാൻ ഖാൻ പറഞ്ഞു.