ടേക്ക്ഓഫ് ചെയ്യുന്ന സ്വപ്നം

Posted on: December 1, 2015

Saji-Thomas-Big-a

സ്വപ്‌നങ്ങളുടെ ഉയരം എന്തായിരിക്കും, ആലങ്കാരികമായി പറഞ്ഞാൽ ആകാശം പോലും അതിരല്ല. പലപ്പോഴും യാഥാർത്ഥ്യം മറിച്ചായിരിക്കും. എന്നാൽ തൊടുപുഴ തട്ടക്കുഴ അഴകനാൽ സജി തോമസിന്റെ സ്വപ്‌നങ്ങൾക്ക് ആകാശത്തോളം ഉയരമുണ്ടായിരുന്നു. ഭിന്നശേഷിയുള്ളവന് കാണാവുന്നതിന് അപ്പുറമുള്ള സ്വപ്‌നമാണ് സജിയുടെ മനസിൽ തെളിഞ്ഞത്. ഇന്ന് സജിയുടെ മുഖത്തെ തിളങ്ങുന്ന പുഞ്ചിരി വിജയകരമായ ടേക്ക് ഓഫിന്റേതാണ്.

മേഘപാളികൾക്കിടയിലൂടെ പറന്നു നടക്കാൻ കൊതിച്ച സജിയെന്ന 15 കാരന്റെ സ്വപ്‌നം 27 വർഷത്തെ സുദീർഘമായ കാത്തിരിപ്പിന് ശേഷം ഇപ്പോൾ യഥാർത്ഥ്യമായിരിക്കുന്നു. വെറും വിമാന യാത്രയല്ല, താൻ സ്വന്തമായി നിർമ്മിച്ച വിമാനത്തിൽ. ഇന്നലെവരെ പരിഹസിച്ച ലോകത്തെ നോക്കി സജി ചിരിക്കുന്നു. പ്രതിസന്ധികളെ അതിജീവിക്കാനാകാതെ പകച്ചുനിൽക്കുന്നവർക്ക് പ്രചോദനമേകുന്ന സജിയുടെ കഥ കഴിഞ്ഞ ദിവസം ഡിസ്‌കവറി ചാനലിൽ സംപ്രേക്ഷണം ചെയ്യപ്പെട്ടു.

ലോകദൃഷ്ടിയിൽ കുറവുകൾ മാത്രമുള്ളവൻ. ജന്മനാ സംസാരശേഷിയില്ല. ഒന്നും കേൾക്കുകയുമില്ല. വെറും ഏഴാംക്ലാസ് വിദ്യാഭ്യാസം. ആകെയുള്ളതു അമ്പതു സെന്റ് സ്ഥലം. അതിൽ ഉടുമ്പന്നൂർ പഞ്ചായത്തിന്റെ കാരുണ്യത്തിൽ നിർമിച്ച വീട്. ആകെ 40 റബർ മരങ്ങളുണ്ട്. ഭാര്യ മരിയ ടാപ്പ് ചെയ്താൽ വീട്ടിൽ അടുപ്പ് പുകയും. ഏകൻ മകൻ ജോഷ്വാ തട്ടക്കുഴ ഗവൺമെന്റ് സ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി.

എന്നാൽ 43 കാരനായ സജിയെ അറിയുമ്പോൾ ഇതൊന്നും കുറവല്ല. കേൾക്കാത്തതും പറയാത്തതും കുറവാണെന്നു സജിക്കു തോന്നിയിട്ടുമില്ല. ഇന്ത്യൻ എയർഫോഴ്‌സിലെ റിട്ടേയർഡ് വിംഗ് കമാൻഡർ എസ്.കെ.ജെ. നായർ തമിഴ്‌നാട്ടിലെ തിരുനൽവേലിക്കടുത്തുള്ള അംബാസമുദ്രത്തിൽ സജിയെ ഒപ്പം ഇരുത്തി വിമാനം പറപ്പിച്ചു. എന്നാൽ ആകാശത്തു കൂടെ വട്ടമിട്ടു പറക്കണമെങ്കിൽ സജിക്കു ഇനിയും കടമ്പകൾ കടക്കണം. സിവിൽ വ്യോമയാന മന്ത്രാലയത്തിന്റെ അംഗീകാരം ലഭിക്കണം. ഡിജിസിഎ രജിസ്‌ട്രേഷൻ കിട്ടിയാൽ മാത്രമെ സജിയുടെ വിമാനത്തിനു മറ്റു സ്ഥലങ്ങളിലേക്ക് പറക്കാനാകുകയുള്ളുവെന്ന് എസ്.കെ.ജെ. നായർ പറഞ്ഞു.

