സാലിയുടെ ജംഗിൾ ഫ്രെയിംസ്

Posted on: September 22, 2016

sali-palode-big

പ്രകൃതിയുടെ ഹൃദയമാണ് വനം. പ്രകൃതിയെ അടുത്തറിയാനുള്ള ഓരോ ചുവടുവെയ്പ്പും മനുഷ്യനെ നയിക്കുന്നത് കാടിന്റെ ഹരിതാഭയിലേക്കായിരിക്കും. ബാല്യം മുതലേ വനവിസ്മയങ്ങൾ തേടി നടത്തിയ യാത്രകളാണ് മുഹമ്മദ് സാലിയെ വൈൽഡ് ഫോട്ടോഗ്രാഫിയുടെ ഔന്നത്യങ്ങളിലേക്ക് നയിച്ചത്. സാലി പാലോട് ഈ രംഗത്ത് 30 വർഷം പിന്നിട്ടു കഴിഞ്ഞു.

തിരുവനന്തപുരത്ത് നിന്നും 40 കിലോമീറ്റർ അകലെ പാലോട് ജവഹർകോളനിയിലായിരുന്നു മുഹമ്മദ് സാലിയുടെ കുടുംബം. വീടിനടുത്തുള്ള വനം മുഹമ്മദ് സാലിക്ക് കുഞ്ഞുനാൾ മുതലേ കൗതുകമായിരുന്നു. സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം സ്റ്റുഡിയോ ഫോട്ടോഗ്രാഫി പഠിക്കുക കൂടി ചെയ്തപ്പോൾ വനയാത്രകൾ പതിവായി. വൈൽഡ്‌ലൈഫ് ഫോട്ടോഗ്രഫി സംബന്ധിച്ച വിവരശേഖരണത്തിന് അക്കാലത്ത് പുസ്തകങ്ങളോ ഇന്റർനെറ്റോ ലഭ്യമല്ലായിരുന്നു.

ഫ്രെയിമുകൾ തേടി

എൺപതുകളിൽ തിരുവനന്തപുരത്തെ ഫോട്ടോപ്രദർശനങ്ങളിൽ സാലി നിത്യസന്ദർശകനായി. 1985 ൽ ആണ് സുഹൃത്തിന്റെ യാഷിക ഇലക്‌ട്രോ -35 ക്യാമറ ഉപയോഗിച്ച് കാടിന്റെ ചിത്രങ്ങൾ പകർത്തി തുടങ്ങിയത്. പേപ്പാറ വൈൽഡ് ലൈഫ് സാംഗ്ച്വറിയിലേക്കായിരുന്നു ആദ്യ യാത്ര. ആ കാലഘട്ടത്തിൽ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർമാർ വളരെ കുറവായിരുന്നു.

ചെറുപ്പം മുതലേ പടം വരച്ചിരുന്ന സാലി ചിത്രകല അഭ്യസിച്ച് 1983 ൽ പെരിങ്ങമല ഇഖ്ബാൽ ഹൈസ്‌കൂളിൽ ചിത്രകല അധ്യാപകനായി. 1987 ൽ സർക്കാർ സർവീസിൽ ജോലി കിട്ടി. ഇപ്പോൾ ഭരതന്നൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ ചിത്രകലാ അധ്യാപകനാണ്. ജോലിസമയം കഴിഞ്ഞും അവധി ദിവസങ്ങളിലുമാണ് സാലിയുടെ വനയാത്രകൾ. അത്യാവശ്യസാധനങ്ങളുമായി ഒന്നോ രണ്ടോ ദിവസം വനത്തിൽ തങ്ങി ചിത്രങ്ങൾ പകർത്തുന്നതാണ് സാലിയുടെ രീതി.

സ്വന്തമായി വാങ്ങിയ ആദ്യത്തെ ക്യാമറ നിക്കോൺ എഫ്ഇ-2. 1994 ൽ ആയിരുന്നു അത്. പിന്നെ നിക്കോൺ 90 എക്‌സ്, നിക്കോൺ എഫ്-100. 2006 ൽ നിക്കോൺ ഡി-200 വാങ്ങിയതോടെ ഡിജിറ്റൽ ഫോട്ടോഗ്രഫിയിലേക്ക് മാറി. തുടർന്ന് കാനൺ-500 ഉപയോഗിച്ചു. ഇപ്പോൾ കാനൺ 5 ഡി ആണ് കൈവശമുള്ളത്.ശമ്പളത്തിൽ വലിയപങ്കും ക്യാമറകൾക്കും യാത്രയ്ക്കും വേണ്ടിയാണ് ഈ പരിസ്ഥിതിപ്രേമി ചെലവഴിക്കുന്നത്.

നേട്ടങ്ങൾ

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ പ്രകൃതിയും മൃഗങ്ങളും പക്ഷികളും ചിത്രശലഭങ്ങളും പൂക്കളും ജലപാതങ്ങളുമായി ആയിരക്കണക്കിന് നിശ്ചലദൃശ്യങ്ങൾ സാലിയുടെ ഫ്രെയിമിലൂടെ ലോകം കണ്ടു. കല്ലാന എന്ന കുള്ളനാന അഗസ്ത്യാർ വനമേഖലയിൽ ഉണ്ടെന്ന് തെളിവു സഹിതം പുറംലോകത്തെ അറിയിച്ചത് സാലി പാലോട് ആയിരുന്നു. 2005 ൽ പേപ്പറ വനത്തിൽ നിന്നാണ് കല്ലാനയുടെ ചിത്രം പകർത്തിയത്. എന്നാൽ വനംവകുപ്പും മറ്റുള്ളവരും പശ്ചമിഘട്ടത്തിൽ കല്ലാന ഉണ്ടെന്ന സത്യം അംഗീകരിക്കാൻ ആദ്യം തയാറായില്ല.

