കരിമ്പു കർഷകരുടെ കണ്ണീരൊപ്പാൻ മലയാളി

Posted on: February 11, 2017

ന്യൂഡൽഹി : കരിമ്പു കർഷകരുടെ ദുരിതത്തിനു പരിഹാരവുമായി മലയാളി. കരിമ്പു കർഷകരെ പഞ്ചസാര മില്ലുടുമകൾ ചൂഷണം ചെയ്യുന്നതിനു പരിഹാരമായി ഷുഗർ കെയിൻ സാംപ്‌ളർ മെഷീൻ കണ്ടുപിടിച്ചത് കാഞ്ഞിരപ്പിള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളജിലെ ചീഫ് ടെക്‌നോളജിക്കൽ ഓഫീസർ കോട്ടയം മൂഴൂർ സ്വദേശി മാടപ്പള്ളിമറ്റം സഖറിയാസ് മാത്യൂ ആണ്.

കർഷകർ മില്ലുകളിൽ കരിമ്പു വിൽക്കുമ്പോൾ പലപ്പോഴും മില്ലുടമകൾ അതിൽ നിന്നു ലഭിക്കാവുന്ന പഞ്ചസാരയുടെ അളവ് കുറച്ചു കാണിച്ച് കുറഞ്ഞ വിലയാണ് നൽകുന്നത്. മില്ലുകളിൽ പഞ്ചസാരയുടെ അളവ് കൃത്യമായി കണക്കാക്കുന്ന ഉപകരണങ്ങളുമില്ല. ഈ നടപടി 1996 ലെ ഷുഗർ കൺട്രോൾ ആക്ടിന്റെ ലംഘനമാണെന്നും സഖറിയാസ് മാത്യു ഡൽഹി പ്രസ് ക്ലബിൽ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.

സ്വകാര്യ പണമിടപാടുകാരിൽ വായ്പയെടുത്ത കർഷകർ ഇതുമൂലം കടുത്ത ദുരിതത്തിലാകുന്നു. മില്ലുടമകൾ കർഷകരെ കൊള്ളയടിക്കുകയും അവർക്ക് അർഹതപ്പെട്ട പ്രതിഫലം നൽകാതെ കബളിപ്പിക്കുകയുമാണ്. ഈ ദുരവസ്ഥ ശ്രദ്ധയിൽ പെട്ടതോടെയാണ് ഷുഗർ കെയിൻ സാംപ്‌ളർ മെഷീൻ കണ്ടുപിടിച്ചതെന്നും അദേഹം പറഞ്ഞു.

ജനോപകാരപ്രദമായ 300 യന്ത്രങ്ങൾ കണ്ടുപിടിച്ചിട്ടുള്ള സഖറിയാസ് മാത്യുവിന്റെ പേരിൽ 27 അന്താരാഷ്ട്ര പേറ്റൻറുകളുമുണ്ട്. നിശ്ചിതഅളവ് കരിമ്പിൽ നിന്നും പരമാവധി ഉത്പാദിപ്പിക്കാവുന്ന പഞ്ചരസാരയുടെ അളവ് ഷുഗർ കെയിൻ സാംപ്‌ളർ മെഷീൻ ഉപയോഗിച്ച് കണക്കാക്കാൻ കഴിയുമെന്ന് അദേഹം പറഞ്ഞു. ഇതുമൂലം കർഷകർക്ക് അവർ അർഹതപ്പെട്ട പ്രതിഫലം ലഭിക്കാനും സഹായകരമാകും.

മുംബൈയിൽ വ്യവസായവും (സെൻസോ എൻജിനീയറിംഗ്) ഗവേഷണവും നടത്തുന്ന സഖറിയാസ് ഗോദ്‌റെജ്, സീമെൻസ്, എൽ ആൻഡ് ടി തുടങ്ങിയ കമ്പനികളുടെ ടെക്‌നിക്കൽ അഡൈ്വസറും കൂടിയാണ്. ഭാര്യ തങ്കമ്മ മാത്യ. മക്കൾ : സെൻസോ, സൈനോ രാജീവ് ഗാന്ധി ശിരോമണി പുരസ്‌കാരം, നാഷണൽ എക്‌സലൻസ് അവാർഡ്, രാഷ്ട്രീയ ഏകത അവാർഡ് തുടങ്ങിയ പുരസ്‌കാരങ്ങളും സഖറിയാസ് മാത്യൂവിനെ തേടിയെത്തിയിട്ടുണ്ട്.