മിനോറു കാറ്റോ ഹോണ്ട മോട്ടോർ സൈക്കിൾ ഇന്ത്യ സിഇഒ

Posted on: April 9, 2017

കൊച്ചി : ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ പ്രസിഡന്റും സിഇഒയുമായി മിനോറു കാറ്റോയെ നിയമിച്ചു. ഇപ്പോൾ ഈ പദവിയിലുള്ള കെയ്റ്റ മുറാമറ്റ്‌സു ഇന്ത്യയിലെ ആറു വർഷത്തെ സേവനത്തിനുശേഷം അമേരിക്കൻ ഹോണ്ട കോ ഇൻകോർപറേഷന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി ചുമതലയേൽക്കും.

കാറ്റോ 1988 ൽ ഹോണ്ട ജപ്പാന്റെ സെയ്താമ പ്ലാന്റിൽ ഓട്ടോ മൊബൈൽ വിഭാഗത്തിലെ പ്രൊഡക്ഷൻ കൺട്രോൾ ഡിവിഷനിലാണ് ജോലി തുടങ്ങിയത്. 1994-98 കാലയളവിൽ മോട്ടോർ സൈക്കിൾ വിഭാഗത്തിൽ പ്ലാനിംഗ്, സെയിൽസ് വിഭാഗത്തിൽ പ്രവർത്തിച്ചു. 2001-ൽ ഹോണ്ട തായലൻഡ് മാനേജറായി. ഹോണ്ട ഇന്ത്യോനേഷ്യയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത കാറ്റോ 2007-ൽ ജപ്പാനിലേക്കു തിരിച്ചുപോയി മോട്ടോർസൈക്കിൾ ഓപ്പറേഷന്റെ പ്ലാനിംഗ് ഡിവിഷനിൽ പ്രവർത്തിച്ചു. 2011 ൽ യു കെ കേന്ദ്രമായി പ്രവർത്തിക്കുന്ന ഹോണ്ട മോട്ടോർ യൂറോപ് കോ ലിമിറ്റഡിന്റെ സിഇഒ ആയി. പ്രവർത്തന കേന്ദ്രം യുകെയിലേക്കു മാറ്റുകയും ചെയ്തു. 2014 മുതൽ ഹോണ്ട വിയ്റ്റ്‌നാം സിഇഒ സ്ഥാനം വഹിച്ചു വരികയായിരുന്നു. ഹോണ്ടയുടെ വിവിധ മേഖലകളിൽ 29 വർഷത്തെ പ്രവർത്തന പാരമ്പര്യവുമായിട്ടാണ് കാറ്റോ ഇന്ത്യയിലേക്ക് എത്തുന്നത്.

സ്ഥാനമൊഴിയുന്ന കെയ്റ്റ മുറാമറ്റ്‌സുവിന്റെ ആറു വർഷത്തെ പ്രവർത്തനകാലയളവിൽ ഹോണ്ട മോട്ടോർ സൈക്കിൾ വൻ വളർച്ചയാണ് നേടിയത്. 2016-ൽ ഹോണ്ടയുടെ ഇരുചക്ര വാഹന വിൽപ്പനയിൽ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിച്ചു. 2010-11 ൽ ഒരു പ്ലാന്റുമായി പ്രവർത്തനം തുടങ്ങിയ ഹോണ്ടയ്ക്ക് 2016-17 ആയപ്പോൾ നാല് പ്ലാന്റുകളായി. ഈ കാലയളവിൽ വാർഷിക ഉത്പാദന ശേഷി 16 ലക്ഷം യൂണിറ്റിൽനിന്നു 58 ലക്ഷം യൂണിറ്റായി ഉയർന്നു. വിൽപ്പന ഈ കാലയളവിൽ 16.56 ലക്ഷം യൂണിറ്റിൽനിന്നു 50 ലക്ഷം യൂണിറ്റിനു മുകളിലെത്തി.

കെയ്റ്റ മുറാമറ്റ്‌സുവിന്റെ കാലയളവിൽ ഹോണ്ടയുടെ വിപണി വിഹിതം 27 ശതമാനത്തിലേക്ക് ഉയർന്നു. വെറും ആറു വർഷംകൊണ്ട് നാലാം സ്ഥാനത്തു നിന്നു രാജ്യത്തെ ഏറ്റവും വലിയ രണ്ടാത്തെ ഇരുചക്രവാഹന കമ്പനിയായി ഉയർന്നു.

ആറു വർഷത്തെ പ്രവർത്തനകാലയളവിൽ ഫോർബ്‌സ് ഇന്ത്യ ബെസ്റ്റ് മൾട്ടിനാഷണൽ കമ്പനി സിഇഒയായി കെയ്റ്റ മുറാമറ്റ്‌സുവിനെ തെരഞ്ഞെടുത്തു. സൂപ്പർബ്രാൻഡ്, മോസ്റ്റ് ട്രസ്റ്റഡ് ബ്രാൻഡ് അവാർഡുകളും ഹോണ്ട ടൂ വീലേഴ്‌സിന് ലഭിച്ചിട്ടുണ്ട്. ഇക്കണോമിക് ടൈംസ് ബ്രാൻഡ് ഇക്വിറ്റി സർവേ 2016-ൽ രാജ്യത്തെ 50 മോസ്റ്റ് ട്രസ്റ്റഡ് ബ്രാൻഡുകളിൽ ഒന്നായി ഹോണ്ട ടൂ വീലേഴ്‌സിനെ തെരഞ്ഞെടുത്തിട്ടുണ്ട്.