നീലഗിരി താർ എന്നറിയപ്പെടുന്ന വരയാടുകളെ തേടി പൊൻമുടി വരയാട്ടുമുടിയിലേക്കും സാലി സാഹസികയാത്ര നടത്തിയിട്ടുണ്ട്. സമുദ്രനിരപ്പിൽ നിന്ന് 15,00 മീറ്ററിലേറെയാണ് ഈ മലനിരകളുടെ ഉയരം. വരയാടുകളുടെ നിരവധി അപൂർവ ചിത്രങ്ങളാണ് ഈ യാത്രയിൽ സാലിയുടെ ഫ്രെയ്മിലേക്ക് ഓടിക്കയറിയത്.

സാലി പാലോടിന്റെ സഹായത്തോടെ പ്രമുഖ ജന്തു ശാസ്ത്രജ്ഞൻ ഡോ. എസ്. ഡി. ബിജു പൊൻമുടിയിൽ കണ്ടെത്തിയ അപൂർവ തവളവർഗത്തിന് ഇദേഹത്തിന്റെ പേരാണ് നൽകിയിട്ടുള്ളത്. ഈ തവളകൾ മക്രിസാലസ് സാലി അഥവ സാലീസ് ഡാൻസിംഗ് ഫ്രോഗ്‌സ് എന്നാണ് അറിയപ്പെടുന്നത്. 14 ഇനം ഡാൻസിംഗ് ഫ്രോഗുകളെയാണ് ഇന്ത്യയിൽ കണ്ടെത്തിയിട്ടുള്ളത്.

നെയ്യാർ, കുളത്തൂപ്പുഴ, ചെന്തുരണി, അച്ചൻകോവിൽ, പറമ്പിക്കുളം, സൈലന്റ വാലി, പാമ്പാടുംചോല തുടങ്ങിയ വന്യജീവിസങ്കേതങ്ങളിൽ നിന്നും സാലി പാലോടിന് നൂറുകണക്കിന് അപൂർവ ചിത്രങ്ങൾ പകർത്താനായി. ഗവി വനമേഖല ഇക്കോ ടൂറിസത്തിന് തുറന്നു കൊടുക്കാൻ വനം വകുപ്പ് തീരുമാനിച്ചപ്പോൾ ബ്രോഷറിനു വേണ്ട ഫോട്ടോകൾ എടുക്കാൻ ചുമതലപ്പെടുത്തിയത് സാലിയെയായിരുന്നു. കെടിഡിസിക്കു വേണ്ടി മൂന്നാർ മീശപ്പുലിമലയുടെ ചിത്രങ്ങളും സാലി പാലോട് പകർത്തി.

തേക്കടിയെക്കുറിച്ചും സൈലന്റ് വാലിയെക്കുറിച്ചും വനംവകുപ്പ് പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകങ്ങളിലും ബ്രോഷറുകളിലും സാലി പാലോടിന്റെ ചിത്രങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. സാംഗ്ച്വറി ഏഷ്യ മാഗസിനിലും വനംവകുപ്പിന്റെ ആരണ്യം മാസികയിലും ഇദ്ദേഹത്തിന്റെ ഫോട്ടോകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാലി പാലോടിന്റെ തെരഞ്ഞെടുത്ത ചിത്രങ്ങളുടെ പ്രദർശനം -ഫ്രാക്ഷൻ ഓഫ് എറ്റേർണിറ്റി എന്ന പേരിൽ 2006 ൽ തിരുവനന്തപുരം മ്യൂസിയം ഓഡിറ്റോറിയത്തിൽ നടന്നു. നിരവധി സ്‌കൂളുകളിലും ഈ പ്രകൃതിസ്‌നേഹിയുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കപ്പെട്ടു.

പുരസ്‌കാരങ്ങൾ

1997 മുതൽ 2003 വരെ തുടർച്ചയായി ഏഴ് വർഷം സംസ്ഥാന വനം-വന്യജീവി ഫോട്ടോഗ്രാഫി മത്സത്തിൽ സാലി പാലോട് സമ്മാനാർഹനായി. കൂടാതെ ജിം കോർബറ്റ് ഇന്റർനാഷണൽ എക്‌സിബിഷൻ ഓഫ് നേച്ചർ ആൻഡ് വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി അവാർഡ്, സാംഗ്ച്വറി മാഗസിൻ നാഷണൽ ഫോട്ടോഗ്രഫി അവാർഡ്, വെസ്റ്റ്‌കോസ്റ്റ് ഓൾ ഇന്ത്യ ഫോട്ടോഗ്രഫി അവാർഡ് തുടങ്ങി എഴുപതിലേറെ ദേശീയ-അന്തർദേശീയ അവാർഡുകൾ സാലി പാലോടിനെ തേടിയെത്തിയിട്ടുണ്ട്.

 

sali-palode-with-ramla-beev

 

വൈൽഡ്‌ലൈഫ് ഫോട്ടോഗ്രഫിയിൽ തന്റെ കുടുംബത്തിന്റെ പിന്തുണ വളരെ വലുതാണെന്ന് സാലി പാലോട് പറയുന്നു. ഭാര്യ റംലബീവി. മക്കൾ : ഷബന, ഷെറീന. മരുമക്കൾ : ഷബീർ, അനസ്. ആരോഗ്യമുള്ളിടത്തോളം കാലം ഫോട്ടോ എടുക്കണമെന്നതാണ്  ഈ പരിസ്ഥിതിസ്‌നേഹിയുടെ ആഗ്രഹം.

ലിപ്‌സൺ ഫിലിപ്പ്