പ്രകൃതിയുടെ കാവൽമാലാഖ

Posted on: May 13, 2016

Sebastian-Poondikkulam-Big

ചുട്ടുപൊള്ളുന്ന വേനലിൽ പച്ചവിരിച്ചു നിൽക്കുന്ന വനം. കോട്ടയം ജില്ലയിലെ പൂഞ്ഞാർ – മുണ്ടക്കയം സംസ്ഥാന പാതയോട് ചേർന്ന് മലയിഞ്ചിപ്പാറയിൽ ആറ് ഏക്കർ വിസ്തൃതിയിലാണ് മനുഷ്യനിർമ്മിതമായ എവർഗ്രീൻ ബൊട്ടാണിക്കൽ ഗാർഡൻ. പി.ഡി. സെബാസ്റ്റ്യൻ പൂണ്ടിക്കുളത്തിന്റെ അൻപതാണ്ടത്തെ തപസ്യയുടെ ഫലമായി രൂപപ്പെട്ട കാട്. ഇക്കാലമത്രയും മരങ്ങളെ മക്കളായി കണ്ട് വളർത്തിയെടുത്ത പച്ചത്തുരുത്ത്.

മണ്ണിനെയും മരങ്ങളെയും സ്‌നേഹിക്കുന്ന ആർക്കും ഇവിടേക്ക് കടന്നുവരാം. മരത്തണലിൽ ശുദ്ധവായു ശ്വസിച്ച് നാനജാതി കിളികളുടെ കളകൂജനം ആസ്വദിച്ച് ഒരു ദിവസം ചെലവിടാം. ആയിരക്കണക്കിന് മരങ്ങളെയും ചെടികളെയും തൊട്ടറിയാം. പ്രായം തളർത്താത്ത ആവേശവുമായി ദേവസ്യാച്ചൻ സന്ദർശകരെ സ്വാഗതം ചെയ്യും. മരങ്ങൾ നടുന്നവർ സ്വർഗ്ഗത്തിൽ പോകുമെന്ന അമ്മയുടെ ഉപദേശമാണ് വൃക്ഷങ്ങളെ സ്‌നേഹിക്കാൻ കുട്ടിക്കാലത്ത് ദേവസ്യാച്ചനെ പ്രേരിപ്പിച്ചത്. പിതാവ് കുഞ്ഞുപാപ്പനും അമ്മ മറിയാമ്മയും ദേവസ്യാച്ചനെ കൊണ്ട് തൈകൾ നടീക്കുമായിരുന്നു.

പാതാമ്പുഴയിലെ സമ്പന്നകർഷക കുടുംബത്തിൽ ജനിച്ച ദേവസ്യാച്ചൻ ചെറുപ്പം മുതലെ കൃഷിപ്പണികളിൽ പിതാവിനെ സഹായിച്ചിരുന്നു. ഭരണങ്ങാനം ഹൈസ്‌കൂളിൽ പഠിക്കുമ്പോൾ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തു. സർ സിപിയുടെ ഭരണകാലത്ത് വിദ്യാർത്ഥി കോൺഗ്രസിന്റെ പ്രവർത്തകനായിരുന്നു. പത്താം തരം പാസായപ്പോൾ കോളജ് വിദ്യാഭ്യാസത്തിനായി ദേവസ്യാച്ചനെ പിതാവ് മൈസൂറിലേക്ക് അയച്ചു. സെന്റ് ഫിലോമിനാസ് കോളജിൽ നിന്ന് പ്രീയൂണിവേഴ്‌സിറ്റിയും ഡിഗ്രിയും പാസായി.

പ്രശസ്തമായ അലിഗഡ് സർവകലാശാലയിൽ നിന്നാണ് പൊളിറ്റിക്‌സിൽ ബിരുദാനന്തര ബിരുദം നേടിയത്. മുൻ രാഷ്ട്രപതി ഡോ. സക്കീർ ഹുസൈനായിരുന്നു അന്നത്തെ വൈസ്ചാൻസ്‌ലർ. പഠനം പൂർത്തിയാക്കിയ ശേഷം കുറച്ചുകാലം അലിഗഡിലെ ഗവൺമെന്റ് പ്രസിൽ സൂപ്പർവൈസറായി ജോലിക്ക് ചേർന്നു. യുപിയിലെ കഠിനമായ കാലാവസ്ഥയോട് പൊരുത്തപ്പെടാനാകാതെ ദേവസ്യാച്ചൻ നാട്ടിലേക്ക് മടങ്ങി. അക്കാലത്ത് കോളജ് അധ്യാപകൻ ആകാനുള്ള ഓഫറും അദേഹം സ്വീകരിച്ചില്ല. കൃഷിയിലേക്ക് തിരിയാനായിരുന്നു ദേവസ്യാച്ചന്റെ തീരുമാനം.

