എസ് കെ സതീഷിന് ഇന്‍ഫോസിസ് അവാര്‍ഡ്

Posted on: November 14, 2018

ബംഗലുരു : വിവിധ ഗവേഷണ മേഖലകളില്‍ മികവു പുലര്‍ത്തുന്നവര്‍ക്കുള്ള ഇന്‍ഫോസിസ് സയന്‍സ് ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ പുരസ്‌കാരത്തിന് മലയാളി ശാസ്ത്രജ്ഞന്‍ പ്രഫ. എസ് കെ സതീഷ് അടക്കം ആറു പേരെ തെരഞ്ഞെടുത്തു. ഭൗതിക ശാസ്ത്രത്തിലെ മികവിനാണ് ബംഗലുരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ സെന്റര്‍ ഫോര്‍ അറ്റ്‌മോസ്ഫിയര്‍ ആന്‍ഡ് ഓഷ്യാനിക് വിഭാഗം പ്രഫസര്‍ എസ് കെ സതീഷ് അവാര്‍ഡിനര്‍ഹനായത്.

തിരുവനന്തപുരം സ്വദേശിയായ പ്രഫ. സതീഷ് കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ചു നടത്തിയ ശാസ്ത്രീയ കണ്ടെത്തലുകള്‍ കണക്കിലെടുത്താണ് അംഗീകാരം. കാലാവസ്ഥാ മാറ്റത്തില്‍ കാര്‍ബണ്‍ കണികകള്‍ക്കുള്ള പങ്കിനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ഗവേഷണം അന്താരാഷ്ട്രശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

72 ലക്ഷം രൂപയും ( ഒരു ലക്ഷം അമേരിക്കന്‍ ഡോളര്‍) സ്വര്‍ണപ്പതക്കവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌ക്കാരം.

TAGS: Infosys | S K Satheesh |