ലൗ ലീഡ്‌സ് ബിസിനസ്

Posted on: November 17, 2014

Iqbal-Abdulhameed-f2f-big

ഇരുപതു വർഷം മുമ്പ് ദുബായിലേക്കുള്ള യാത്ര തന്റെ ജീവിതം മാറ്റിമറിക്കുമെന്ന് കാസർഗോഡ് സ്വദേശിയായ ഇഖ് ബാൽ അബ്ദുൾഹമീദ് കരുതിയില്ല. മറ്റൊരു ഭാഷ പഠിച്ച് മറ്റൊരു ലോകത്തെ തിരിച്ചറിഞ്ഞ് സ്വന്തമായി ഒരു ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കാനായിരുന്നു നിയോഗം. പ്രണയമാണ് ഇഖ് ബാലിനെ ബിസിനസുകാരനാക്കി മാറ്റിയത്. ഇന്നിപ്പോൾ സ്‌ക്രാപ്പ് ബിസിനസും സൂപ്പർമാർക്കറ്റും റെസ്റ്റോറന്റുകളുമെല്ലാമായി വിപുലമായ ബിസിനസുകളാണ് ഇഖ് ബാലിന്റെ ആലിയ അൽ ഹത്ബൂർ ഗ്രൂപ്പിലുള്ളത്.

പഴയ ദുബായ് കാലം

ബേക്കൽ ഹദ്ദാദ് നഗർ ഫൗസിയ മൻസിലിൽ പരേതനായ അബ്ദുൽ ഹമീദ് ഹാജിയുടെയും നഫീസ ഹജ്ജുമ്മയുടെയും മൂത്തമകനായ ഇഖ് ബാൽ അബ്ദുൾ ഹമീദ് ജോലിതേടിയാണ് 1994 ൽ ദുബായിൽ എത്തിയത്. സൂപ്പർമാർക്കറ്റിലായിരുന്നു ആദ്യം ജോലി. പിന്നീട് ജോലി മാറി. ഇത്തവണ റെസ്‌റ്റോറന്റിൽ. കുറേക്കാലം അവിടെ കഴിച്ചുകൂട്ടി. അതു മടുത്തപ്പോൾ വീണ്ടും ജോലി മാറാനുള്ള ആലോചനയായി.

ഇത്തവണ പുതിയ മേച്ചിൽപുറമാണ് കണ്ടെത്തിയത് – സെയിൽസ്മാൻ. ദുബായിലും ഷാർജയിലും വിവിധ ടെക്‌സ്റ്റൈലുകളിൽ കുറെക്കാലം ഇഖ് ബാൽ പ്രവർത്തിച്ചു. വീണ്ടും ജോലി മാറിയാലോ എന്നായി ആലോചന. അങ്ങനെ റെഡിമെയ്ഡ് വസ്ത്രങ്ങളുടെ ഔട്ട്‌ഡോർ സെയിൽസ്മാനായി. ഈ ജോലിയിൽ അടങ്ങിയൊതുങ്ങി കഴിയുന്ന കാലത്താണ് ഇഖ് ബാൽ, ആലിയയെ പരിചയപ്പെടുന്നത്.

ഭാഗ്യമായി അവതരിച്ച ആലിയ

ദേര ദുബായിലെ ഹയാത്ത് റീജൻസിയിൽ വച്ചാണ് ഇഖ് ബാൽ ആദ്യം ആലിയയെ കണ്ടുമുട്ടുന്നത്. അന്നൊരു വ്യാഴാഴ്ചയായിരുന്നു. ഒരു സ്വദേശി കുടുംബം നടന്നുപോകുന്നു. കൂട്ടത്തിൽ അവളുമുണ്ടായിരുന്നു. പർദ്ദക്കുള്ളിലെ കണ്ണുകളിലൂടെ ഒരു നോട്ടം. ഇരുവരുടെയും കണ്ണുകൾ പരസ്പരം ഉടക്കി.

പിറ്റേ ആഴ്ചയും ഇഖ് ബാൽ അതേസമയത്ത് അതേസ്ഥലത്ത് പോയി കാത്തുനിന്നു. അവൾ വരുമെന്ന പ്രതീക്ഷയിൽ. കണക്കുകൂട്ടലുകൾ തെറ്റിയില്ല, അവൾ വന്നു. കണ്ണൂകളുടെ നോട്ടങ്ങൾ പരസ്പരം കൈമാറി. അങ്ങനെ വ്യാഴാഴ്ചകളിലെ കണ്ടുമുട്ടൽ പതിവായി. പിന്നെ പ്രണയം. ആലിയ യുഎഇ സ്വദേശിനിയായിരുന്നു.