ഏഴുവർഷം കൊണ്ടാണു സജി വിമാനം നിർമ്മിച്ചത്. സാമ്പത്തിക പരാധീനതകൾ മൂലമാണു നിർമാണം വൈകിയത്. സ്വന്തമായുണ്ടായിരുന്ന ജീപ്പ് വിറ്റും ഇലക്ട്രീഷ്യൻ ജോലിചെയ്തും റബർ കൃഷിയിലെ വരുമാനം ഉപയോഗിച്ചും സജി വിമാനമുണ്ടാക്കാനുള്ള യന്ത്രഭാഗങ്ങൾ വാങ്ങി. രാജ്യത്തെ പ്രമുഖ വിമാന കമ്പനികളിൽ നേരിട്ടു ചെന്നു സാങ്കേതിക വിദ്യ പരിചയപ്പെട്ടു. ബംഗലുരുവിൽ നിന്നും വിമാനത്തിന്റെ പാർട്‌സുകൾ വാങ്ങി.

ഇന്റർനെറ്റിന്റെയും പുസ്തകങ്ങളുടെയും സഹായത്തോടെ സംശയങ്ങൾ ദുരീകരിച്ചു. വെറും ഏഴാം ക്ലാസ് വിദ്യാഭ്യാസം മാത്രമേയുള്ളൂവെന്ന് പറഞ്ഞ് സജിയെ എഴുതി തള്ളാൻ വരട്ടെ. ഇന്ന് സജി കത്തുകൾ എഴുതുന്നതു ഇംഗ്ലീഷിലാണ്, ആരെയും ആശ്രയിക്കാതെ.

ജീവിതത്തിന്റെ ഫ്‌ലാഷ് ബാക്ക്

തൊടുപുഴ ഇളംദേശത്തായിരുന്നു സജിയുടെ കുടുംബം താമസിച്ചിരുന്നത്. വെള്ളിയാമറ്റത്ത് കാരിക്കോട് എസ്റ്റേറ്റിൽ റബറിനു തുരിശ് തെളിക്കാൻ എത്തിയ രണ്ട് ഹെലികോപ്ടറുകളാണ് സജിയുടെ ജീവിതം മാറ്റി മറിച്ചത്. പ്രായം 15 വയസ്.

എല്ലാ ദിവസവും രാവിലെ എസ്റ്റേറ്റിൽ പോയി ഹെലികോപ്ടർ കാണുന്നതായിരുന്നു സജിയുടെ ഹോബി. പതുക്കെ അടുത്തു കൂടി അവർ ഭക്ഷണം കഴിക്കുമ്പോൾ ഹെലികോപ്റ്ററിൽ തൊട്ടു തലോടും. സൗമ്യനായ ഈ ചെറുപ്പക്കാരനെ ഓടിച്ചുവിടാൻ കമ്പനിക്കാരും തയാറായില്ല. പ്രത്യേകിച്ച് അവൻ മൂകനാണെന്ന് അറിഞ്ഞപ്പോൾ. അങ്ങനെ ഒരു ബന്ധം അവിടെ ഉടലെടുത്തു. മുംബൈ കമ്പനിക്കാർ പോകുന്നതിനു മുമ്പ് സജിയെ ഹെലികോപ്ടറിൽ കയറ്റി രണ്ട് റൗണ്ട് കറക്കിയിട്ടാണ് പോയത്. വർഷങ്ങൾക്കു മുമ്പ് അവർ നൽകിയ മുംബൈയിലെ കമ്പനി അഡ്രസ് സജി ഭദ്രമായി പോക്കറ്റിലിട്ടു. കമ്പനിക്കാർ ഇതെല്ലാം മറന്നെങ്കിലും സജി മറന്നില്ല. അന്നു മനസിൽ മുളച്ചതാണ് സ്വന്തമായൊരു വിമാനം എന്ന സ്വപ്‌നം.

കാലം മുന്നോട്ടുപോയപ്പോൾ സജി ടിവി മെക്കാനിക്കായി. ഒരു ഐടിഐയിൽ നിന്നും പോളി ടെക്‌നിക്കൽ നിന്നും പഠിച്ചിറങ്ങിയതല്ല. വീട്ടിൽ ഇരുന്നു ടിവിയുടെ സാങ്കേതികവിദ്യ പഠിച്ചുമനസിലാക്കി. മെക്കാനിക്കൽ രംഗത്ത് സജി ശക്തനാണ്. ഡിഷ് ആന്റിന ഉണ്ടാക്കി കൊടുത്തും ചാനലുകൾ തയാറാക്കി നൽകിയും സജി ജീവിക്കുകയായിരുന്നു.

