ഗീതാ ഗോപിനാഥിനും വി ടി വിനോദിനും പ്രവാസി ഭാരതീയ പുരസ്‌കാരം

Posted on: January 24, 2019


വാരാണസി : ഈ വര്‍ഷത്തെ പ്രവാസി ഭാരതീയ് ദിവസ് പുരസ്‌ക്കാരങ്ങള്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച 30 പ്രവാസി ഇന്ത്യക്കാര്‍ക്ക് രാഷ്ട്രപതി സമ്മാനിച്ചു. അന്താരാഷ്ട്ര നാണ്യനിധിയിലെ (ഐ എം എഫ്) മുഖ്യ സാമ്പത്തിക വിദഗ്ധ ഗീതാ ഗോപിനാഥ്, ഒമാനിലെ പ്രമുഖ വ്യവസായി വി ടി വിനോദന്‍ എന്നീ മലയാളികള്‍ ഈ ബഹുമതിക്ക് അര്‍ഹരായവരിലുള്‍പ്പെടുന്നു.

ഹാര്‍വാഡ് യൂണിവേഴ്‌സിറ്റി പ്രഫസറായ ഗീതാ ഗോപിനാഥ് കേരള മുഖ്യമന്ത്രിയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ വ്യവസായശൃംഖല കെട്ടിപ്പടുത്ത വി ടി വിനോദന്‍ ഒമാന്‍ ആസ്ഥാനമായുള്ള ബദര്‍ അല്‍ സമാഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സ്, മാര്‍സ് ഹൈപ്പര്‍ മാര്‍ക്കറ്റ് എന്നിവയുടെ മാനേജിംഗ് ഡയറക്ടറാണ്. ഒമാന് പുറമേ യു എ ഇ, ബഹ്‌റിന്‍, ഖത്തര്‍, കുവൈത്ത് തുടങ്ങി ഒട്ടേറെ രാജ്യങ്ങളില്‍ വ്യവസായ ശൃംഖലകളുടെ ഉടമയാണ്. നാല് പതിറ്റാണ്ടോളമായി ഗള്‍ഫ് മേഖലയിലെ വ്യവസായ ലോകത്ത് സജീവമായ അദേഹം കോഴിക്കോട് പേരാമ്പ്ര സ്വദേശിയാണ്. പുരസ്‌ക്കാരലബ്ദിയില്‍ ഏറെ അഭിമാനമുണ്ടെന്നും കേരളത്തില്‍ ഉള്‍പ്പെടെ ഇന്ത്യന്‍ വ്യവസായ മേഖലയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ക്ക് തുടക്കമിടാന്‍ പോകുകയാണെന്നും വിനോദന്‍ പറഞ്ഞു. ഗീതാ ഗോപിനാഥ് ചടങ്ങിനെത്തിയില്ല.

രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തത്. ചടങ്ങില്‍ മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാര്‍, ജഗനാഥ്, ഗവര്‍ണര്‍ രാം നായിക്, കേന്ദ്ര മന്ത്രിമാരായ സുഷമ സ്വരാജ്, ജനറല്‍ വി കെ സിംഗ്, യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.