തനിക്ക് അറിയാവുന്ന അറബി ഭാഷയിൽ ആലിയയുമായി ഇഖ് ബാൽ സംസാരിച്ചു. പ്രണയത്തിന് ഭാഷയോ രാജ്യമോ ഒന്നും തടസമായില്ല. ആഴ്ചകൾ കഴിയുന്തോറും പ്രണയം വളരുകയായിരുന്നു. ആറു മാസമായപ്പോഴേക്കും ഒരിക്കലും വേർപിരിയാൻ ആകാത്തവിധം ഇവർ അടുത്തു.

”മലയാളിയായ ഞാൻ ഒരു അറബിപെൺകുട്ടിയെ പ്രണയിക്കുന്നത് കുഴപ്പമാണെന്ന് സുഹൃത്തുക്കൾ ഒരുപാട് ഉപദേശിച്ചു. എന്നാൽ ആ ഉപദേശം ഒരു തരത്തിലും എന്നെ പുറകോട്ട് വലിച്ചില്ല. കാരണം ഞങ്ങൾ അത്രയ്ക്ക് അടുത്തുപോയിരുന്നു” – ഇഖ് ബാൽ തന്റെ പ്രണയകാലം ഓർത്തെടുത്തു. പ്രണയം വളർന്ന് അവസാനം കല്യാണത്തിൽ കലാശിച്ചു. മൂന്നു വർഷത്തെ പ്രണയത്തിനൊടുവിൽ 2006 ലായിരുന്നു കല്യാണം.

സെയിൽസ്മാൻ ടു ബിസിനസ്മാൻ

ആലിയയെ കല്യാണം കഴിച്ചതിന് ശേഷമാണ് സ്വന്തമായി എന്ത് കൊണ്ട് ബിസിനസ് നടത്തിക്കൂടാ എന്ന് ഇഖ് ബാൽ ആലോചിക്കുന്നത്. അങ്ങനെ റെഡിമെയ്ഡ് വസ്ത്രങ്ങളുടെ ഔട്ട്‌ഡോർ സെയിൽസ് സ്വന്തമായി തുടങ്ങി. സ്ത്രീകളുടെയും പുരുഷൻമാരുടെയും റെഡിമെയ്ഡ് വസ്ത്രങ്ങളായിരുന്നു വില്പന. കച്ചവടം പച്ചപിടിച്ചതോടെ മറ്റുമേഖലകളിലേക്കും വ്യാപിപ്പിച്ചു.

അക്കാലത്താണ് സ്‌ക്രാപ്പ് ബിസിനസിനെക്കുറിച്ചുള്ള ഐഡിയ കിട്ടുന്നത്. അങ്ങനെ അതിലേക്ക് ചുവടുവച്ചു. ഇന്ത്യയിലേക്കും മറ്റ് രാജ്യങ്ങളിലേക്കുമാണ് സ്‌ക്രാപ്പുകൾ കയറ്റി അയയ്ക്കുന്നത്. പച്ചമലയാളത്തിൽ പറഞ്ഞാൽ ആക്രിക്കച്ചവടം തന്നെ – പൊട്ടിച്ചിരിച്ചുകൊണ്ട് ഇഖ് ബാൽ പറയുന്നു. ഓരോ മാസവും കണ്ടെയ്‌നർ കണക്കിന് സ്‌ക്രാപ്പുകളാണ് ഇദ്ദേഹം ക്രയവിക്രയം നടത്തുന്നത്.

ബിസിനസുകൾ വീണ്ടും വിപുലമായി. ഇപ്പോൾ മദീനയുടെ മൂന്ന് സൂപ്പർമാർക്കറ്റുകളിൽ പാർടണറാണ്. ദുബായിൽ ഒന്നും ഷാർജയിൽ രണ്ടും സൂപ്പർമാർക്കറ്റുകളാണ് ഉള്ളത്. രണ്ട് റെസ്റ്റോറന്റുകളുടെ ഉടമ കൂടിയാണ് ഇഖ് ബാൽ. ആലിയ അൽ ഹത്ബൂർ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മാനേജിംഗ് ഡയറക്ടറായി മാറിയ ഇഖ് ബാൽ ഇപ്പോൾ റിയൽ എസ്‌റ്റേറ്റ് രംഗത്തും സജീവമാണ്. ബേസ് ഓയിൽ ബിസിനസും നടത്തുന്നു.

അറബിയായ ഇഖ് ബാൽ

അറബി വേഷത്തിലാണ് ഇഖ് ബാലിനെ എപ്പോഴും കാണാനാവുക. കല്യാണം കഴിഞ്ഞ ശേഷമാണ് താൻ ഈ വേഷത്തിലേക്ക് മാറിയതെന്ന് ഇദ്ദേഹം പറയുന്നു. എപ്പോഴും കന്തൂറ ധരിച്ചെത്തുന്ന ഇദ്ദേഹത്തെ പലരും വിളിക്കുന്നത് ഇഖ് ബാൽ അറബി എന്നാണ്. യുഎഇയുടെ സംസ്‌കാരത്തെ താൻ ഏറെ സ്‌നേഹിക്കുന്നുവെന്ന് ഇഖ് ബാൽ പറഞ്ഞു. ആലിയയ്ക്ക് മലയാളം അറിയില്ല. അതുകൊണ്ട് തന്നെ വീട്ടിൽ അറബിയാണ് സംസാരഭാഷ. ആലിയയുമായുള്ള പ്രണയമാണ് അറബിഭാഷയിൽ ഇഖ് ബാലിനെ അഗ്രഗണ്യനാക്കിയത്.