കൈയിലുണ്ടായിരുന്ന വിസിറ്റിംഗ് കാർഡുമായി സജി ഒരു ദിവസം മുംബൈയ്ക്കു തീവണ്ടികയറി. കമ്പനി തേടിപ്പിടിച്ച് അവിടെ എത്തിയപ്പോൾ അവർക്കും അത്ഭുതം. സജിയുടെ താത്പര്യം കണക്കിലെടുത്ത് കമ്പനിയിൽ വിവിധ നിർമാണപ്രവർത്തനങ്ങൾ കാണിച്ചു കൊടുത്തു. ഹെലികോപ്ടറിന്റെ നിർമാണരീതികളെല്ലാം സജിക്ക് അത്ഭുതമായി. മടങ്ങിപ്പോരുമ്പോൾ സജി മനസിൽ കുറിച്ചു. ഹെലികോപ്ടർ നിർമിക്കും. നാട്ടിലെത്തി നിർമാണം ആരംഭിച്ചു.

തിരികെ നാട്ടിൽ എത്തി വീടിനു മുന്നിൽ സ്വന്തമായി വിമാന നിർമാണം തുടങ്ങി. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിക്ക് വിമാനത്തിന്റെ മാതൃക അയച്ചു കൊടുത്തു. സജി നിർമ്മിക്കുന്ന ഹെലികോപ്ടറിന്റെ മാതൃകയെപ്പറ്റി അറിഞ്ഞ് രാജീവ് ഗാന്ധി സജിയെ പ്രോത്സാഹിപ്പിച്ചു  മറുപടി അയച്ചു.

വൈകാതെ സംഭവിച്ച രാജീവ് വധം സജിയെ വല്ലാതെ ഉലച്ചു. കുറെ നാൾ സജിക്കു മൗനമായിരുന്നു. രാജീവ് ഗാന്ധിയെ അത്രമാത്രം ഈ യുവാവ് ഇഷ്ടപ്പെട്ടിരുന്നു. വർഷങ്ങൾക്കു ശേഷം ബൈക്കിന്റെ എൻജിൻ ഉപയോഗിച്ച് ഉണ്ടാക്കിയ വിമാനം 2005 ൽ തൊടുപുഴ കാർഷിക മേളയിൽ പ്രദർശിപ്പിച്ചു. കാർഷിക മേളയിലെത്തിയ മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാം സജിയെ അഭിനന്ദിച്ചു.

അഹമ്മദാബാദിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കണന്നെ് നിർദേശിച്ചു. അഹമ്മദാബാദിലെ പ്രദർശനത്തിൽ സൃഷ്ടി സമ്മാൻ ദേശീയ പുരസ്‌കാരവും സജിക്കു ലഭിച്ചു. പറക്കാൻ ശേഷിയില്ലാതിരുന്ന ആദ്യ വിമാനം മറ്റക്കരയിലെ വിശ്വേശരയ്യ എൻജിനീയറിംഗ് കോളജ് വിലയ്ക്കു വാങ്ങി. കുറെക്കാലം അവിടുത്തെ വിദ്യാർഥികളെ വിമാനത്തിന്റെ സാങ്കേതികവിദ്യ പരിചയപ്പെടുത്തുന്ന ജോലിയായിരുന്നു സജിക്ക്.

ഗുരു എസ്.കെ.ജെ നായർ ലോകം മുഴുവൻ പറന്നു നടക്കാൻ ആഗ്രഹിച്ച വൈമാനികനായിരുന്നു. അദ്ദേഹത്തെ കുറിച്ച് ഇംഗ്ലീഷ് പത്രത്തിൽ വന്ന റിപ്പോർട്ടാണ് സജിയെ അദേഹത്തിലേക്ക് ആകർഷിച്ചത്. സജി അദേഹത്തിനു കത്തെഴുതി. തന്റെ ആഗ്രഹമെല്ലാം നീണ്ട കത്തിൽ പ്രതിപാദിച്ചിരുന്നു. അന്നു തിരുവനന്തപുരത്തായിരുന്നു അദേഹം. സജിയോട് തിരുവനന്തപുരത്തേക്ക് വരാൻ ആവശ്യപ്പെട്ടു. സജി തിരുവനന്തപുരത്തു എത്തി അദേഹത്തെ സന്ദർശിച്ചു. അദേഹവുമായിട്ടുള്ള ആത്മബന്ധം മനസിനു കരുത്തായി മാറുകയായിരുന്നു. സജിയുടെ സ്വപ്നം സാക്ഷ്‌കരിക്കാൻ  അദ്ദേഹം ഉറച്ചു നിന്നു.