റബർകൃഷിക്ക് അനുയോജ്യമായ 21 ഏക്കർ ഭൂമിയാണ് ദേവസ്യാച്ചന് കുടുംബസ്വത്തായി കിട്ടിയത്. തനിക്ക് ലഭിച്ചതിൽ ആറ് ഏക്കർ സ്ഥലത്ത് കാടുവച്ചുപിടിപ്പിക്കാൻ തുനിഞ്ഞപ്പോൾ കേട്ടവർ പരിഹസിച്ചു. ഇന്ത്യയിലും വിദേശത്തു നിന്നുമായി തൈകൾ കൊണ്ടുവന്ന് അദേഹം തന്റെ പുരയിടത്തിൽ നട്ടുവളർത്തി. ഇരുന്നൂറിലധികം ഇനങ്ങളിൽപെട്ട ആയിരക്കണക്കിന് മരങ്ങൾ ഇപ്പോൾ എവർഗ്രീൻ ബൊട്ടാണിക്കൽ ഗാർഡനിൽ പടർന്നു പന്തലിച്ചു നിൽക്കുന്നു. ഉറവ വറ്റാത്ത ജലസമ്പത്താണ് ഈ വനത്തിന്റെ മറ്റൊരു സവിശേഷത. കുന്നിൻ ചെരിവുകളിൽ കയ്യാല തീർത്ത് മഴവെള്ളം തടഞ്ഞു നിർത്തുന്നു.

ഇക്കൂട്ടത്തിൽ നൂറ് ഇഞ്ചിന് മുകളിൽ വണ്ണമുള്ള ഈട്ടിയും ആഞ്ഞിലിയും എല്ലാമുണ്ട്. എന്നാൽ ഒരു മരം പോലും വില്പനയ്ക്കുള്ളതല്ല. അതിരാവിലെ ഉണരുന്ന ദേവസ്യാച്ചൻ പ്രഭാതകൃത്യങ്ങൾക്കു ശേഷം പുരയിടത്തിലേക്ക് ഇറങ്ങുന്നു. താൻ നട്ടുവളർത്തിയ ഓരോ മരത്തിന്റെയും അരികിലെത്തി അവയെ തഴുകുന്നു. തങ്ങളുടെ സ്‌നേഹം വായുവും വെള്ളവും കുളിരുമായി അവ ഈ മനുഷ്യനു തിരികെ നൽകുന്നു. ആവശ്യമായവയ്ക്ക് വെള്ളവും ചാണകവും തണലും നൽകി സംരംക്ഷിക്കുന്നു. രാസവളം എവർഗ്രീൻ ബൊട്ടാണിക്കൽ ഗാർഡനിൽ നിഷിദ്ധമാണ്.

താൻ ഇപ്പോഴും പൂർണ ആരോഗ്യവാനായിരിക്കുന്നത് വൃക്ഷനിബിഡമായ ഈ പുരയിടത്തിൽ ജീവിക്കുന്നതു കൊണ്ടാണെന്ന് ദേവസ്യാച്ചന്റെ സാക്ഷ്യം. ഉന്നത ജോലി സ്വീകരിച്ച് ഏതെങ്കിലും നഗരത്തിൽ കഴിഞ്ഞുകൂടിയിരുന്നെങ്കിൽ വിഷവായുവും വിഷമയമായ ഭക്ഷണവും കൂടി രോഗിയാക്കി വളരെ മുമ്പേ മരണമടയുമായിരുന്നുവെന്നും അദേഹം ചൂണ്ടിക്കാട്ടി.

എവർഗ്രീൻ ബൊട്ടാണിക്കൽ ഗാർഡനെ അടുത്തറിയാൻ ദേവസ്യാച്ചന്റെ വീട്ടുമറ്റത്തു നിന്ന് ആരംഭിക്കുന്ന ഒറ്റയടിപ്പാതയിലൂടെ കുന്നുകയറിയിറങ്ങണം. നടപ്പാതയ്ക്കരികിൽ കല്ലു കൊണ്ടുള്ള ഇരിപ്പിടങ്ങൾ. മലമുകളിൽ കൂറ്റൻ മഴവെള്ള സംഭരണി. മലയിറങ്ങുമ്പോൾ എവർഗ്രീൻ ബൊട്ടാണിക്കൽ ഗാർഡനിലെ വൃക്ഷശ്രീയായി തെരഞ്ഞെടുത്ത ആഞ്ഞിലി മരം. പാരിജാതം, വെൽവെറ്റ് ആപ്പിൾ, കരിവെട്ടി, പാൽപുഞ്ചിരി തുടങ്ങി പേരറിയുന്നതും അറിയാത്തതുമായ വൃക്ഷ-സസ്യജാലങ്ങൾ വേറെ. വഴിക്ക് ഇരുപുറവും അണ്ണാറക്കണ്ണൻമാരും കിളികളും സൈ്വരവിഹാരം നടത്തുന്നു.