അന്നോളം തനിക്ക് അറിയാമായിരുന്നു മുറി അറബിയിൽ സംസാരിച്ച് സംസാരിച്ച് ഭാഷവശമാക്കുകയായിരുന്നു. ആദ്യമൊക്കെ സംസാരത്തിലെ തെറ്റുകൾ ആലിയ തിരുത്തി തരുമായിരുന്നു. അവൾ എന്റെ ഗുരുനാഥ കൂടിയാണ്. അറബി ഭാഷ എന്നെ പഠിപ്പിച്ചത് ഒരർത്ഥത്തിൽ അവൾ തന്നെയാണ് – ഇഖ് ബാലിന്റെ സാക്ഷ്യം. ഒരു അറബി കുടുംബ എങ്ങനെയാണോ ജീവിക്കുന്നത് അതുപോലെയാണ് ഇഖ് ബാൽ ജീവിക്കുന്നത്. മഹത്തായ അറബ് സംസ്‌കാരത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഇഖ് ബാൽ അതിരറ്റ് ആഹ്ലാദിക്കുന്നു.

ഭാവി പദ്ധതികൾ

സൂപ്പർമാർക്കറ്റുകൾ സ്വന്തമായി തുടങ്ങാനുള്ള പദ്ധതിയിലാണ് ഇഖ്ബാൽ. ആദ്യഘട്ടത്തിൽ യുഎഇയിൽ 10 സൂപ്പർമാർക്കറ്റുകൾ ആരംഭിക്കും. ആദ്യ സൂപ്പർമാർക്കറ്റ് 2015 ൽ ദുബായിൽ തുറക്കും. ഘട്ടം ഘട്ടമായി മറ്റ് എമിറേറ്റുകളിലും സൂപ്പർമാർക്കറ്റുകൾ തുടങ്ങാനുള്ള മാസ്റ്റർപ്ലാൻ ഇഖ്ബാൽ തയാറാക്കിയിട്ടുണ്ട്.

ഒരു കോഫി ഷോപ്പ് ശൃംഖലയാണ് മറ്റൊരു സ്വപ്‌നപദ്ധതി. ലണ്ടൻ ആസ്ഥാനമായാണ് കോഫി ഷോപ്പ് ശൃംഖല സ്ഥാപിക്കുന്നത്. സ്റ്റാർബക്ക്‌സ് പോലെ കോഫിയിൽ വ്യത്യസ്തമായൊരു ബ്രാൻഡ് ഉണ്ടാക്കുകയാണ് ഈ യുവ ബിസിനസുകാരന്റെ ലക്ഷ്യം. പേരും ലോഗോയും രജിസ്റ്റർ ചെയ്തുകഴിഞ്ഞു. അധികം വൈകാതെ ആദ്യഷോപ്പ് ലണ്ടനിൽ ആരംഭിക്കുമെന്ന് ഇഖ് ബാൽ പറഞ്ഞു.

ബിസിനസ് വളർച്ചയ്‌ക്കൊപ്പം ജീവകാരുണ്യപ്രവർത്തനങ്ങളിലും സജീവമാണ് ഇഖ് ബാൽ. തന്റെ ജന്മനാടായ ഹദ്ദാദ് നഗർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗോൾഡ് ഹിൽ മഹർ എന്ന കൂട്ടായ്മയുടെ ചെയർമാനാണ് ഇഖ് ബാൽ അബ്ദുൾ ഹമീദ്. പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹം നടത്തിക്കൊടുക്കുക എന്നതാണ് ഇവർ ചെയ്യുന്ന പ്രധാന പരിപാടി.

2012 ൽ ഏഴ് യുവതികളുടെയും 2013 ൽ 13 യുവതികളുടെയും വിവാഹം ഈ കൂട്ടായ്മ നടത്തിക്കൊടുത്തു. അടുത്ത വർഷം 15 യുവതികളുടെ വിവാഹം നടത്താനുള്ള പ്രവർത്തനങ്ങളിലാണ് ഇഖ്ബാലും കൂട്ടുകാരും. ഉപ്പയുടെ പേരിൽ ചാരിറ്റബിൾ ട്രസ്റ്റ് ആരംഭിച്ച് ജീവകാരുണ്യപ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കാനുള്ള തയാറെടുപ്പിലാണ് ഇഖ്ബാൽ അബ്ദുൾ ഹമീദ്.

സഹൽ സൈനുദ്ദീൻ