വാതരോഗത്തിന് പുതിയ ചികിത്സാരീതി : ഡോ. പദ്മനാഭ ഷേണായിക്ക് അന്താരാഷ്ട്ര അംഗീകാരം

Posted on: August 12, 2016

Dr.-Padmanabha-Shenoy-Big

കൊച്ചി : സ്‌ക്ലീറോഡെർമ (Scleroderma) എന്ന വാതരോഗത്തെ ചികിത്സയിലൂടെ വരുതിയിലാക്കാം എന്ന കണ്ടുപിടുത്തത്തിന് എറണാകുളം നെട്ടൂരിൽ പ്രവർത്തിക്കുന്ന ഡോക്ടർ ഷേണായിസ് കെയർ (സെന്റർ ഫോർ റൂമറ്റിസം എക്‌സലൻസ്) സ്ഥാപകനും അറിയപ്പെടുന്ന റൂമറ്റോളജിസ്റ്റുമായ ഡോ. പദ്മനാഭ ഷേണായിക്ക് അന്താരാഷ്ട്ര അംഗീകാരം.

നമ്മുടെ പ്രതിരോധ ശക്തിയിലെ വ്യതിയാനം മൂലം ഉണ്ടാകുന്ന ഒരു വാതരോഗമാണ് സ്‌ക്ലീറോഡെർമ. തുടക്കത്തിൽ ചർമ്മം കട്ടികൂടി വലിഞ്ഞുമുറുകും. തുടർന്ന് ഹ്യദയം, ശ്വാസകോശം, രക്തക്കുഴലുകൾ തുടങ്ങിയ ആന്തരികാവയവങ്ങളെ ബാധിക്കും. ഇത് കൂടുതലും സ്ത്രീകളെയാണ് ബാധിക്കാറ്. 35% മുതൽ 40% വരെ സ്‌ക്ലീറോഡെർമ രോഗം ബാധിച്ചവർ അഞ്ചുവർഷത്തിനകം മരണത്തിന് കീഴടങ്ങുന്നു. സ്തനാർബുദം മൂലം സംഭവിക്കുന്ന മരണ നിരക്കിനെക്കാൾ അഞ്ചുമടങ്ങ് കൂടുതലാണ്. ഇന്ത്യയിൽ മാത്രം 4 ലക്ഷത്തിൽ പരം ആളുകൾക്ക് ഈ രോഗം ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

അടുത്ത കാലം വരെ സ്‌ക്ലീറോഡെർമ ബാധിച്ച് ശ്വാസകോശം ചുരുങ്ങുന്ന അവസ്ഥയ്ക്ക് ഫലപ്രദമായ ചികിത്സ ലഭ്യമായിരുന്നില്ല. ലോകത്തിന്റെ പലഭാഗത്തും രോഗികൾക്ക് mycophenolate mofetil എന്ന ഗുളികയോ, cyclophosphaide എന്ന ഇൻജക്ഷനോ ആണ് ഉപയോഗിച്ചിരുന്നതെങ്കിലും ഇവ രണ്ടും എത്രത്തോളം ഫലപ്രദമാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിരുന്നില്ല.

ഈ സാഹചര്യത്തിലാണ് ഡോ. പദ്മനാഭ ഷേണായിയുടെ നേത്യത്വത്തിൽ അറുപതോളം രോഗികളിൽ കഴിഞ്ഞ നാലു വർഷമായി നടത്തിയ പഠനങ്ങളിൽ രണ്ടു മരുന്നുകളും ഒരു പോലെ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടത്. ഈ കണ്ടെത്തലുകളാണ് ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർത്രൈറ്റിസ് റിസേർച്ച് ആൻഡ് തെറാപ്പി ജേണലിൽ പ്രസിദ്ധീകരിച്ചിരിക്കുത്. ആദ്യമായാണ് ശ്വാസകോശം ചുരുങ്ങുന്ന ഈ അസുഖം ചികിത്സയിലൂടെ വരുതിയിലാക്കാമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെടുന്നത്. ഒരു മലയാളി ഭിഷഗ്വരന്റെ കണ്ടെത്തലുകൾക്ക് ഈ അന്താരാഷ്ട്ര അംഗീകാരം ലഭിക്കുന്നതും ആദ്യമാണ്.

ഡോ. പദ്മനാഭ ഷേണായിയുടെ കണ്ടെത്തലുകൾ ലോകമെമ്പടുമുള്ള സ്‌ക്ലീറോഡെർമ എന്ന വാതരോഗത്താൽ ക്ലേശമനുഭവിക്കുന്ന ലക്ഷോപലക്ഷം രോഗികൾക്ക് ആശ്വാസവും പ്രത്യാശയുമാണ് പകർന്നു നൽകിയിരിക്കുന്നത്.