റെജി ജോസഫിന് രാജീവൻ കാവുമ്പായി മാധ്യമ അവാർഡ്

Posted on: February 23, 2017

 

കണ്ണൂർ : കണ്ണൂർ പ്രസ് ക്ലബിൻറെ 2016 ലെ രാജീവൻ കാവുമ്പായി സ്മാരക മാധ്യമ അവാർഡിന് ദീപിക കോട്ടയം ബ്യുറോ ചീഫ് റെജി ജോസഫ് അർഹനായി. 10,000 രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്ന അവാർഡ് ഫെബ്രുവരി 25 ന് ശനിയാഴ്ച കണ്ണൂർ പ്രസ് ക്ലബിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ. കെ. ശൈലജ സമ്മാനിക്കും. ദേശാഭിമാനി സബ് എഡിറ്ററായിരുന്ന രാജീവൻ കാവുമ്പായിയുടെ സ്മരണയ്ക്ക് ദേശാഭിമാനി എംപ്ലോയീസ് വെൽഫെയർ അസോസിയേഷനും കണ്ണൂർ പ്രസ് ക്ലബും ചേർന്ന് ഏർപ്പെടുത്തിയതാണ് പുരസ്‌കാരം.

ദീപികയിൽ പ്രസിദ്ധീകരിച്ച പാലിയേറ്റീവ് കെയറിന്റെ പ്രധാന്യം വ്യക്തമാക്കുന്ന അവർ കാത്തിരിക്കുന്നു കൈത്താങ്ങിനായി എന്ന വാർത്താ പരമ്പരയാണ് അവാർഡിന് അർഹമായത്. കേരള പത്രപ്രവർത്തക യൂണിയൻ ജനറൽ സെക്രട്ടറി സി. നാരായണൻ, ദേശാഭിമാനി റിട്ടയേർഡ് സീനിയർ ന്യൂസ് എഡിറ്റർ കെ. വി. കുഞ്ഞിരാമൻ, പ്രമുഖ മാധ്യമപ്രവർത്തകൻ കെ. എ. ആന്റണി എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് നിർണയിച്ചത്.

കാഞ്ഞിരപ്പള്ളി പഴയിടം പുല്ലുതുരുത്തിയിൽ പി.ജെ. ജോസഫിന്റെയും ത്രേസ്യാമ്മയുടെയും പുത്രനായ റെജിക്ക് പത്രപ്രവർത്തനരംഗത്തെ മികവിന് ദേശീയ അന്തർദേശീയ അവാർഡുകളും ഫെലോഷിപ്പുകളും ഉൾപ്പെടെ ലഭിച്ച 74 ാമത്തെ പുരസ്‌കാരമാണിത്. റൂറൽ റിപ്പോർട്ടിംഗിനുള്ള സ്റ്റേറ്റ്‌സ്മാൻ അവാർഡ് മൂന്നു തവണ റെജി ജോസഫിന് ലഭിച്ചിട്ടുണ്ട്. ഭാര്യ ആഷ്‌ലി തെരേസ ജോസ് ഇളങ്ങുളം സെന്റ് മേരീസ് ഹൈസ്‌കൂൾ അധ്യാപികയാണ്. മക്കൾ : ആഗ്നസ് തെരേസ്, അൽഫോൻസ് (ഇരുവരും ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂൾ വിദ്യാർത്ഥികൾ).

ജൂറി അംഗങ്ങളായ സി. നാരായണൻ, കെ. എ. ആന്റണി, പ്രസ് ക്ലബ് പ്രസിഡന്റ് കെ. ടി. ശശി, സെക്രട്ടറി എൻ. പി. സി. രംജിത്ത്, ദേശാഭിമാനി എംപ്ലോയീസ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് പി. പി. കരുണാകരൻ, സെക്രട്ടറി പി. അജീന്ദ്രൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.