അൻപത് വർഷം പ്രായമുള്ള ലിച്ചി മരമാണ് ദേവസ്യാച്ചന്റെ വീടിനു മുന്നിൽ തലയുർത്തി നിൽക്കുന്നത്. ലിച്ചിയുടെ മുകളിൽ ഏറ് മാടവും ഒരുക്കിയിട്ടുണ്ട്. നേപ്പാളിൽ നിന്ന് കൊണ്ടുവന്ന രുദ്രാക്ഷത്തിൽ ധാരാളം പഞ്ചമുഖ രുദ്രാക്ഷം ഉണ്ടാകുന്നു. ആയുർവേദത്തിലെ ധാരളം ഒറ്റമൂലികളും ഈ മനുഷ്യസ്‌നേഹി നട്ടുവളർത്തുന്നു. കാൻസർ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ലക്ഷ്മിതരു, പാമ്പുവിഷത്തിനുള്ള അണലിവേകം, സോറിയാസിസിനുള്ള ദന്തപ്പാല തുടങ്ങിയവ അവയിൽ ചിലതുമാത്രം.

മരങ്ങൾ സംരക്ഷിക്കാൻ അരനൂറ്റാണ്ട് മുമ്പ് എടുത്ത തീരുമാനം തെറ്റിയില്ല. കാലാവസ്ഥ വ്യതിയാനം ഏറെ ചർച്ചചെയ്യപ്പെടുന്ന ഈ കാലഘട്ടത്തിൽ ദേവസ്യാച്ചന്റെ വനസ്ഥലി പ്രകൃതിസ്‌നേഹികളുടെ തീർത്ഥാടനകേന്ദ്രമായി. ഓരോ മരത്തിലും മരത്തിന്റെ പേരും ശാസ്ത്രനാമവും ദേവസ്യാച്ചൻ രേഖപ്പെടുത്തിവച്ചിട്ടുണ്ട്. എവർഗ്രീൻ ബൊട്ടാണിക്കൽ ഗാർഡൻ സന്ദർശിക്കാൻ എത്തുന്ന പുതുതലമുറയ്ക്ക് 88 വയസിനുള്ളിൽ താൻ ആർജ്ജിച്ച അറിവുകൾ അദേഹം പകർന്നു നൽകുന്നു.

കാതൽ കാതൽ എന്ന തമിഴ് ചിത്രത്തിന്റെ ഷൂൂട്ടിംഗ് ദേവസ്യാച്ചന്റെ എവർഗ്രീൻ ബൊട്ടാണിക്കൽ ഗാർഡനിലായിരുന്നു. വനമിത്ര ഉൾപ്പടെ നിരവധി പുരസ്‌കാരങ്ങൾ സെബാസ്റ്റ്യൻ പൂണ്ടിക്കുളത്തെ തേടിയെത്തിയിട്ടുണ്ട്. തന്നെ കാണാൻ എത്തുന്ന ഓരോരുത്തരോടും ഈ മനുഷ്യസ്‌നേഹി പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കുന്നു. ചൂടിനെ പ്രതിരോധിക്കാൻ ഏറ്റവും മികച്ചത് പ്ലാവ് ആണെന്ന് ദേവസ്യാച്ചന്റെ അനുഭവം. കടുത്ത വേനലിലും പ്ലാവ് നിത്യഹരിതമായി നിലകൊള്ളും.

ഇന്നു കാണുന്ന രീതിയിലേക്ക് വനം വളർത്തുന്നതിൽ ദേവസ്യാച്ചന്റെ പത്‌നി മറിയമ്മ (കുഞ്ഞമ്മ)യുടെ അകമഴിഞ്ഞ പിന്തുണയുണ്ടായിരുന്നു. കഴിഞ്ഞ വർഷം ദേവസ്യാച്ചനെ തനിച്ചാക്കി കുഞ്ഞമ്മ നിത്യതയിലേക്ക് യാത്രയായി. ഈ ദമ്പതികൾക്ക് മക്കളില്ല. മക്കൾക്ക് തുല്യമായ വൃക്ഷങ്ങളാണ് ഇപ്പോൾ ദേവസ്യാച്ചന് താങ്ങും തണലും. ഭാവിയിൽ എവർഗ്രീൻ ബൊട്ടാണിക്കൽ ഗാർഡൻ സംരംക്ഷിക്കാനുള്ള ഉത്തരവാദിത്വം സഹോദരപുത്രനായ എബി പൂണ്ടിക്കുളത്തെയാണ് ഏൽപ്പിച്ചിരിക്കുന്നത്.

തന്റെ അന്ത്യവിശ്രമവും ഈ മണ്ണിൽ തന്നെയാവണമെന്നതാണ് ദേവസ്യാച്ചന്റെ ആഗ്രഹം. എന്റെ ഭൗതിക ശരീരം ഈ മണ്ണിൽ ലയിച്ചു ചേരണം. ഇവിടുത്തെ വൃക്ഷങ്ങളുടെ വേരുകളിലൂടെ വലിച്ചെടുക്കപ്പെട്ട് പുനർജനിക്കണമെന്ന് പ്രകൃതിയുടെ ഈ കാവൽമാലാഖ പറയുന്നു.

ലിപ്‌സൺ ഫിലിപ്പ്