റെജി ജോസഫിന് സ്റ്റേറ്റ്‌സ്മാൻ പരിസ്ഥിതി അവാർഡ്

Posted on: September 18, 2016

Reji-Joseph-Big

കോൽക്കത്ത : സ്റ്റേറ്റ്‌സ്മാൻ ദിനപത്രം പരിസ്ഥിതി റിപ്പോർട്ടിംഗിന് ഏർപ്പെടുത്തിയ കുഷ്‌റോ ഇറാനി ദേശീയ മാധ്യമ പുരസ്‌കാരം ദീപിക കോട്ടയം ബ്യൂറോ ചീഫ് റെജി ജോസഫിന് ലഭിച്ചു. രാഷ്ട്രദീപികയിൽ പ്രസിദ്ധീകരിച്ച മൺറോത്തുരുത്തിനു മുങ്ങിമരണം എന്ന ലേഖന പരമ്പരയ്ക്കാണു പുരസ്‌കാരം. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും ഉൾപ്പെടുന്ന പുരസ്‌കാരം കോൽക്കത്തയിൽ നടന്ന ചടങ്ങിൽ സമ്മാനിച്ചു.

കാഞ്ഞിരപ്പള്ളി പഴയിടം പുല്ലുതുരുത്തിയിൽ പി.ജെ. ജോസഫിന്റെയും ത്രേസ്യാമ്മയുടെയും പുത്രനായ റെജിക്ക് പത്രപ്രവർത്തനരംഗത്തെ മികവിന് ദേശീയ അന്തർദേശീയ അവാർഡുകളും ഫെലോഷിപ്പുകളും ഉൾപ്പെടെ ലഭിച്ച 71 ാമത്തെ പുരസ്‌കാരമാണിത്. റൂറൽ റിപ്പോർട്ടിംഗിനുള്ള സ്റ്റേറ്റ്‌സ്മാൻ അവാർഡ് മൂന്നു തവണ ലഭിച്ചിട്ടുണ്ട്. ഭാര്യ ആഷ്‌ലി തെരേസ ജോസ്, ഇളങ്ങുളം സെന്റ് മേരീസ് ഹൈസ്‌കൂൾ അധ്യാപികയാണ്. മക്കൾ : ആഗ്നസ് തെരേസ്, അൽഫോൻസ് (ഇരുവരും ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂൾ വിദ്യാർത്ഥികൾ).

1875 ൽ കോൽക്കത്തയിൽ പ്രസിദ്ധീകരണം തുടങ്ങിയ സ്റ്റേറ്റ്‌സ്മാൻ ഇംഗ്ലീഷ് ദിനപത്രത്തിൽ 1968 മുതൽ മാനേജിംഗ് എഡിറ്ററും 1991 മുതൽ ചീഫ് എഡിറ്ററുമായിരുന്ന കുഷ്‌റോ റൂസി ഇറാനി (സി.ആർ. ഇറാനി) 1975 ലെ അടിയന്തരാവസ്ഥയിൽ പത്രങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തിയതിനെതിരേ ധീരമായ നിലപാട് സ്വീകരിച്ച പത്രാധിപരാണ്. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ ചെയർമാൻ, ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി പ്രസിഡന്റ് തുടങ്ങി പദവികൾ വഹിച്ചിട്ടുണ്ട്.