ഇതോടൊപ്പം സജിക്കു തിരുവനന്തപുരത്ത് എൻജിനിയറിംഗ് ജോലിയും അദേഹം ശരിയാക്കി നൽകി. അതൊരു വരുമാനമാർഗം കൂടിയായി. വിമാനത്തിന്റെ നിർമാണത്തിലെ ഓരോ ഘട്ടത്തിലും എസ്.കെ.ജെ. നായർ ഉപദേശവുമായി കൂടെയുണ്ടായിരുന്നു. ഇന്റർനെറ്റിലൂടെയായിരുന്നു ആശയവിനിമയം. എന്നും രാവിലെയും വൈകുന്നേരവും ഗുരുവുമായി ബന്ധപ്പെടാതെ ശിഷ്യനും മുന്നോട്ടുള്ള യാത്രയില്ല. റൺവേയിലൂടെ വേഗത്തിലോടി തറനിരപ്പിൽ നിന്നു പൊങ്ങിയ വിമാനത്തിന് ഇനിയും ഏറെദൂരം പറക്കാൻ കഴിയുമെന്നാണ് എസ്.കെ.ജെ. നായർ സാക്ഷ്യപ്പെടുത്തുന്നത്. സജിയുടെ വിമാനത്തിന്റെ പരീക്ഷണപ്പറക്കലിൽ പൂർണതൃപ്തനാണ് ഈ വൈമാനികൻ.

പറക്കാൻ ശേഷിയുള്ള ഒരു വിമാനം നിർമിക്കണമെന്ന സ്വപ്നം മാത്രം നിലനിന്നു. ഹെലികോപ്ടർ വിറ്റപ്പോൾ കിട്ടിയ പണം മാത്രം കൂടെയുണ്ടായിരുന്നു. പണ്ടത്തെ പോലെ വീടിനോടു ചേർന്നു പ്ലാസ്റ്റിക് ഷീറ്റു മൂടിയ വർക്ക്‌ഷോപ്പിലിരുന്നു സജി വിമാന നിർമാണം തുടർന്നു. ഭാര്യ മരിയയും മകൻ ജോഷ്വയായുമായിരുന്നു സഹായികൾ. ആശയവിനിയമത്തിൽ മരിയ ആണ് സഹായി.

ബംഗലുരുവിലെയും കോയമ്പത്തൂരിലെയും കമ്പനികളിൽ നിന്നും യന്ത്രഭാഗങ്ങൾ വരുത്തിക്കും. ഇടയ്ക്ക് തനിയെ ബാംഗലുരുവിലേക്ക് പോകും. ആരെയും കൂടെ കൂട്ടില്ല. മഹാഗണി മരം വാങ്ങി അറത്ത് മുറിച്ചു പാളികളാക്കി നാലു പാളികൾ ഒന്നിച്ചു ചേർത്തു ഒട്ടിച്ചു മിനുക്കിയാണ് വിമാനത്തിന്റെ ലീഫുകൾ തയാറാക്കിയത്. . പണി തീർപ്പോഴേക്കും 10 ലക്ഷം രൂപ ചെലവായി. 265 കിലോ തൂക്കമുള്ള ഈ വിമാനത്തിനു ടേക്ക് ഓഫ് ചെയ്യാനും ലാൻഡ് ചെയ്യാനും ഒരു കിലോമീറ്റർ നീളമുള്ള റൺവേ വേണം. അതിനാലാണു എസ്.കെ.ജെ. നായർ തമിഴ്‌നാട്ടിൽ നടത്തുന്ന ഏവിയേഷൻ അക്കാദമി പരീക്ഷണപ്പറക്കലിനു തെരഞ്ഞെടുത്തത്.

ലോറിയിൽ വിമാനം കയറ്റി, പിന്നാലെ ഓട്ടോറിക്ഷയിൽ സജിയും കുടുംബവും തമിഴ്‌നാട്ടിലേക്ക് പോയി. അവിടെ പരീക്ഷണപറക്കൽ നടന്നു. ഇരട്ട സീറ്റുള്ള വിമാനത്തിൽ കയറി എൻജിൻ സ്റ്റാർട്ട് ചെയ്തപ്പോൾ എസ്.കെ.ജെ നായരുടെ കണ്ണുകൾ നിറഞ്ഞു. പ്രിയ ശിഷ്യനെ കെട്ടിപ്പിടിച്ചു നെറുകയിൽ ഒരു ചുംബനം നൽകി അനുഗ്രഹവർഷം ചൊരിഞ്ഞു. കേന്ദ്ര അനുമതികൾ ലഭിച്ചാൽ സജി നമ്മുക്ക് മുകളിലൂടെ പറന്നു നടക്കും, സ്വന്തം വിമാനത്തിൽ.

ലിബിൻ തോമസ്